ഹൈദരാബാദ്: കോണ്‍ഗ്രസ് വിടുമെന്നും ഉടന്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ച് നല്‍ഗൊണ്ട ജില്ലയില്‍നിന്നുള്ള പാര്‍ട്ടി എംഎല്‍എ കോമാതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി. മുനുഗൊഡെ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. വെങ്കടേശ്വര ഭഗവാനെ കണ്ടു തൊഴുതശേഷം വെള്ളിയാഴ്ച തിരുമലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍ റെഡ്ഡി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്)യോട് ശക്തമായി പോരാട്ടം നടത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ടിആര്‍എസിന് ബദല്‍ ബിജെപി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച താന്‍ നേരത്തേ പ്രവചിച്ചിരുന്നതാണെന്നും രാജഗോപാല്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ‘ ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. ദുബക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്.’- രാജഗോപാല്‍ റെഡ്ഡി പറയുന്നു.
വരും ദിവസങ്ങളില്‍ ബിജെപി തെലങ്കാനയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യം മനസില്‍ സൂക്ഷിച്ച് ഉടന്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജഗോപാല്‍ റെഡ്ഡി പാര്‍ട്ടി വിട്ടാല്‍ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും 12 പേര് കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നു.
ഒരു സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായി. രാജഗോപാല്‍ റെഡ്ഡിയുടെ മൂത്ത സഹോദരന് കോമാതി റെഡ്ഡി വെങ്കട് റെഡ്ഡി ഭോങ്കിര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയും പിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയുമാണ്. ‘എന്റെ മൂത്ത സഹോദരന് കോണ്‍ഗ്രസില്‍ തുടര്‍ന്നേക്കാം. പിസിസി അധ്യക്ഷനായേക്കാം. പക്ഷെ ഞാന്‍ ബിജെപിയല്‍ ചേരാന്‍ പോകുന്നു’- രാജഗോപാല്‍ റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: