തൃശൂര്‍:കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി.കഴിഞ്ഞ ദിവസവും ഇവിടെ പാമ്പിനെ കണ്ടെത്തിയിരുന്നു.
വീട്ടില്‍ നിന്ന് ഇതുവരെ നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് നാലു തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
അതിനിടെ, മരിച്ച ആല്‍ജോയുടെ സഹോദരന്‍,അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.കുട്ടി അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീയിട്ടിരുന്നു. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. വീട്ടില്‍ കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരന്‍ ആല്‍ജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.















