തിരുവനന്തപുരം : ബന്ധുനിയമന വിഷയത്തില്‍ കെ.ടി. ജലീലിനെ കൈവിട്ട് ഇടത് സര്‍ക്കാര്‍. ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലെന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. നിയമനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഇതുമായി ബന്ധപ്പെട്ട് ലോകായുക്താ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനും നിയമോപദേശം നല്‍കിയിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാമെന്നാണ് എജി നിയമോപദേശം നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കിയത്. എന്നാല്‍ കോടതിയെ സമീപിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രി തന്നെ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറഞ്ഞിരുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് എജി പറഞ്ഞത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ.ടി. ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ജലീല്‍ മന്ത്രിസ്ഥാനം രാജി വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: