ന്യൂദല്‍ഹി: സിപിഎം, കോണ്‍ഗ്രസ്, സിപിഐ സഖ്യം രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ഇപ്പോള്‍ നാലു സംസ്ഥാനങ്ങളിലാണ് പരസ്യമായ സഖ്യം. കേരളത്തില്‍ ബിജെപിക്കെതിരെ രഹസ്യ സഖ്യവും.
തമിഴ്നാട്ടില്‍ ഡിഎംകെയും സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട സഖ്യത്തിലാണ് കോണ്‍ഗ്രസും. പ്രാദേശിക പാര്‍ട്ടിയായ ഡിഎംകെയുടെ കാരുണ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. അവര്‍ നല്കുന്ന സീറ്റുകളില്‍ മത്സരിക്കുകയെന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ലാത്ത അവസ്ഥ.
ഒരു വശത്ത് തൃണമൂലും മറുവശത്ത് ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ( ഇടതു മുന്നണി) ഒരു പ്രതീക്ഷയുമില്ല. എങ്കിലും എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്നര പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ച ഇടതു മുന്നണി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. ഇവിടെയും സഖ്യം പരസ്യമാണ്. ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക. ഇവിടെ അടിത്തറ പോലും നശിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 32 സീറ്റാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. പക്ഷെ ലഭിച്ചത് വെറും 76 സീറ്റ്. കോണ്‍ഗ്രസിന് 44. ഇടതിന് 32. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 44 സീറ്റുകളില്‍ ബിജെപി 18 എണ്ണമാണ് പിടിച്ചെടുത്തത്. ബാക്കി തൃണമൂലും. ആസാമാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയ അടുത്ത സംസ്ഥാനം. ഇവിടെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും സിപിഐഎംഎല്ലും സഖ്യമുണ്ടാക്കി. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ക്കു വേണ്ടി രൂപീകരിച്ച തീവ്രവാദ പാര്‍ട്ടിയായ എഐയുഡിഎഫുമായും ഇവര്‍ സഖ്യമുണ്ടാക്കി. അങ്ങനെ കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലും പ്രാദേശിക കക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും സിപിഐഎംഎല്ലും. ഇവിടെയും ആര്‍ജെഡി നല്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും മത്സരിക്കാം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു നല്‍കിയതാണ് തോല്‍വിക്കു കാരണമെന്നുവരെ വിലയിരുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ഭാവിയില്‍ കോണ്‍ഗ്രസിന് സഖ്യത്തില്‍ വലുതായി ഒന്നും പ്രതീക്ഷിക്കേണ്ട.
കേരളത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രത്തില്‍ ബിജെപി ശക്തമായി കടന്നുവരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍, കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം ധാരണയുണ്ടാക്കുമെന്ന് ഉറപ്പാണ്. ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഇവര്‍ കൂട്ടുചേരുമെന്നാണ് സൂചന. ബംഗാള്‍, തമിഴ്നാട് ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മൂന്നിടങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പരസ്യമായ സഖ്യവും കേരളത്തില്‍ രഹസ്യമായ സഖ്യവുമാണ്. പുതുച്ചേരിയിലും ഇത്തരമൊരു സഖ്യത്തിന് സാധ്യതയുണ്ട്. 2022ല്‍ യുപി അടക്കം ഏഴു സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: