പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയുടെ വിജയപ്രതീക്ഷയ്ക്ക് അടിസ്ഥാനം 2011ന് ശേഷം നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയും മുന്നണിയും നേടിയ വോട്ടുകളിലെ വന്‍ വര്‍ദ്ധന. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടുകള്‍ തികച്ചുകിട്ടാത്ത മണ്ഡലങ്ങളായിരുന്നു ജില്ലയില്‍ ഭൂരിപക്ഷവും. എന്നാല്‍, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ട് പതിനായിരങ്ങള്‍ കടന്ന് കാല്‍ലക്ഷം വരെയെത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം തന്നെ നടത്തി. എന്‍ഡിഎ മുന്നണിയുടെ വോട്ട് 273 ശതമാനം വര്‍ദ്ധിച്ചു. 2011ല്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമായി ബിജെപിക്ക് 37,529 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 1,40,199 വോട്ടുകള്‍ നേടി. 2011ലേതിനേക്കാള്‍ 1,02,670 വോട്ടുകള്‍ അധികം. ജില്ലയില്‍ ബിജെപി വോട്ടര്‍മാരില്‍ മൂന്നിരട്ടിയോളം വര്‍ദ്ധന.
2016ല്‍ നിന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കുതിച്ചത് 62.6 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ചുകൊണ്ട്. ആ തെരഞ്ഞെടുപ്പില്‍ മുന്നണി ജില്ലയില്‍ 2,28,009 വോട്ടുകള്‍ നേടി. 2016ലേതിനേക്കാള്‍ തൊണ്ണൂറായിരത്തോളം വോട്ടുകളുടെ വര്‍ദ്ധന. പല നിയമസഭാ മണ്ഡലങ്ങളിലും അരലക്ഷത്തിലേറെ വോട്ടര്‍മാര്‍ അന്ന് മുന്നണിക്കൊപ്പം അണിനിരന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011ലേതിനേക്കാള്‍ മൂന്നു ശതമാനം വോട്ടുവര്‍ദ്ധന എല്ഡിഎഫിനുണ്ടായപ്പോള് ഏഴു ശതമാനത്തിലേറെ വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുകള്‍ കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്‍ഡിഎഫിന് പത്തൊന്‍പത് ശതമാനം നഷ്ടപ്പെട്ടപ്പോള്‍ വിജയിച്ചെങ്കിലും യുഡിഎഫിന് അഞ്ചു ശതമാനം ജനപിന്തുണ നഷ്ടപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ബിജെപിക്ക് മാത്രമാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. കേന്ദ്രത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബിജെപിയിലുള്ള ജനവിശ്വാസം വര്‍ദ്ധിക്കുന്ന കാഴ്ച. ജില്ലയില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സാധാരണപ്രവര്‍ത്തകര്‍ മനംമടുത്ത് ബിജെപിയുടെ പ്രവര്ത്തനക്ഷേത്രത്തിലേക്ക് കടന്നുവരുന്നു. സാധാരണപ്രവര്‍ത്തകര്‍ മാത്രമല്ല സംസ്ഥാനതല നേതാക്കള്‍ വരെ ഹരിതകുങ്കുമ പതാകയേറുന്നു.
ബിജെപി സംസ്ഥാനഅധ്യക്ഷനും ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനുമടക്കം ജില്ലയില്‍ ജനവിധിതേടുമ്പോള്‍ പ്രവര്‍ത്തകരും വോട്ടര്‍മാരും ആ ആവേശത്തിലാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ബിജെപി നേടിയ വളര്‍ച്ച തന്നെയാണ് പത്തനംതിട്ട ജില്ലയില്‍ എന്‍ഡിഎ മുന്നണിയുടെ കരുത്തും വിജയപ്രതീക്ഷയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: