വര്‍ധമാന്‍: ബംഗാളില്‍ അധികാരം നേടാന്‍ പത്തു വര്‍ഷം മുമ്പ് മമത ബാനര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ മറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ, മാതൃരാജ്യം, ജനങ്ങള്‍ (മാ മതി മനുഷ്) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മമത അധികാരത്തില്‍ വന്നത്. പത്തു വര്‍ഷം ഭരിച്ചു. ഇപ്പോള്‍ അതെക്കുറിച്ചൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം മോദി മോദി മോദി എന്നു മാത്രമാണ് പറയുന്നത്, വര്‍ധമാനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്കു വോട്ടു ചെയ്യുന്നവരെ ഞങ്ങള്‍ പുറത്താക്കും എന്ന് മമതയുടെ പ്രധാന അടുപ്പക്കാര്‍ പറയുന്നു. ഈ ധാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കുമോ? ഇതാണോ ജനാധിപത്യം? മോദി ചോദിച്ചു. ദീദിക്ക് ദേഷ്യം തീര്‍ക്കണമെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ എന്തിനാണ് ജനങ്ങളോടെ കയര്‍ക്കുന്നത്? ബംഗാള്‍ ജനതയുടെ അഭിമാനത്തേയും പാരമ്പര്യത്തേയും പരിഹസിക്കരുത്. ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ പണം കൊണ്ടും അടുപ്പക്കാരുടെ കരുത്തുകൊണ്ടും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍ ജനത സമ്പൂര്‍ണ പരിവര്‍ത്തനം ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ദീദിയുടെ കോപവും അസ്വസ്ഥതയും കൂടിവരുന്നുണ്ടെന്ന് മോദി പറഞ്ഞു. നാലു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാവാം അത്. മരുമകന് അധികാരം കൈമാറാനായിരുന്നു മമതയുടെ പദ്ധതി. ബംഗാള്‍ ജനത അത് തിരിച്ചറിഞ്ഞു. മമതയുടെ കൂടെ നില്‍ക്കുന്നവര്‍ ബംഗാളിലെ പിന്നാക്കക്കാരെ പിച്ചക്കാരെന്നാണ് വിളിച്ചത്. ഇത്തരം വാക്കുകളോട് ബാബാ സാഹെബ് അംബേദ്ക്കറിന്റെ ആത്മാവ് പൊറുക്കുമോ? രാജകീയ ബംഗാള്‍ കടുവ എന്നു സ്വയം വിശേഷിപ്പിക്കുന്ന ദീദിയുടെ അനുവാദമില്ലാതെ അടുപ്പക്കാര്‍ പിന്നാക്കക്കാരെ ഇങ്ങനെ അപമാനിക്കുമോ? രണ്ടു ദിവസം മുമ്പ് ബംഗാളിലേക്ക് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ അടിച്ചു കൊന്നു. മകന്റെ മൃതദേഹം കണ്ട അശ്വിനിയുടെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ആ അമ്മ നിങ്ങളുടേയും അമ്മയല്ലേ ദീദി? തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശോഭ മജുംദാര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തക കൊല്ലപ്പെട്ടു. തൃണമൂല്‍ അക്രമികള്‍ ശോഭയെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ എങ്ങനെ മറക്കും? മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: