തിരുവനന്തപുരം : സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിട്ടു. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്കിയ ബലാത്സംഗ പരാതികളാണ് ഇപ്പോള്‍ സിബിഐക്ക് വിടാന്‍ തീരുമാനമായിരിക്കുന്നത്. ആറ് കേസുകളാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന് തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസിലും പീഡനപ്പരാതികളിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. അതുകൊണ്ടു തന്നെ വിഷയത്തില്‍ ഭരണ- പ്രതിപക്ഷം തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്.
സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് സോളാര്‍ പീഡനക്കേസിലെ പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: