മുംബൈ: ടിആര്‍പി ക്രമക്കേടിന്റെ പേരില്‍ മുന്‍ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയെ മുംബൈ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് കുടുംബം. ഡിസംബര്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം അദ്ദേഹത്തെ തലോജ ജെയിലില്‍ പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
റിപ്പബ്ലിക് ടിവി സിഇഒ അര്‍ണാബ് ഗോസ്വാമിയ്ക്ക് അനുകൂലമായി ടിആര്‍പി റേറ്റിംഗ് മാറ്റാന്‍ 30 ലക്ഷം രൂപ കൈക്കൂലിയായി ദാസ്ഗുപ്തയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മുംബൈ പൊലീസിന്റെ ആരോപണം. അടിയന്തരമായി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ദാസ്ഗുപ്തയുടെ മകള്‍ പ്രത്യൂഷ ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാല് പേജുള്ള ഒരു കത്ത് പ്രത്യൂഷ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അയച്ചിട്ടുണ്ട്. ജനവരി 15ന് അബോധാവസ്ഥയില്‍ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകള്‍ ഇതേക്കുറിച്ച് നടത്തിയ ഒരു പിടി ട്വിറ്റര്‍ പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ സംഭവം നടന്ന് ഏകദേശം 14 മണിക്കൂറുകള്‍ക്ക് ശേഷം ജനവരി 16ന് മൂന്ന് മണിക്ക് മാത്രമാണ് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതേ സമയം ആശുപത്രിയില്‍ എത്തിയപ്പോള്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടക്കുന്ന അച്ഛനെയാണ് കണ്ടതെന്നും പ്രത്യുഷ ദാസ് ഗുപ്ത പറഞ്ഞു.
ഭാര്യയും മകളും ആശുപത്രിയില്‍ എത്തിയതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും മകള്‍ പറയുന്നു. എനനാല്‍ പിന്നീട് ഇതുവരെ കുടുംബത്തെ യാതൊന്നും അറിയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ജയിലധികൃതരോട് ബന്ധപ്പെട്ടിട്ടും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിട്ടില്ലത്രെ. ജയിലില്‍ ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയനായ ദാസ്ഗുപ്ത അങ്ങേയറ്റം മനസ്സ് തകര്‍ന്ന അവസ്ഥയിലാണെന്നും പ്രത്യൂഷ പറഞ്ഞു. ശാരീരികമായും മാനസികമായും അദ്ദേഹം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശോചനീയമായ ആരോഗ്യസ്ഥിതി ജയിലിലെ പീഢനമാണെന്നും പ്രത്യുഷ ആരോപിച്ചു.
ജനവരി 8,11, 15 തീയതികളില്‍ തലോജ ജെയില്‍ അധികൃതര്‍ക്ക് പാര്‍ത്ഥോ ദാസ്ഗുപ്തയുടെ കുടുംബം ഇമെയില്‍ അയിച്ചിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥകള്‍ കുടുംബം കേണപേക്ഷിച്ച് പറഞ്ഞിരുന്നു. പക്ഷെ ജയിലധികൃതര്‍ അത് ചെവിക്കൊണ്ടില്ല. പാര്‍ത്ഥോ ദാസ്ഗുപ്തയെ ജയിലില്‍ പീഡിപ്പിക്കാന്‍ ആര്‍ക്കോ പണം കൊടുക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ഭാര്യ സംറജ്നി ദാസ്ഗുപ്ത പറയുന്നു. ഇനി തലോജ ജയിലില്‍ കൊണ്ടുപോയാല്‍ അവര്‍ തന്നെ കൊല്ലുമെന്നും ഭര്‍ത്താവ് പറഞ്ഞതായി സംരജ്നി ദാസ്ഗുപ്ത പറയുന്നു. ഒരു വര്‍ഷം നാല് കോടിയോളം സമ്പാദിക്കുന്ന അദ്ദേഹം 30 ലക്ഷത്തിന് അഴിമതി കാണിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ- സംരജ്നി ദാസ്ഗുപ്ത ചോദിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ 30 ലക്ഷം രൂപ വാങ്ങി ദാസ്ഗുപ്ത സഹായിച്ചുവെന്നതാണ് പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: