ദക്ഷിണഭാരതത്തില്‍ ആത്മീയമായ നവചൈതന്യവും മുന്നേറ്റവും കൊണ്ട് ചരിത്ര സ്മൃതികളില്‍ തിളങ്ങിയ കാലമാണ് അഞ്ചാം നൂറ്റാണ്ടിനും പത്താംനൂറ്റാണ്ടിനുമിടയില് ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠരായ അറുപത്തി മൂന്ന് കവികള്‍ യോഗാത്മകമായ കവന പ്രത്യക്ഷങ്ങളിലൂടെ പ്രകാശം ചൊരിഞ്ഞപ്പോള്‍ തമിഴ്നാടിന്റെ ആത്മാവ് ഉണര്‍ന്നുയര്‍ന്നു.
ശൈവാരാധനയുടെ ശക്തി മന്ത്രങ്ങളാണ് എട്ടാം ശതകത്തില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച അറുപത്തിമൂന്ന് നായനാര്‍മാരുടെ വിശുദ്ധജീവനചരിതം ‘തിരുത്തൊണ്ടര്‍ തൊഗൈ’ ഉള്‍ക്കൊള്ളുന്നു. ശൈവ മഹായോഗികളുടെ ഈ നവോത്ഥാന യാന ജീവനം പതിമൂന്നാം നൂറ്റായിലുണ്ടായ പെരിയ പുരാണത്തിലും കാണാം. ശിവവിഭൂതിയുടെ അനുഭവാമൃതത്തിലൂടെ നായനാര്‍ കവികള്‍ നാടിന്റെ ഹൃദയസംസ്കരണമാണ് ലക്ഷ്യം വച്ചത്.
മാനവൈക്യത്തിലൂടെയും സ്നേഹാനുഭൂതിയിലൂടെയും സമൂഹത്തെ പരിവര്‍ത്തന സജ്ജമാക്കുന്ന ആ പ്രക്രിയയ്ക്ക് നേതൃത്വം കൊടുത്തവരാണ് അപ്പര്‍ എന്നറിയപ്പെട്ട തിരുനാവക്കരശ് നായനാര്‍, തിരുജ്ഞാന സംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവര്‍.
ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.
നടുനാട്ടില്‍ തിരുവാമൂരില്‍ വേളാളര്‍ വംശത്തിലാണ് അദ്ദേഹം ജനിച്ചത്. മദനിയാരും പുകഴനാരുമായിരുന്നു മാതാപിതാക്കള്‍. മരുള്‍ നീക്കിയാര്‍ എന്നാണ് ആദിനാമധേയം. സഹോദരി തിലകവതിയുമൊന്നിച്ച് പാരമ്പര്യവിദ്യയും ആത്മീയചര്യകളും ധാര്മികജ്ഞാനവും നേടിയ മരുള്‍ നീക്കിയാര്‍ അന്തര്‍മുഖനായിരുന്നു. സോദരി തിലകവതിയുടെ പ്രതിശ്രുതവരന് കലിപ്പകയാര് യുദ്ധത്തില്‍ വീര ചരമമടഞ്ഞു. ആഘാതത്തില്‍ തകര്‍ന്നു പോയ തിലകവതി ഭൗതിക സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതം ശിവപാദങ്ങളില്‍ അര്‍പ്പിച്ചു.
അച്ഛനമ്മമാരുടെ വിയോഗശേഷം മരുള്‍ നീക്കിയാര്‍ ജൈനമതം സ്വീകരിച്ച് ധര്‍മസേനന്‍ എന്ന നവ നാമധേയത്തില്‍ ജൈനധര്മപ്രചരണത്തില് മുഴുകി. പുതുവഴിയിലൂടെ ചരിച്ചെങ്കിലും ഒടുവില്‍ ഉദരവ്യാധിയില്‍ ചഞ്ചലചിത്തനായി സഹോദരീ സമീപം മടങ്ങിയെത്തി. ഒരു ദിവസം അദ്ദേഹം തിരുവീരാട്ടനത്ത് മഹാദേവക്ഷേത്രത്തിലെത്തിയപ്പോള് ശിവവിഭൂതിയുടെ മഹിതപ്രത്യയങ്ങള് ഉള്ളിലുണരുകയായി. ആ വിറയാര്‍ന്ന ചുണ്ടില്‍ നമഃശിവായ മന്ത്രത്തോടൊപ്പം വിടര്‍ന്നത് ഒരു തമിഴ് പാമലൈ ആയിരുന്നു. അതിന്റെ അന്ത്യത്തില്‍ ഉദരവ്യാധിയില്‍ നിന്ന് താന്‍ മോചിതനായെന്ന് തിരിച്ചറിഞ്ഞ മരുള്‍ നീക്കിയാര്‍ ശിവസന്നിധിയില്‍ ഒരു തിരുപ്പതികം കൂടി നേദിച്ചു. തേന്മധുരത്തമിഴില് തിരുപ്പതിമാല ഉരുവിട്ടപ്പോള്‍ ഉള്ളലിവില്‍ ഉറഞ്ഞുകൂടിയ ശൈവാനുഗ്രഹത്താല് ‘തിരുനാവക്കരശ്’ എന്ന പേരില്‍ ആ യോഗിവര്യന് പ്രശസ്തനാവുകയായിരുന്നു.
ശൈവസമ്പ്രദായത്തിലേക്ക് തിരിച്ചെത്തിയ തിരുനാവക്കരശിനെതിരെ ജൈനമതാനുയായികള്‍ ഉയര്‍ത്തിയ പ്രതികാര നടപടികളെല്ലാം സമചിത്തതോടെ നേരിടുകയായിരുന്നു ഗുരു. ആ സഞ്ചാര സമാധി വിവിധ ശിവാലയങ്ങളുടെ സന്നിധിയില്‍ ഭക്തിമന്ദാരങ്ങള് വിടര്‍ത്തി. ശീര്‍കാഴി ദര്‍ശനാനന്തരം തിരുനാവക്കരശ് തിരുജ്ഞാന സംബന്ധരുടെ സന്നിധിയിലെത്തി ആത്മസമര്‍പ്പണം ചെയ്യവേ ‘അപ്പനേ’ എന്നാണ് ആനന്ദപരവശനായ തിരുജ്ഞാന സംബന്ധര്‍ അഭിസംബോധന ചെയ്തത്. ‘അടിയേന്‍’ എന്നായിരുന്നു തിരുനാവക്കരശിന്റെ ഗുരുപ്രണാമം. ആ മഹാസമാഗമത്തോടെയാണ് തിരുനാവക്ക് അരശ് ‘അപ്പര്‍’ എന്ന പേരില്‍ വിഖ്യാതനായത്. ഗുരുവര്‍ ഇരുവരും തിരുപ്പതികം നേദിച്ച് മഹാദേവന് സ്തുതി മാല്യമണിയിച്ച് കൃതാര്‍ഥനായി. തിരുജ്ഞാന സംബന്ധരോടൊപ്പം വിഭൂതി പങ്കിട്ട ആത്മീയ നാളുകള്‍ക്ക് ശേഷം അപ്പര്‍ തന്റെ ദിവ്യഗീതികളുമായി ചോഴനാട്ടിലേക്കാണ് പ്രയാണമാരംഭിച്ചത്. ശിവക്ഷേത്രത്തിന്റെ ഭസ്മാനുഭൂതി ഏറ്റു വാങ്ങി തിരുനല്ലൂരിലും തിരുവൈയാറ്റിലും തിരുപ്പൂകലൂരിലും ശിവമഹിമകള് അര്‍പ്പിച്ചും കൈലാസേശ്വരന്റെ മുക്തി പ്രത്യക്ഷങ്ങള്‍ പ്രചരിപ്പിച്ചും ആ ഭക്തിയാനം തുടര്‍ന്നു. തിരുവിഴിമലൈയും വേദാരണ്യവും സന്ദര്‍ശിച്ച അപ്പരെക്കുറിച്ചുള്ള അതീത പെരുമകളേകുന്ന ഐതിഹ്യങ്ങള്‍ വിസ്മയാവഹമാണ്.
ചെന്നെത്തുന്ന ശിവാലയങ്ങളിലെ മൂര്‍ത്തീ സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി അപ്പര്‍ ആലപിച്ച തിരുപ്പതികങ്ങള്‍ സ്തുതിസുഭഗമായ കൂവള ഹാരങ്ങളായിരുന്നു. ‘തിരുത്താണ്ഡകം’, ‘കുറൈന്തതിരു നേരിശൈ’ പാപനാശപതികം, ആരുവിര് വിത്തം, ദശപുരാണത്തടൈവ് തുടങ്ങിത തിരുവിത്തങ്ങള് ഭക്തിയുടെ നിത്യമധുരമായ സത്യശിവസൗന്ദര്യം വിടര്‍ത്തുന്നു.
നിസ്വനായി നിസ്സംഗതയുടെ നിര്‍വൃതിയില്‍ പൂംപുകാറെന്ന കാവേരി പൂംപട്ടണത്തിലെ ശിവമഹാലയത്തിലാണ് ആ യോഗീശ്വരന് ക്ഷേത്രായനത്തിന്റെ സമാപനം കുറിച്ചത്. ശിവസംസ്കൃതിയുടെ ഓംകാര തിരുവിത്തസമായി അപ്പര്‍ നാദാത്മകനില്‍ വിലയം പ്രാപിച്ചു. ‘ശിവോഹം’ എന്ന പാരമാര്‍ഥിക സത്യത്തിന്റെ മഹിതാംശമായി പൈതൃകധാരയെ പരിപാലിക്കുകയാണ് മഹായോഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: