കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ തോന്നിയ നിരക്കാണ് വാങ്ങുന്നതെന്ന പരാതികള്‍ ഏറുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ്. പക്ഷേ, ഇവിടെ കിടക്ക കിട്ടാതെ സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാല്‍ ലക്ഷങ്ങളാണ് ചെലവ്.
ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. ചിലയിടത്ത് മുന്‍കൂര്‍ പണം കെട്ടിവയ്ക്കണമെന്ന നിബന്ധനയുമുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കാതെ, സിംഗിംള്‍ റൂമില്‍ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ പോലും പ്രതിദിനം ശരാശരി 10,000 രൂപയോളം ചെലവ് വരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപയാണ്. ചിറ്റൂര്‍ വടുതല സ്വദേശിയെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്പതിനായിരം രൂപ ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെയാണ് രോഗിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായത്. കൊവിഡ് ചികത്സയ്ക്കായി സര്‍ക്കാര്‍ പട്ടികയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ഈ കഴുത്തറപ്പന്‍ നടപടി.
പിപിഇ കിറ്റിന് മാത്രം 10,416 രൂപയാണ് ആശുപത്രി ഈടാക്കിയത്. ഒരു രാത്രി നല്കിയ കഞ്ഞിക്ക് 1380 രൂപയും ഡോളോയ്ക്ക് 24 രൂപയും വാങ്ങി. ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ ആശുപത്രി അധികൃതര്‍ മുഴുവന്‍ പണവും ഇവര്‍ക്ക് തിരികെ നല്കി.
കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്നുവെന്ന പരാതി നിരന്തരമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചികിത്സാ നിരക്ക് ഏകീകരിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയാറായില്ല. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷന് നിലപാട്. കൊവിഡ് അവസരമായി കണ്ട് മിക്ക സ്വകാര്യ ആശുപത്രികളും അമിത നിരക്കാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: