ഗോക്കളെ മാതാവായി കരുതി പൂജിക്കുന്നത് ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഗോക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദു ധര്‍മത്തിന്റെ അടിസ്ഥാന ഘടകവും. ഗോമാതാവായി പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കാമധേനു സര്‍വാഭീഷ്ടങ്ങളും നല്കി അനുഗ്രഹിക്കുന്ന പശുവെന്നാണ് സങ്കല്‍പ്പം.
പൗരാണിക കാലത്തെ അതേ വിശ്വാസാചാരങ്ങളോടെയാണ് ഹൈന്ദവര്‍ ഇന്നും ഗോക്കളെ ആരാധിച്ചു വരുന്നത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഇത് ജീവിതചര്യയുടെ ഭാഗമെന്നു തന്നെ പറയാം. തെരുവില്‍ അലയുന്ന പശുക്കളെ പോലും ഭക്ത്യാദരങ്ങളോടെ അവര്‍ തൊട്ടു തൊഴുന്നു. ആരതിയുഴിയുന്നു. എല്ലാ ദേവതകളുടെയും സാന്നിധ്യമുണ്ട് പശുവിന്റെ ഉടലില്‍ എന്നതു തന്നെ കാരണം.
കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും, ശൃംഗമധ്യത്തില് ബ്രഹ്മാവ്, അശ്വനീദേവകള്‍ ചെവിയില്‍, നെറ്റിയില്‍ മഹാദേവന്, സൂര്യചന്ദ്രന്മാര് കണ്ണുകളില്‍, പല്ലില്‍ മരുത്തുക്കള്, നാക്കില്‍ സരസ്വതി, ചര്‍മ്മത്തില്‍ പ്രജാപതി, നിശ്വാസത്തില്‍ ചതുര്‍വേദങ്ങളും ആറു വേദാംഗങ്ങളും, ചുണ്ടില്‍ വസുക്കള്‍, വായില്‍ അഗ്നി, കണ്ഠത്തില് ശ്രീപാര്‍വതി, കക്ഷത്തില്‍ സാധുദേവതകള്‍, മുതുകില്‍ നക്ഷത്രങ്ങള്‍, ഗോമൂത്രത്തില്‍ ഗംഗ, ചാണകത്തില്‍ ലക്ഷ്മി എന്നിങ്ങനെ നീളുന്നു ഗോക്കളിലെ ഈശ്വര ചൈതന്യം.
പൂജാദ്രവ്യങ്ങളില്‍ അമൂല്യമായി കരുതുന്ന പഞ്ചഗവ്യം ഉണ്ടാക്കുന്നത് പശുവിന്റെ പാല്, നെയ്യ്, തൈര്, ചാണകം, മൂത്രം എന്നിവ ചേര്‍ത്താണ്. അതില്‍ പാലിനാണ് ഏറെ പ്രാധാന്യം. അഭിഷേകത്തിനും പാല് ആവശ്യമാണല്ലോ. ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മത്തിന് തിലകധാരണത്തില് പവിത്രമായ സ്ഥാനമുണ്ട്.
മുന്‍കാലങ്ങളില്‍ വീടുകളുടെ തറ മെഴുകിയിരുന്നത് ചാണകം കൊണ്ടാണ്. അശുദ്ധി മാറാന്‍ ചാണകവെള്ളം തളിക്കുന്ന പതിവാകട്ടെ ഇപ്പോഴുമുണ്ട്. പശുക്കളെ ഒരു രാവും പകലും കെട്ടിയിട്ടാല്‍ ആ ഭൂമിയിലെ അഥവാ നിശ്ചിതസ്ഥലത്തെ ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം.
ലക്ഷണങ്ങളെല്ലാം തികഞ്ഞ പശുക്കളെ വീടുകളില്‍ വളര്‍ത്തുന്നത് ഐശ്വര്യപ്രദമാണ്. അശുഭ ലക്ഷണമുള്ള പശുക്കളെ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. ഗോക്കളെ പൂജിക്കാം. പക്ഷേ ഒരിക്കലും ഹിംസിക്കരുത്.
പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളായ ഉത്സവങ്ങളിലുമുയ് പശുക്കള്‍ക്ക് തനതായൊരു സ്ഥാനം. തമിഴകത്തിന്റെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് മാട്ടുപൊങ്കല്‍. നിലമുഴുന്ന കാളയ്ക്കൊപ്പം ഉപജീവനത്തിന് സഹായിക്കുന്ന പശുക്കളെയും അണിയിച്ചൊരുക്കുന്നു. കുളിപ്പിച്ചൊരുക്കി മാലയണിയിച്ചും പൊട്ടു തൊടീച്ചും അലങ്കരിച്ച ശേഷം പൊങ്കല്‍ നല്കി, നാടുചുറ്റിക്കാണിക്കാനായി വീട്ടുകാര്‍ അവയെ കൊണ്ടുപോകുന്നത് കമനീയമായൊരു കാഴ്ചയാണ്.
ഗോമാതാവിനെ സ്തുതിക്കുന്ന ഒരു ശ്ലോകം കാണുക:
ഗാവോ മേ ജാഗ്രതഃ സന്തു
ഗാവോ മേ സന്തു പൃഷ്ടതഃ
ഗാവോ മേ ഹൃദയേ സന്തു
ഗവാം മധ്യേ വാസാമ്യഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: