ഇതുകൊണ്ട് ജയസിംഹന്റെ മനസ്സില്‍ മാരകമായ മുറിവേറ്റു. ദുഃഖിതനായ ജയസിംഹന് വടക്കോട്ടേക്ക് പുറപ്പെട്ടു. ഔറംഗസേബിന്റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു. ജയസിംഹനെ വധിക്കാനുള്ള തന്ത്രം മെനഞ്ഞു. ജയസിംഹന്റെ പുത്രനായ കീര്ത്തിസിംഹനെ സിംഹാസനാരൂഢനാക്കാം എന്ന് പ്രലോഭിപ്പിച്ച് ബ്രാഹ്മണപുരിയില് വെച്ച് മകനെക്കൊണ്ട് അച്ഛന് വിഷം കൊടുപ്പിച്ചു. ജയസിംഹന് മരിച്ചു.
പിന്നീട് കീര്‍ത്തിസിംഹന്‍ തന്നെ പ്രചരിപ്പിച്ചു, അച്ഛന്റെ മുഖ്യപരാമര്‍ശകനായ മുന്‍ശി ഉദയരാജ ആണ് വിഷം കുടിപ്പിച്ചത് എന്ന്. മുന്‍ശി ഉദയരാജയും കീര്‍ത്തി സിംഹനും തമ്മില്‍ വളരെക്കാലമായി കലഹത്തിലായിരുന്നു. ജയസിംഹന് വിഷംകൊടുത്തു എന്ന കാരണം പറഞ്ഞ് മുന്‍ശി ഉദയരാജയെ കൊല്ലാനായിരുന്നു കീര്‍ത്തിസിംഹന്റെ ഉദ്ദേശ്യം. കീര്ത്തിസിംഹ നില്‍നിന്നും രക്ഷപ്പെടാന്‍ മുന്‍ശി ഇസ്ലാം മതം സ്വീകരിച്ചു. ഈ തീരുമാനം ഉദയരാജയുടെ രക്ഷാകവചമായി. ബാദശാഹയുടെ മതം സ്വീകരിച്ചയാളിനെ കൊല്ലാനുള്ള ധൈര്യം ആര്‍ക്ക്? കീര്‍ത്തിസിംഹന്‍ തല്ക്കാലം ശാന്തനായി.
ഏതുവരെ ഹിന്ദുധര്‍മത്തില്‍ നില്ക്കുന്നുവോ അതുവരെ ഹിന്ദുക്കളുടെ ഇടയില്‍ ശത്രുത്വം നിലനിന്നു. എന്നാല്‍ എപ്പൊഴാണോ ഇസ്ലാം മതം സ്വീകരിക്കുന്നത് അതോടെ വൈര്യവും അവസാനിച്ചു ഇതായിരുന്നു അന്നത്തെ ഹിന്ദു സമാജത്തിന്റെ സ്ഥിതി.
മിര്‍ഝാ രാജാ ജയസിംഹന്റെ മരണവൃത്താന്തം ഇതാണ്. ആ ജീവനം ഏകനിഷ്ഠ സേവകനായി സമര്‍ത്ഥമായും, ഉത്സാഹത്തോടെയും ഔറംഗസേബിന്റെ സേവനം ചെയ്തതിന്റെ ഫലം. പാപകൃത്യം വളരെ അധികം ചെയ്താല്‍ അതിന്റെ ഫലം ആ ജന്മത്തില് തന്നെ അനുഭവിക്കേണ്ടിവരുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.
രാമസിംഹന്റെയും നേതാജിയുടെയും ജയസിംഹന്റെയും മേലെ പ്രതികാര നടപടി സ്വീകരിച്ചെങ്കിലും ഔറംഗസേബിന് മനശ്ശാന്തി ലഭിച്ചില്ല. ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ശിവാജി കാണിച്ച അദ്ഭുതകരമായ സാഹസം കാരണം, ലോകത്തിന്റെ മുന്നില്‍ ഔറംഗസേബിന്റെ പ്രതിഭയും യശസും എന്നെന്നേക്കുമായി കളങ്കപ്പെട്ടിരുന്നു. ഈ സംഭവം ഓരോ നിമിഷവും ശൂലംകൊണ്ട് കുത്തുന്നതുപോലെ ഔറംഗസേബിന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
ശിവാജിയുടെ മരണാനന്തരം മഹാരാഷ്ട്രക്കാരുടെ മേല്‍ ആക്രമണം നടത്താനായി ഔറംഗസേബ് സ്വയം ദക്ഷിണത്തില്‍ വന്നു. ഇദ്ദേഹത്തിന്റെ ജീവിതാന്ത്യകാലത്ത് എഴുതിയ ഒരു കത്തില്‍ (അത് അദ്ദേഹത്തിന്റെ മരണപത്രമായിരുന്നു) പറയുന്നു, രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഒരു തരി പോലും അശ്രദ്ധ പാടില്ല, അങ്ങനെ സംഭവിച്ചാല്‍ അത് വലിയ അനര്‍ത്ഥത്തിനു കാരണമാകും, അതിന് എന്റെ തന്നെ ഉദാഹരണം എടുക്കാം, ആ പാപിയായ ശിവാജി ആഗ്രയില്‍നിന്നും ഒളിച്ചോടാന്‍ ഇടവന്നതുകൊണ്ടാണ് ആജീവനാന്തം എനിക്ക് ഈ യുദ്ധക്കളത്തില്‍ തന്നെ കഴിയേണ്ടിവന്നത് എന്ന്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: