ഹൈന്ദവ ധര്‍മപ്രഹേളികകള്‍ ഏകീകരിച്ചും നിയതമായ നിയമാവലികളും സംഹിതകളുമായി സമന്വയിപ്പിച്ചും ദേശീയധാരയെ പ്രത്യക്ഷീകരിച്ച ആചാര്യശ്രേഷ്ഠനാണ് ശ്രീശങ്കരന്. ജ്ഞാനബോധിയായി വൈദിക സംസ്കൃതിയെ പുനരാനയിച്ചതും ഭാരതീയ തത്വചിന്തയുടെ അതീത വിദ്യാമാര്‍ഗത്തെ ആര്‍ഷനാദമായി സാത്മീകരിച്ചതും ഗുരുപാദരുടെ അഗ്നിവചസ്സാണ്. വൈദിക ധര്‍മത്തെ പൈതൃകദര്‍ശനത്തിന്റെ മൂശയില്‍ മൂര്‍ത്തീകരിച്ച വേദാന്ത വൈജയന്തിയാണ് ആ ജീവനേതിഹാസം.
കാലടിയില്‍ പെരിയാര്‍ തീരത്തെ കൈപ്പള്ളി ഇല്ലത്താണ് ശ്രീശങ്കരന്റെ ജനനം. ആര്യാംബയും ശിവഗുരുവുമാണ് മാതാപിതാക്കള്‍. ജനനവര്‍ഷം 788 ആണെന്ന് വിശ്വസിക്കുന്നവരും വിയോജിക്കുന്നവരും ഗവേഷകര്‍ക്കിടയിലുണ്ട്.
ബാല്യത്തില്‍ തന്നെ ചിന്തയിലും കര്‍മത്തിലും ശങ്കരന് വ്യത്യസ്തനായിരുന്നു. ഏകനായി നദിക്കരയിലിരിക്കാനും അതീന്ദ്രിയമായ ലോകത്തില്‍ അഭിരമിക്കാനുമായിരുന്നു ശങ്കരന് ഉത്സാഹം.
അമ്മ ഇതിനെ ചൊല്ലി അസംതൃപ്തയായിരുന്നു. ഒരിക്കല്‍ ചൂര്‍ണാ നദിയില്‍ കുളിക്കാനിറങ്ങിയ ശങ്കരന്റെ കാലില്‍ മുതല പിടിച്ചതും നിസ്സഹായയായ അമ്മ സംന്യാസാശ്രമത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയ കഥയും ഐതിഹ്യത്തിന്റെ ചെപ്പേടിലുണ്ട്. ഉപചാരപൂര്‍വം ഐഹികത്വം വെടിഞ്ഞ് മനസ്സാ സംന്യാസം സ്വീകരിക്കുന്ന അംഗീകൃത സമ്പ്രദായമായ ‘ആപത് സംന്യാസ’ മാണ് ശങ്കരന് സ്വീകരിച്ചതെന്ന് ഭാവചിത്രം.
അമ്മയുടെ അനുവാദത്തോടെ എട്ടാം വയസ്സില്‍ വീടു വിട്ട ശങ്കരന്, നര്‍മദാ തീരത്തെത്തി. ഓങ്കാരനാഥില്‍ വ്യാസപരമ്പരയിലെ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഗുരുവില്‍ നിന്നാണ് ശങ്കരന്, സംന്യാസദീക്ഷ സ്വീകരിച്ചത്.
മൂന്നു വര്‍ഷം കൊണ്ട് യോഗം, വേദാന്തം തുടങ്ങിയ സര്‍വശാസ്ത്രങ്ങളിലും ശങ്കരന് വ്യുല്പത്തി നേടി. കാശി വിശ്വനാഥനെ ദര്‍ശിച്ച് വൈദിക ധര്‍മ സ്ഥാപനത്തിനിറങ്ങി പ്രവര്‍ത്തിക്കാന്‍ അനുജ്ഞ നല്‍കുകയായിരുന്നു. പന്ത്രണ്ടു വയസ്സുള്ള പണ്ഡിതനായ ബാല സംന്യാസിയെ സന്ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്തസഹസ്രങ്ങളെത്തി. സദ്സംഗത്തിലുടനീളം പ്രസരിച്ച ആത്മീയ വിഭൂതിയില്‍ ‘ബ്രഹ്മസൂത്ര’ ത്തിന്റെ ആന്തരാര്‍ഥം പ്രകാശിതമാവുകയായിരുന്നു. ധൈഷണികതയും ചിന്താപ്രബുദ്ധതയും ചേര്‍ന്ന ശാസ്ത്ര ഭാഷയില്‍ സംവദിച്ചും എഴുതിയും അപൂര്‍വ സിദ്ധിയിലൂടെ ആത്മവേദിയായ ആചാര്യസഞ്ചാരം കാലതമസ്സിനെ നിഷ്പ്രഭാക്കി. ‘ബ്രഹ്മം മാത്രമാണ് സത്യം; ജഗത്ത് മിഥ്യയാകുന്നു എന്ന ഭാഷ്യദര്‍ശനം അസ്തമയമില്ലാത്ത സൂര്യവെളിച്ചം പകര്‍ന്നു. ശ്രുതിയില്‍ നിന്ന് സംഭരിച്ച തെളിവുകള്‍, വാദപ്രതിവാദത്തില്‍ മറുപക്ഷക്കാരെ നിശ്ശബ്ദരാക്കുകയായിരുന്നു.
ബ്രഹ്മസൂത്രവും സ്മൃതിയും ഇതിഹാസ പുരാണങ്ങളും നവചൈതന്യധന്യധാരയില്‍ പ്രകാശിതമായി. സമഗ്രപ്രപഞ്ചവും ഒന്നില്‍ നിന്നാണ് ഉണ്ടായത്. ഏകവും അദ്വിതീയവുമായ ബ്രഹ്മമാണ് ഇതിനാധാരം. അദൈ്വതവേദാന്തത്തിന്റെ ഈ അമരപ്രഭയില്‍ ശങ്കരവാണി വിളങ്ങി നിന്നു. സിദ്ധാന്ത പ്രചരണത്തിലൂടെ സമൂഹസമഭാവനയും മാനവതാപ്പൊരുളും ജനഹൃദയങ്ങളിലിറങ്ങി നിന്നു.
വിവിധ മാര്‍ഗങ്ങളില്‍ ചരിച്ച ഹൈന്ദവധാരകളെ ശുദ്ധീകരിക്കാനും ഏകീകരിക്കാനുമുള്ള ആ ശ്രമം വിജയം കാണുകയായിരുന്നു. പരിവാര സമേതനായുള്ള ആചാര്യന്റെ ഭാരതപര്യടനം ഏകവും അഖണ്ഡവുമായ രാഷ്ട്രമാതാവിനെ സാക്ഷാത്ക്കരിക്കുയാണ്. ഇതിന്റെ മൂര്‍ത്ത സങ്കല്പ പ്രത്യക്ഷങ്ങളാണ് ഭഗവദ്പാദര്‍ സ്ഥിപിച്ച ബദരി, ദ്വാരക, ജഗന്നാഥ പുരി, ശൃംഗേരി എന്നീ ചതുര്‍ധാമങ്ങള്‍.
ജ്ഞാനസഞ്ചാര സമാധിയില്‍ ആദ്യം നേടിയത് മൂകാംബികയിലെ സര്‍വജ്ഞപീഠമായ സരസ്വതീ പീഠമാണ്. ജൈത്രയാത്രയിലൊടുക്കം ആചാര്യര്‍ കശ്മീരിലെ ശാരദാ ക്ഷേത്രത്തില്‍ പ്രേഷ്ഠ ശിഷ്യന്മാരായ പദ്മപാദന്, ഹസ്താമലകന്, തോടകാചാര്യന്, സുരേശ്വരന്‍ എന്നിവരോടൊപ്പം ആഗതനായി.
ന്യായം, വൈശേഷികം, സാംഖ്യം, ജൈന, ബൗദ്ധ, മീമാംസാദികളില്‍ വിദ്വല്സദസ്സിന്റെ പ്രശ്നചിന്തകള്‍ക്കെല്ലാം ഉദാത്തവും യുക്തിഭദ്രവുമായ മറുപടിയരുളി സര്‍വജ്ഞപീഠാരൂഢനായി. ബ്രഹ്മസൂത്രവും ദശോപനിഷത്തുകളും ഭഗവദ്ഗീതയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്രയ ഭാഷ്യമാണ് ആ ദേശികേന്ദ്രന്റെ രാജശില്പം. വിവേകചൂഡാമണി, അപരോക്ഷാനുഭൂതി, സൗന്ദര്യ ലഹരി തുടങ്ങി നൂറിലേറെ അക്ഷര സമ്പുടങ്ങള്‍ കാലടീശന്റെ വേദാന്തസാരം വിളംബരം ചെയ്യുന്നു.
മുപ്പത്തിരണ്ടാം വയസ്സില്‍ കാഞ്ചിയിലാണ് ഭഗവദ്പാദര്‍ വിഷ്ണുലോകം പൂകുന്നത്. ആചാരന്റെ സിദ്ധിക്ഷേത്രം കേദാരത്തിലാണെന്നും ബദരിയിലാണെന്നും പക്ഷാന്തരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: