കാലത്തിന്റെ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ദീപശിഖയാണ് കാളിദാസന്. പരമരുചിരമായ കവിത്വസിദ്ധിയുടെ ആ സാധനാമാര്‍ഗം ഭാരതീയ കാവ്യസങ്കല്‍പ്പത്തെയും നാടക ദര്‍ശന സരണിയെയും എന്നും നവീകരിക്കുന്നു. അനന്യഭാസുരമായ കാവ്യപ്രതിഭയുടെ ഹിമഗിരിശൃംഗമാണ് കവികുലഗുരു. വേദശാസ്ത്ര പുരാണാദി പുണ്യപ്രവാഹത്തിന്റെ അന്തര്‍നാദമാണീ അക്ഷരകൈലാസത്തില്‍ മുഴങ്ങുക.
കാളിദാസന്റെ ഐതിഹാസിക ജീവിതം ഐതിഹ്യവും സ്വപ്നപ്പഴമകളുമായി പരിവേഷവര്ണത്തിലാണ്. ഉജ്ജയിനിയില്‍ വിക്രമാദിത്യന്റെ കൊട്ടാരത്തിലെ ‘നവരത്ന’ങ്ങളില്‍ പ്രമുഖനായിരുന്നു കാളിദാസന് എന്നാണ് പ്രബലവിശ്വാസം. കാലഘട്ടത്തെപ്പറ്റി വിവിധ വാദമുഖങ്ങള്‍ നിലനില്ക്കുന്നു. ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിലാണെന്ന ഊഹം പല ഗവേഷകര്‍ക്കും സ്വീകാര്യമാണ്. ഏഴാം ശതകത്തിനു മുമ്പു തന്നെ കാളിദാസന്റെ ശ്രേഷ്ഠ രചനകള്‍ ച്രചുരപ്രചാരം നേടിയതായി തെളിവുകളുണ്ട്.
ഋതുസംഹാരം, മേഘസന്ദേശം, കുമാരസംഭവം, രഘുവംശം എന്നീ കാവ്യങ്ങളും അഭിജ്ഞാന ശാകുന്തളം, മാളവികാഗ്നി മിത്രം, വിക്രമോര്‍വശീയം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ സാഹിത്യ സര്‍വസ്വം. വര്‍ണാഭമായ കാല്‍പ്പനികാനുഭൂതിയുടെ പ്രത്യക്ഷത്തില്‍ പ്രകൃതിയുടെ ഭവ്യതയും മഞ്ജുളമായ മാസ്മരികതയും വിസ്മയകരമായ ഏകത്വവും മാനവ പ്രകൃതിയായി ആത്മലയനം നേടുകയാണ് ഋതുസംഹാരത്തില്‍. താമരപ്പൊയ്കകള്‍! പാതിരാപ്പൂവുകള്‍! ആതിരനിലാവ്! കുളിരോലും രാവുകള്‍! മധുരഗീതികള്‍, പ്രേമമുഗ്ധരായ കാമിനീകാമുകന്മാര്! ചരാചരങ്ങളുടെ വൈകാരിക ധന്യമുഹൂര്‍ത്തങ്ങള്‍! ജീവന പ്രകൃതിയുടെ സൃഷ്ടിസ്ഥിതി ലയനമാണ് ഋതുസംഹാരം. ഭാവസ്പന്ദിതമായ മാനവഹൃദയത്തിന്റെ തരളിത സന്ദേശമാണ് മേഘസന്ദേശം. സന്ദേശകാവ്യ പ്രസ്ഥാനത്തിന്റെ വിരഹവിഭൂതിയിലുദിച്ച മാതൃകാകാവ്യമാണിത്.
രാജാവിന്റെ അപ്രീതിയില്‍ രാമഗിരിയിലെത്തിയ യക്ഷന് അളകാപുരിയിലുള്ള പ്രിയയ്ക്ക് നല്കാന് ആടിക്കാറിനോട് ആത്മവേദനയില്‍ ഉണര്‍ത്തുന്ന കുടകപ്പാലപ്പൂക്കളുടെ സുഗന്ധമേറുന്ന കണ്ണീര് പറ്റിയ വാക്കുകള്‍ പ്രണയവര്ണങ്ങളില് ഏഴഴക് വിരിക്കുന്നു. സൂക്ഷ്മസംവേദനത്വത്തില് വിരിയുന്ന മാര്‍ഗവര്‍ണനയും സരളാര്ദ്രമായ സന്ദേശവാക്യവും അളകാപുളകങ്ങളില് ഗീതിയെ സന്ദേശാമൃതമാക്കുന്നു.
വാക്കും അര്‍ഥവും പോലെ ലയബദ്ധരായ ജഗദ്പിതാക്കളായ പാര്വതീപരമേശ്വരന്മാരുടെ കഥാപുണ്യമാണ് രഘുവംശം മഹാകാവ്യം. കുമാര സുബ്രഹ്മണ്യന്റെ ജന്മാധാരമാകുന്ന കഥാശ്രേണിയില്‍ എട്ട് സര്‍ഗങ്ങളില്‍ വിരിയുന്ന മഹാകാവ്യം കാളിദാസ പ്രതിഭയുടെ പ്രകാശ പൂര്‍ണമായ പ്രതിഫലനമാണ്. വിശ്വകവിയുടെ ശ്രേഷ്ഠകൃതിയായി വിളികൊള്ളുകയാണ് രഘുവംശം. ദിലീപന് മുതല്‍ അഗ്നിവര്‍ണന്‍ വരെയുള്ള രഘുപരമ്പരയുടെ സൂര്യയാനമാണ് ഈ മഹാകാവ്യം. ധര്‍മ വെളിച്ചത്തിന്റെയും ത്യാഗപൂര്ണിമയുടെയും വിഭൂതിവര്ഷത്തില് കാവ്യം അനശ്വരമായ ഭാരതീയ പൈതൃകത്തിന്റെ രാമമന്ത്രണമാകുന്നു.
സമ്പൂര്‍ണ നാടക മാതൃകയുടെ പ്രകൃഷ്ട സൃഷ്ടിയായി നില കൊള്ളുകയാണ് വിശ്വോത്തരമായ അഭിജ്ഞാന ശാകുന്തളം. മഹാഭാരതത്തില്‍ നിന്ന് വീണ്ടെടുത്ത അടയാള മോതിരത്തിന്റെ പൊന്‍തിളക്കത്തില്‍ നെയ്തെടുത്ത കഥാസാഫല്യം കാളിദാസന്റെ കവി കീര്‍ത്തിയില്‍ വെണ്‍താരകമായി തിളങ്ങുന്നു. കാനന കന്യകയായ ശകുന്തളയുടെയും ഹസ്തിനപുര രാജാവായ ദുഷ്യന്തന്റെയും പ്രണയകഥയും സംഘര്‍ഷഭരിതമായ സംഭവ പരമ്പരയും വശ്യമായ ജീവിത നാടകത്തിന്റെ വിവിധാന്തര്വര്ത്തിയായ അന്തരംഗം അനാവരണം ചെയ്യുന്നു. പ്രകൃതി പ്രത്യയങ്ങളുടെയും പ്രണയമാധുര്യത്തിന്റെയും ലൗകികാലൗകികതലങ്ങളുടെ മായിക മന്ദാരങ്ങളും വിധിവിഹിതങ്ങളും മൂല്യപ്രമാണങ്ങളും ശാകുന്തളത്തെ ഭൂമിയില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് നയിക്കുന്ന മഹാസേതുവാക്കുന്നു. ശാകുന്തളം നാലാമങ്കം ചരാചരങ്ങളുടെ പാരസ്പര്യഭൂമികയില് സ്നേഹവേദാന്തം കൊളുത്തുകയാണ്. പ്രകൃതിയും മനുഷ്യപ്രകൃതിയുമായുള്ള സാന്ദ്രലയം അദൈ്വസംഗീതികയായി മാറുന്നു. ശകുന്തളയുടെ ലാവണ്യ സുഷമ വനസംസ്കൃതിയുമായി അലിഞ്ഞു ചേരുന്ന ‘അധരഃ കിസലയ രാഗഃ’ എന്ന് തുടങ്ങുന്ന ശ്ലോകം ഇതിന് നിദര്‍ശനമാണ്. ‘ഇവളുടെ വായ്മലര്‍ തളിര്ത്തുടിപ്പണിയുന്നു. കൊതി തോന്നിക്കുന്ന യൗവനം പൂക്കളെപ്പോലെ ദേഹമാകെ മുറ്റി നില്ക്കുന്നു.’ ഭാരതീയമായ തപോവന പ്രകൃതിയുടെ മാനുഷ്യകമാണ് നാടകത്തില്‍ മഹാകവി അനാവരണം ചെയ്യുന്നത്.
ചന്ദ്രവംശരാജാവായ ‘പൂരൂരവസ്സ് എന്ന വിക്രമനും ദേവലോകത്തിലെ അപ്സരസ്സായ ഉര്‍വശിയുമാണ് വിക്രമോര്‍വശീയത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ഇതിലെ രാജാവിന്റെ ഭ്രാന്തന്‍രംഗം മനഃശാസ്ത്ര മാര്‍ഗത്തില്‍ രചന സാധിച്ചതാണ്. അഞ്ചങ്കങ്ങളുള്ള നാടകമാണ് ‘മാളവികാഗ്നിമിത്രം.’ മാളവികയുടെ നൃത്തരംഗവും വിദൂഷകന്റെ ഔചിത്യമയമായ ഫലിതബോധവും നാടകത്തെ കലാസുഭഗമാക്കുന്നു.
സമസ്ത വിജ്ഞാനശാഖയുടെയും അഗ്നിശലാക കാളിദാസ കാവ്യമാര്‍ഗത്തിന് ഉള്‍ക്കരുത്തേകുന്നു. ഉപമാദി അലങ്കാരങ്ങളും ഭാവസംക്ഷിപ്തിയേകുന്ന ധ്വന്യാത്മകയും ആ കാവ്യപ്രപഞ്ചത്തിന് നിറവും നിറങ്ങളുമേകുന്നുണ്ട്. മിത്തുകള്‍, ബിംബങ്ങള്‍, ആദിബിംബങ്ങള്‍, പ്രതീകങ്ങള്‍ രീതിഘടനകള്, രസസാഫല്യങ്ങള് തുടങ്ങി രചനാശില്പ്പങ്ങളുടെ ഉദാത്തതയും ഗരിമയും വിസ്മയ വിഭൂതിയുണര്ത്തുന്നതാണ്. ‘കുതിരവാല്പ്പുല്ലു കൊണ്ട് വെണ്‍പട്ടു ചുറ്റി താമരത്താരിന്റെ മുഖമുയര്‍ത്തി അരയന്ന ഗീതകങ്ങളുടെ ചിലമ്പുകള്‍ കിലുക്കി സുവര്‍ണ ശോഭയുള്ള നെല്‍വയലിലൂടെ അല്പം കുനിഞ്ഞ് പുതുപ്പെണ്ണായി വരുന്ന ശരത്ക്കാല സുമംഗലി’യുടെ ആ വരവ് കാളിദാസ കവിതയുടെ ആത്മപ്രവേശനമാണ്.
കാളിദാസന്റെ തത്വചിന്തയും ജീവിത ദര്‍ശനവും സനാതന ധര്‍മമാണെന്ന് കണ്ടെത്തിയ മനീഷികളുണ്ട്. മാനവപ്രകൃതിയുടെയും അരണ്യ സന്ദേശത്തിന്റെയും അനന്തവൈചിത്ര്യങ്ങളില്‍ കാളിദാസ ഹൃദയം വര്‍ണാങ്കിതമായ ഋതുചക്രം വിരചിക്കുന്നു. മഹാപ്രകൃതിയുടെ ഉജ്ജീവന പ്രത്യയങ്ങളില്‍ ആ ജീവനകൗതുകങ്ങളും അതീതപ്പൊരുളുകളും സമന്വയം നേടുന്നു. പല്ലവ സമൃദ്ധമായ ലതയാണ് ആ കാവ്യകൗതുകം.
ഭാരതീയ സാഹിത്യ വിദ്യയുടെ ജാതകക്കുറിയാണ് കാളിദാസന്. ഹൈമവതഭൂവില്‍ നിന്നുറവയെടുക്കുന്ന അളകനന്ദയുടെ ശാന്തിസൗഭഗപ്രവാഹം പോലുള്ള ആ ഗന്ധര്വപ്പൊരുള് കാലകന്യക കല്പാന്തകാലം അനുഗാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: