ഇടുക്കി: വാഗമണ്ണില്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്റെ നേതൃത്വത്തില്‍ കൈയേറിയ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കണ്ടുകെട്ടുന്നു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സ്ഥലത്തിന്റെ പേരിലുള്ള 12 വ്യാജ പട്ടയങ്ങളും റദ്ദാക്കി ഉത്തരവിറക്കി.
ഇതോടെ മുറിച്ചുവിറ്റ സ്ഥലത്ത് ഉയര്‍ന്ന ഇരുനൂറിലധികം റിസോര്‍ട്ടുകളും സര്‍ക്കാര്‍ അധീനതയിലേക്ക് എത്തുകയാണ്. നടപടി പൂര്‍ത്തിയായാല്‍ ഇവയുടെ നടത്തിപ്പ് അവകാശം കെടിഡിസിയെ ഏല്‍പ്പിക്കാനാണ് ആലോചന. വാഗമണ്‍ വില്ലേജിലെ കണ്ണംകുളം പുതുവല്‍ ഭാഗത്ത് സര്‍വേ നമ്പര്‍ 724ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ് വന്‍തോതില്‍ കൈയേറിയത്. സമീപത്തെ 54.7 ഏക്കര്‍ പട്ടയ സ്ഥലം വാങ്ങിയ ശേഷം ഇതിനോട് ചേര്‍ന്ന ഭൂമി കൈയേറുകയായിരുന്നു.
പിന്നീടിതിന് സാങ്കല്‍പ്പിക പേരുകളിലുള്ള 12 പട്ടയങ്ങളുമുണ്ടാക്കി. 1994 കാലഘട്ടത്തിലാണ് പീരുമേട്ടിലേയും വാഗമണ്ണിലേയും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയതോതിലുള്ള തിരിമറി നടന്നത്.
ശേഷം സര്‍വമുക്ത്യാര്‍ ഉണ്ടാക്കി ഇയാളുടെ സഹായിയുടെ പേരിലേക്ക് ഭൂമി മാറ്റുകയായിരുന്നു. പിന്നീട് സ്ഥലം പ്ലോട്ടുകളായി മുറിച്ചുവിറ്റു. സര്‍ക്കാര്‍ കണക്ക് പ്രകാരം 80 കോടി വില വരുന്ന സ്ഥലമാണ് കൈയേറിയത്. രേഖകള്‍ വിശ്വസിച്ച് സ്ഥലം വാങ്ങി കോടികള്‍ മുടക്കി റിസോര്‍ട്ടുകളും നിര്‍മിച്ചു. നിരപരാധികളായ ധാരാളം ആളുകളാണ് ഇതോടെ കുരുക്കിലായത്.
ജോളി സ്റ്റീഫന്റെ മുന്‍ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കൈയേറ്റ വിവരം പുറത്തുവരുന്നത്. വരുംദിവസങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. ഭൂമിയുടെ സ്കെച്ചിലടക്കം തിരിമറി നടത്തിയതിനാല്‍ അതിര്‍ത്തി കണ്ടെത്തുന്നതിന് തടസമായിട്ടുണ്ട്.
റിസോര്‍ട്ടുടമകള്‍ക്ക് കത്ത് നല്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: