മെല്‍ബണ്‍: അദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി, രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു. സംഭവിച്ചതിലും വലുതാണ് നടക്കാനിരിക്കുന്നതെന്ന് കായിക നിരീക്ഷകരും പ്രമുഖ താരങ്ങളും വിലയിരുത്തി. 4-0ന്റെ വൈറ്റ്വാഷായിരുന്നു കണക്കുകളിലേറെയും. എന്നാല്‍, അജിങ്ക്യ രഹാനെയുടെ തോളിലേറി ഇന്ത്യ നടത്തിയത് അമ്പരപ്പിക്കുന്ന പോരാട്ടം. തള്ളിപറഞ്ഞവരെ നോക്കി നിര്‍ത്തി ഇന്ത്യ നേടിയത് എട്ട് വിക്കറ്റിന്റെ ജയം.
രഹാനെ നായകന്റെ കുപ്പായമണിഞ്ഞ്മുന്നില് നിന്ന് പട നയിച്ചു. ആദ്യ ടെസ്റ്റ് കളിച്ച ശുഭ്മാന്‍ ഗില്‍ രഹാനെയുടെ വലം കൈയായി ഉറച്ചുനിന്നു. ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ ബാറ്റ് കൊണ്ടും പന്ത്കൊണ്ടും മിന്നി. ഐപിഎല്ലില്‍ നിന്നെത്തി അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജ് സമയോചിതമായി ഉയര്‍ന്നു. പരിചയസമ്പത്ത് കരുത്താക്കി ബുംറയും അശ്വിനും തിളങ്ങിയതോടെ ഇന്ത്യ ശക്തരായി. മെല്‍ബണില്‍ ഓസ്ട്രേലിയയെ വീഴ്ത്തുമ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ ഏറെയുണ്ട്. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ കളി തീരുംവരെ പിടിച്ചു നില്‍ക്കുകയും ചെയ്ത രഹാനെയാണ് കളിയിലെ താരം.
മെല്‍ബണില്‍ ഇന്ത്യയുടെ നാലാം ടെസ്റ്റ് വിജയമാണിത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും മികച്ച വിദേശ ഗ്രൗണ്ടുകളിലൊന്നായി മെല്‍ബണ്‍. ഇതിന് മുമ്പ് മൂന്ന് ടെസ്റ്റിലധികം മെല്‍ബണില്‍ വിജയിക്കാന്‍ കഴിഞ്ഞത് ഇംഗ്ലണ്ടിന് മാത്രം. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് തോറ്റ ശേഷം രണ്ടാം ടെസ്റ്റില്‍ വിജയിക്കുന്ന മൂന്നാമത്തെ മാത്രം ടീമാണ് ഇന്ത്യ. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഓസ്ട്രേലിയയില്‍ അരങ്ങേറ്റം നടത്തി കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായി. 32 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്ക്കാര്ക്കും സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാനാകാതെ പോകുന്നത്. ഈ നേട്ടം ഇന്ത്യന്‍ ബൗളിങ്ങിന്റെ മൂര്‍ച്ച തുറന്നു കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: