പൈതൃക സാഹിത്യത്തിന് വിശ്വവിശ്രുതിയുടെ മാനമേകിയ കവി ശ്രേഷ്ഠനാണ് അശ്വഘോഷന്‍. അയോധ്യയില്‍ സുവര്ണാക്ഷിയുടെ മകനായി പിറന്ന മഹാപ്രതിഭയുടെ യഥാര്‍ഥ നാമധേയം അജ്ഞാതമാണ്. ആര്യശൂരന്‍, മാതൃചേടന്‍ എന്നീ പേരുകളും കവിക്ക് ഉണ്ടായിരുന്നതായി പണ്ഡിതമതമുണ്ട്. തത്ത്വചിന്തയിലും ചരിത്ര വിഷയങ്ങളിലും പൈതൃക സംസ്കൃതിയിലും ജ്ഞാനം നേടിയ അശ്വഘോഷന്‍, ബുദ്ധമത പ്രചാരകനായ പാര്‍ശ്വദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. ബൗദ്ധദര്‍ശനത്തിന്റെ വെളിച്ചത്തിലും വെളിപാടിലുമായിരുന്നു പിന്നീട് കവിയുടെ ജീവിത പ്രയാണം.
മഗധരാജ്യം പിടിച്ചെടുത്ത ചക്രവര്‍ത്തി കനിഷ്കന്‍, പണ്ഡിതകവിയായ അശ്വഘോഷനെ കൊട്ടാരത്തില്‍ സ്വീകരിച്ചു. മഹാകാവ്യങ്ങളുടെയും നാടകങ്ങളുടെയും ആ വസന്ത ഋതുവില്‍ പിറന്ന മഹാകാവ്യങ്ങളാണ് ‘ബുദ്ധചരിതവും സൗന്ദര്യനന്ദവും. ശാരിപുത്ര പ്രകരണം രൂപകമാണ്. അശ്വരഘോഷന്റേതായി നിര്‍ണ്ണയം ചെയ്ത മുഖ്യകൃതികളാണിവ. ജ്രസൂചി, ഗണ്ഡീസ്തോത്രം, സൂത്രാലങ്കാരം എന്നീ രചനകള്‍ അശ്വഘോഷന്റേതായി കരുതുന്ന ഗവേഷകരുമുണ്ട്. വിഖ്യാതമായ ബുദ്ധചരിതം, മഹാകാവ്യ ലക്ഷണ സമ്പൂര്‍ണമായ പ്രകൃഷ്ടഗ്രന്ഥമായി അംഗീകരിക്കപ്പെടുന്നു. കാവ്യത്തിന്റെ മൂലം അര്‍ധഭാഗം മാത്രമേ വീണ്ടെടുത്തിട്ടുള്ളൂ. തിബറ്റന്‍ ഭാഷയിലും ചീനഭാഷയിലുമുള്ള തര്‍ജമയിലും ഈ കാവ്യം പൂര്‍ണമാകുന്നു. കഥാഗതിയനുസരിച്ച് നാലുഭാഗങ്ങ
ളായി ഉള്‍പ്പിരിയുന്ന കാവ്യത്തില്‍ ഓരോ ഭാഗവും ഏഴുസര്ഗങ്ങള് ഉള്‍ക്കൊള്ളുന്നു. ബുദ്ധന്റെ ജനനം മുതല്‍ പരിനിര്‍വാണം വരെയുള്ള സംഭവപരമ്പരകളാണ് സൂക്ഷ്മവും ലാവണ്യാത്മകവുമായ രൂപഭാവശില്പ്പത്തില് കാവ്യസാക്ഷാത്ക്കാരം നേടുന്നത്. വിശ്വവശ്യമായ ബൗദ്ധദര്‍ശനത്തിന്റെ സത്യാത്മകമായ ച്രചരണമാണ് കാവ്യലക്ഷ്യമെന്ന് കവി രേഖപ്പെടുത്തുന്നു.
‘സൗന്ദരനന്ദം’ മഹാകാവ്യം പതിനെട്ടു സര്‍ഗങ്ങളില്‍ വര്‍ണിക്കുക ബുദ്ധന് ബോധോദയ വിഭൂതി എണ്ണമറ്റ ജനപദങ്ങളിലേക്ക് ശാന്തിമാര്‍ഗമായി പകര്‍ന്നു കൊടുത്ത ഐതിഹാസിക കഥയാണ്. ബുദ്ധന്റെ അര്ധസോദരന് നന്ദനും സുന്ദരിയുമായുള്ള പ്രണയവും ഒടുക്കം ഒരു ഭിക്ഷുവായി ജീവിക്കാന്‍ നന്ദന് ബുദ്ധനേകുന്ന പ്രേരണയും തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളുടേയും അപൂര്‍വമായ ആവിഷ്കാരമാണിത്.
നിര്‍വാണത്തിന്റെ പൂര്‍ണാര്‍ഥം ബുദ്ധന്റെ ചിന്താപഥങ്ങളില്‍ പൂത്തുലയുന്ന അലൗകികാനുഭൂതി ചിത്രത്താല്‍ ബുദ്ധചരിതത്തേക്കാള് സമ്പുഷ്ടമാണീ രചനയെന്ന് ആഘോഷിക്കപ്പെടുന്നു. ഇരുകാവ്യങ്ങളും ബുദ്ധന്റെ പരിപാവനമായ ജീവനവഴികള്‍ വരച്ചെടുക്കുന്നു. തഥാഗത സന്ദേശങ്ങളും തത്ത്വചിന്താ പദ്ധതിയും സ്വയം വെളിച്ചമാകുന്ന ജ്ഞാനബിന്ദുക്കളും അശ്വഘോഷന്റെ ലാവണ്യാത്മകമായ ഭാഷയിലും ഉജ്ജ്വലമായ ശൈലിയിലും രൂപപ്പെടുകയാണ്.
ഒമ്പത് അങ്കങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാരിപുത്ര പ്രകരണം എന്ന രൂപകം അപൂര്‍ണ്ണ രൂപത്തിലാണ് കണ്ടെടുത്തിട്ടുള്ളത്. ശാരിപുത്രന്റെയും മൗദ്ഗല്യായനന്റെയും മതസംബന്ധിയായ നിരീക്ഷണങ്ങള്‍ ചിത്രീകരിക്കുകയാണ് കൃതിയില്‍. ബൗദ്ധദര്‍ശന സാരത്തിന്റെ അതുല്യമായ ആഖ്യാനസ്രോതസ്സാണ് അശ്വഘോഷന്റെ ഗ്രന്ഥങ്ങള്‍. വാല്മീകി രാമായണസംസ്കാരം ആദരാതിരേകത്തോടെ മഹാകവിയില്‍ ഉദിച്ചു നില്ക്കുന്നു. ഏതാണ്ട് അഞ്ചാം നൂറ്റാണ്ടുകാരനെന്ന് കരുതുന്ന കാളിദാസന്റെ ആശയങ്ങളും കാവ്യഭാഷാശൈലിയും ചിത്രീകരണ വിദ്യാ സാമഗ്രികളുമായി അശ്വഘോഷന്‍ ഏറെ സാമ്യം കാണുന്നതായി നിരീക്ഷിക്കപ്പെടുന്നു. കവിയുടെ കാലഗണനാ നിര്‍ണയത്തിന് ഇക്കാര്യം ഒരര്‍ഥത്തില്‍ ഉപയോഗിക്കാമെങ്കിലും ആരാണ് മുന്‍ഗാമിയെന്നത് തര്‍ക്ക വിഷയമാണ്.
ഉദാത്തമായ കാവ്യവും നാടകവും അതിന്റെ കാലാതീത മുദ്രയില്‍ പ്രതിഷ്ഠിക്കാനുള്ള രചനാ തന്ത്രവും കലാസംസ്കൃതിയും അശ്വഘോഷന്റെ പ്രതിഭയില്‍ അപൂര്വലാവണ്യ വര്‍ണം പകരുന്നു. ആത്മീയതയുടെ ചാരുതയാവഹിക്കുന്ന വര്ണനൂലിലാണ് ആ സൃഷ്ടിയുടെ മുത്തുകള്‍ കോര്‍ത്തെടുക്കുന്നത്. അശ്വഘോഷന്റെ മഹാശബ്ദം വിശ്വദീപമായ തഥാഗതന്റെ കാരുണ്യ സന്ദേശം തന്നെ. ആര്‍ദ്രമായ ഈ മൂല്യനിധി ഭാരതീയമായ മനുഷ്യസങ്കല്‍പ്പത്തിന്റെ ആമുഖമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: