ചിലര്‍ അങ്ങനെയാണ്, ചെറിയ സാന്നിധ്യം പോലും അസാമാന്യ അനുഭൂതി പകരും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആ അനുഭൂതി അടുത്തറിഞ്ഞ കര്‍മ്മ മണ്ഡലമാണ്. കഴിഞ്ഞ ഒന്നരയാഴ്ചയായി തിരൂരിന്റെ രാഷ്‌ട്രീയ ഭൂപടവും അതേ അനുഭൂതിയിലൂടെ കടന്നു പോകുന്നു. അറിവിന്റെ തുറന്ന വെളിച്ചം പോലെ. ആ വെളിച്ചത്തെ മുറുകെ പിടിക്കുകയാണ് തിരൂരിലെ ജനത, തിരൂരിന് സലാമെന്ന ആപ്തവാക്യവുമായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായ അബ്ദുള്‍ സലാമിന് ഇത് ആശ്ചര്യത്തിന്റെ ലോകമാണ്. മോദി വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവര്‍ പുലര്‍ച്ചെ മുതല്‍ ഫോണില്‍ ബന്ധപ്പെടുന്നു. വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു. രാഷ്‌ട്രീയം നോക്കാതെ വികസനത്തിന് വോട്ടു നല്‍കുമെന്ന് ഉറപ്പ് പറയുന്നു. രാവിലെ പര്യടനത്തിനിറങ്ങുന്ന അബ്ദുള്‍ സലാമിന് ഇതേ ആശംസകളും പിന്തുണകളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതിരാവിലെ കോഴിക്കോട്ടേക്കായിരുന്നു ആദ്യ യാത്ര. രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ച നിലവിലെ മിസോറം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ കാണാന്‍. പ്രത്യേക ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയിലെത്തി അനുഗ്രഹം വാങ്ങി. പര്യടനത്തിന്റെ തിരക്കിലായതിനാല്‍ അധികം നിന്നില്ല.
വികസനമാണ് അബ്ദുള്‍ സലാമിന്റെ മുഖ്യ അജണ്ട. ആളു കൂടുന്ന കവലകളിലും ഓട്ടോ സ്റ്റാന്‍ഡുകളിലുമെല്ലാം വികസനത്തിന്റെ പാഠങ്ങളാണ് പറയാനുള്ളത്. അക്ഷരം പഠിക്കുന്ന കുട്ടികളെ അനുസ്മരിപ്പിക്കും വിധം ഒരു തെരുവാകെ ആ വാക്കുകള്‍ക്ക് കാതോര്‍ക്കും. വരാനിരിക്കുന്ന സുന്ദര നാളുകളാണ് എണ്ണിപറയുന്നത്. പറയാന്‍ സലാമും കേള്‍ക്കാന്‍ മാറ്റം ആഗ്രഹിക്കുന്ന ജനതയുമുണ്ടെങ്കില്‍ അവിടെ ഇടത്-വലത് മുന്നണികളുടെ കാഹളങ്ങള്‍ക്ക് എന്ത് വില?

കഞ്ഞിപ്പുര, കരിപ്പോള്‍, വെട്ടിച്ചിറ, പൂളമംഗലം, മാട്ടുമ്മല്‍ മേഖലകളിലെല്ലാം വികസനത്തിന്റെ പാഠങ്ങള്‍ തുടരെ ഉയര്‍ത്തികാട്ടി. മാട്ടുമ്മലിലെ യോഗം കഴിഞ്ഞായിരുന്നു പ്രവര്‍ത്തകരെ ഞെട്ടിച്ച ആ ഫോണ്‍ കോളെത്തിയത്. രാജ്യം കടന്ന് കെനിയയില്‍ നിന്ന്. കെനിയയിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപദേശകനായി എത്താനുള്ള ക്ഷണമായിരുന്നു അത്. തത്ക്കാലം മോദിയുടെ ശിഷ്യനാണെന്നും സ്വരാജ്യം വിട്ട് ഇപ്പോളില്ലെന്നുമുള്ള മറുപടി. മറ്റൊരു ഉത്തരം കൂടി ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് നല്‍കി, ഇത് വെറുമൊരു മത്സരമല്ല. കുറംബത്തൂരായിരുന്നു ഉച്ചയ്‌ക്ക് മുമ്പുള്ള അവസാന പൊതുയോഗം. പലര്‍ക്കും അബ്ദുള്‍ സലാമെന്ന വൈസ് ചാന്‍സിലര്‍ എന്ത് പറയുന്നെന്ന ആശ്ചര്യം.
രാജ്യത്ത് നടക്കുന്ന വികസന പദ്ധതികള്‍ പലതായി വിവരിച്ചു. ഒപ്പം വേറിട്ട മോദിയുടെ രാഷ്‌ട്രീയ ശൈലിയും. ആളുകളിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിടെയും വ്യക്തമായിരുന്നു. പ്രായമായവര്‍ നെറുകും തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ താനൂരിലെ പ്രവര്‍ത്തകര്‍ക്കും എന്തെന്നില്ലാത്ത ആവേശം. സന്ധ്യ കഴിഞ്ഞുള്ള തിരുന്നാവായയിലെ പൊതു പരിപാടിയില്‍ കണ്ട ജനക്കൂട്ടം ഇടത് -വലത് നേതാക്കളെ അസ്വസ്ഥരാക്കുമെന്നുറപ്പ്. മാറ്റം പ്രകടമാണെന്ന സന്ദേശം പങ്കുവച്ച് അബ്ദുള്‍ സലാം ഒരു ദിവസത്തെ പര്യടനം അവസാനിപ്പിച്ചു. താമര ചിഹ്നമണിഞ്ഞ് നീങ്ങുന്ന രഥം വീണ്ടും മുന്നോട്ടെന്നുറച്ച്.
















