തിരുവനന്തപുരം : സാംസ്കാരിക മന്ത്രി എ കെ ബാലന് കത്തെഴുതിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. കത്തില്‍ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ച പറ്റി. മന്ത്രിയ്ക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമല്‍.
സാംസ്കാരികസമിതിയായ ചലച്ചിത്ര അക്കാദമിയില്‍ മൊത്തത്തില്‍ ഇടതുപക്ഷസ്വഭാവം നിലനിര്‍ത്തണമെന്ന് കരുതിയാണ് കത്ത് നല്‍കിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താന്‍ പരാമര്‍ശിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി പോലുള്ള സാംസ്കാരിക സമിതികളില്‍ ഇടതുപക്ഷസ്വഭാവമുള്ളവര്‍ ഉണ്ടാകണമെന്ന് താനടക്കമുള്ള ഒരു വലിയ വിഭാഗം സാംസ്കാരികപ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. തീവ്രവലതുപക്ഷവ്യതിയാനമുള്ള ആളുകള്‍ മിക്ക സാംസ്കാരികസമിതികളും കയ്യടക്കുന്ന ഈ കാലത്ത് അത്തരമൊരു ആവശ്യം താന്‍ വ്യക്തിപരമായി ഉന്നയിച്ചതാണെന്നും കമല്‍. പൊതുസമൂഹത്തില്‍ നിന്ന് കമലിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്.
കേരള ചലച്ചിത്ര അക്കാദമിയിലെ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്കാരിക മന്ത്രിക്ക് എഴുതിയ കത്തില്‍ കമല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നില നിര്‍ത്തുന്നതിന് സഹായകമാകും എന്ന ശുപാര്‍ശയാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: