ഭോപ്പാലില്‍ നിന്ന് നാഗ്പ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ആര്‍ക്കിയോളജിസ്റ്റ് വി.എസ്. വക്കാന്കര്. 1957 മാര്‍ച്ചിലെ ഒരു ട്രെയിന്‍ യാത്ര. ജാലകക്കാഴ്ചകള്‍ വിന്ധ്യന്റെ താഴ്വരയിലെ കുന്നുകളിലുടക്കി. . അസാധാരണ രൂപവിശേഷങ്ങളുമായി ഒരു കൂട്ടം കുന്നുകള്‍. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി വക്കാന്കര് ആ കുന്നുകളനേ്വഷിച്ചു പോയി. അന്വേഷണം ചെന്നെത്തിയത് 15,000 വര്‍ഷം മുമ്പുള്ള മനുഷ്യസംസ്കൃതിയുടെ ശേഷിപ്പുകളിലേക്കാണ്. ഏഴു കുന്നുകളും അവയില്‍ 750 ലേറെ ഗുഹാസങ്കേതങ്ങളും. ഗുഹകളുടെ ഭിത്തിയിലത്രയും ചരിത്രാതീത കാലത്തെ അടയാളപ്പെടുത്തിയ വര്‍ണചിത്രങ്ങള്‍.
ഭീമന്റെ ഇരിപ്പിടം
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരമുണ്ട് വിന്ധ്യന്റെ ഈ താവഴ്വരയിലേക്ക്. ലോകപൈതൃപ്പട്ടികയില് ഇടം തേടിയെങ്കിലും ഇവിടേക്കുള്ള യാത്ര ഏറെ ദുഷ്കരമാണ്. കാടും ദുര്‍ഘടമായ പാറക്കെട്ടുകളും കടന്നെത്തുക എളുപ്പമല്ല.
കൂട്ടത്തിലൊരു കുന്നും അതിലെ ഗുഹാ സമുച്ചയങ്ങളും ‘ഭീം ബൈഠക’ എന്നാണ് അറിയപ്പെടുന്നത്. ചരിത്രാന്വേഷികളുള്പ്പെടെയുള്ള യാത്രികര്‍ അധികവുമെത്തുന്നത് ഇവിടേക്കാണ്. കുന്നുകളോടു ചേര്‍ന്നുള്ള 21 ഗ്രാമങ്ങളിലെ ഗോത്ര ജീവിതത്തിന്റെ വേരുകള്‍ ഭീം ബൈഠകയിലെ ഗുഹാചിത്രങ്ങളില്‍ ദൃശ്യമാണ്.
അരക്കില്ലം വിട്ടോടിയ പാണ്ഡവര്‍ ദേശാടനത്തിനിടെ തങ്ങിയ കുന്നുകളിലൊന്നത്രേ ഭീം ബൈഠക എന്ന ‘ഭീമന്റെ ഇരിപ്പിടം’. ഭീമന് ഈ കുന്നിനു മുകളില്‍ കയറിയിരുന്നാണ് വിശ്രമിച്ചിരുന്നത്. ഗ്രാമീണരോട് സംവദിച്ചിരുന്നതും അവിടെയിരുന്നാണ് . ഭീമന്റെ സാന്നിധ്യം ഇപ്പോഴും ആ കുന്നുകളില്‍ ഉണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം.
പത്തു കിലോമീറ്ററോളം ചുറ്റളവിലാണ് ഭീം ബൈഠക സംരക്ഷിച്ചു പോരുന്നത്.
മാറ്റത്തിന്റെ വര്‍ണ ചിത്രങ്ങള്‍
മൂര്‍ച്ചകൂട്ടിയ കല്ലു മുതല്‍ ആയുധമായി അമ്പും വില്ലും ഉപയോഗിച്ചു തുടങ്ങിയതു വരെയുള്ള മനുഷ്യന്റെ കാലികമായ മാറ്റത്തിന്റെ ചരിത്രമാണ് ഗുഹാചിത്രങ്ങള്‍ അനാവരണം ചെയ്യുന്നത്. ചിത്രങ്ങളില്‍ പകര്‍ന്ന നിറങ്ങളാകട്ടെ ഇന്നും തെളിമയോടെ നില്ക്കുന്നു. ഇവിടെ നിന്ന് കല്പ്രതിമകളും ഒരുപാട് കണ്ടെടുത്തിട്ടുണ്ട്.
പക്ഷിമൃഗാദികള്‍, യുദ്ധം ചെയ്യുന്ന മനുഷ്യര്‍, അവരുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ഇതിവൃത്തമാകുന്ന ചിത്രങ്ങള്‍ സഹസ്രാബ്ദങ്ങളോളം ഇവിടെ മനുഷ്യവാസവാമുണ്ടായിരുന്നു എന്നതിന് ദൃഷ്ടാന്തമാണ്.
വിന്ധ്യാചലവും ആദിമനുഷ്യരും
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദിമമനുഷ്യന്റെ വാസസ്ഥലമായത് വിന്ധ്യാചലമാണെന്ന് ചരിത്രാന്വേഷകര്‍ അഭിപ്രായപ്പെടുന്നു. ഭീം ബൈഠക ഉള്‍പ്പെടുന്ന പ്രദേശമാണത്. ഇന്ത്യയിലൈ ആദിമ ഗോത്ര വിഭാഗമായ ഗോണ്ടുകളുടെ ആസ്ഥാനവും ഇവിടെയാണ്. ദിനോസറിന്റെ ഫോസിലുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: