കൊച്ചി: കടലിനടിയില്‍ വര്‍ണ വിസ്മയം തീര്‍ത്ത് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ പവിഴജീവികളുടെ (കോറല്‍) സംഗമം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സമുദ്രസസ്തനി സര്‍വേയ്‌ക്കിടയിലാണ് കടലിനടിയിലെ ദൃശ്യം ശദ്ധയില്‍പെട്ടത്.
ഏറെ ദൃശ്യഭംഗിയുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന കനത്ത ആഘാതത്തിന്റെ നേര്‍ചിത്രമാണിതെന്ന് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍. ഓറഞ്ച്, വെള്ള, പച്ച നിറങ്ങളില്‍ രണ്ട് തരം കോറലുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന ദൃശ്യം സിഎംഎഫ്ആര്‍ഐയില്‍ റിസര്‍ച്ച് സ്‌കോളറായ ആല്‍വിന്‍ ആന്റോയാണ് കാമറയില്‍ പകര്‍ത്തിയത്.
ലോബോഫില്ലിയ കൊറിംബോസ, ലോബോഫില്ലിയ റേഡിയന്‍സ് എന്നീ ഇനത്തില്‍പ്പെട്ട പവിഴജീവികളുടെ കൂട്ടമാണ് ഒരുമിച്ച് വളര്‍ന്ന് ഈ മൂവര്‍ണ ഭംഗി തീര്‍ത്തിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നത് ലോബോഫില്ലിയ കൊറിംബോസ എന്ന ഇനവും, വെളുപ്പും പച്ചയും നിറങ്ങളില്‍ ലോബോഫില്ലിയ റേഡിയന്‍സുമാണ്.
സമുദ്ര താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ലോബോഫില്ലിയ റേഡിയന്‍സ് ഇനത്തില്‍പ്പെട്ട പവിഴപ്പുറ്റിന് ബ്ലീച്ചിങ് സംഭവിക്കുകയും (നിറം നഷ്ടപ്പെടുന്ന അവസ്ഥ) വെളുത്ത നിറത്തിലാവുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്തുതന്നെ വളരുന്ന അതേ ഇനത്തില്‍പ്പെട്ട മറ്റൊരു കൂട്ടം താപനിലയെ പ്രതിരോധിച്ച് പച്ചനിറത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്നു.
വലിയ മുന്നറിയിപ്പ്
ഭാരതത്തിന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രതീകമാണ് ഈ കാഴ്ചയെങ്കിലും വലിയൊരു മുന്നറിയിപ്പ് കൂടിയാണ് ഈ ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
ഉയര്‍ന്ന താപനില കാരണം ഒരേയിനത്തില്‍ പെട്ട പുറ്റുകളിലൊന്ന് ബ്ലീച്ചിങ്ങിന് വിധേയമാകുകയും മറ്റൊന്ന് അതിനെ പ്രതിരോധിച്ച് ആരോഗ്യത്തോടെ നിലനില്‍ക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഭാവിയിലെ പവിഴപ്പുറ്റ് പുനരുജ്ജീവന ഗവേഷണങ്ങള്‍ക്ക് വലിയ രീതിയില്‍ പ്രയോജനപ്പെടുമെന്നും ഡയറക്ടര്‍ പറഞ്ഞു.
ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കും
കാലാവസ്ഥാ ഭീഷണിയെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ സിഎംഎഫ്ആര്‍ഐ കടലിനടിയില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിവരികയാണ്. തകര്‍ച്ച നേരിട്ട ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും സമുദ്ര ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കാനും ഇത് സഹായിക്കും.
















