രാജാക്കാട്: സേനാപതി സ്വര്‍ഗ്ഗംമേട്ടില്‍ ടെന്റുകള്‍ കെട്ടി നിശാപാര്‍ട്ടി നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ഇരുപത് വയസുള്ള യുവതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പത്തഞ്ചോളം പേര്. ന്യൂ ഇയര്‍ പാര്‍ട്ടിയും നടത്താന്‍ ഉദ്ദേശിച്ചിരുന്നതായി സൂചനകള്‍.
ടെന്റുകള്‍ നീക്കം ചെയ്ത ഉടുമ്പന്‍ചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരില്‍ ആരുംതന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിയിക്കാനായില്ല. എല്‍ദോ എന്നയാളുടെ പേരിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നല്കി പരിപാടി നിര്‍ത്തിവയ്പ്പിച്ചു.
ഒട്ടാത്തിയില്‍ നിന്നും 4 കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മുകളില്‍ സ്റ്റേജ്, നാല്‍പ്പതോളം ടെന്റുകള്‍ എന്നിവ നിര്‍മ്മിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല എസ്എച്ച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഉടുമ്പന്‍ചോല തസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്ച്ച രാത്രി 11 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് റെയ്ഡ് നടത്തിയത്. മൈക്ക് സെറ്റ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേയ്ക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുണൈറ്റെഡ് ഫൗണ്ടേഷന് എന്ന സംഘടനയുടെ ലേബലില്‍ ‘പരിണാമ’ എന്ന ക്ലാസില്‍ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ എത്തിച്ചത്. വീക്ക് ഡേ ടിക്കറ്റിന് 1,500 രൂപയും, വീക്ക് എന്‍ഡ് ടിക്കറ്റിന് 2,000 രൂപയും, ന്യൂഇയര്‍ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. അധികൃതരുടെ യാതൊരു അനുമതിയും സംഘാടകര്‍ വാങ്ങിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: