ന്യൂദല്‍ഹി : കരസേനാ ദിനത്തോടനുബന്ധിച്ച് ധീര സൈനികര്‍ക്ക് ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ധീര സൈസനികര്ക്ക് ആശംസകള്‍. രാജ്യത്തിന് വേണ്ടി പ്രതിജ്ഞാബദ്ധരായ സൈനികരോടും കുടുംബത്തോടും ഇന്ത്യ എന്നും കടപ്പെട്ടിരുന്നുവെന്നായിരുന്നു രാഷ്ട്രപതി ട്വീറ്റ് ചെയ്തത്.
ഭാരതാംബയ്ക്കായി സേവനം അനുഷ്ഠിക്കുന്ന സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കരസേനാ ദിനത്തില്‍ ആശംസകള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ശക്തവും ധീരവും നിശ്ചയദാര്‍ഢ്യവുമുള്ള സൈന്യമാണ് രാജ്യത്തിന്റേത്. എല്ലായ്പ്പോഴും രാജ്യത്തിന്റെ അഭിമാനം സൈന്യം വാനോളം ഉയര്‍ത്തുന്നു. എല്ലാ പൗരന്മാര്ക്കുമായി സൈനികരെ അഭിവാദ്യം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ 73-ാം കരസേനാ വാര്‍ഷിക ദിനത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനേയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കരസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ താഴ്വര, കിഴക്കന്‍ ലഡാക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകളില്‍ വീരമൃത്യു വരിച്ച 100 സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ആര്‍മിയും അറിയിച്ചിട്ടുണ്ട്.
കരസേനാ ദിനത്തോടനുബന്ധിച്ച് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം.എം. നരവനെ. ഇന്ത്യന്‍ എയര്‍ഫോഴ്സ് ചീഫ് എയര്‍ മാര്‍ഷല്‍ ആര്.കെ.എസ് ബദൗരിയ, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: