കൊല്ലം: കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകം സിപിഎം ആസൂത്രണത്തിന്റെ ഭാഗമെന്ന് വ്യക്തമാക്കി ബിജെപി. കൊല്ലപ്പെട്ട മണിലാലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട തുപ്പാശ്ശേരി അശോകനും സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി.
അറസ്റ്റ് ചെയ്യപ്പെട്ട അശോകന് തന്റെ സ്വന്തം പേരിലുണ്ടായിരുന്ന ഇരുനില കെട്ടിടം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന റെജിലാലിന് വാടകയ്ക്ക് കൊടുത്തിരുന്നു. ആ കെട്ടിടം മദ്യപാനത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സിപിഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഇതില്‍ അശോകന്റെ ഭാര്യ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും നാട്ടുകാര്‍ സിപിഎം പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട മണിലാലിന്റേയും അറസ്റ്റിലായ അശോകന്റെയും കുടുംബങ്ങള്‍ ദീര്‍ഘകാലമായി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. മണിലാല്‍ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം മയൂഖം എന്ന പേരില്‍ ഒരു റിസോര്‍ട്ട് നടത്തിയിരുന്നു. ഇവിടെ നിന്നും ചാരായം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
ഇത്തരത്തില്‍ നിരവധി നാണം കെട്ട സംഭവങ്ങള്‍ ഈ കൊലപാതകത്തിന് പശ്ചാത്തലമായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സി പി എം നടത്തുന്നത്. ഈ സാഹചര്യത്തില്‍ കൊലപാതകവുമായി പാര്‍ട്ടിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി മണ്‍റോത്തുരുത്ത് പഞ്ചായത്ത് സമിതി വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും നിഷേധിക്കുകയാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുകയാണെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ബിജെപി- ആര് എസ് എസ് നേതൃത്വമാണെന്ന് സിപിഎം ആവര്ത്തിക്കുകമാണ്. എന്നാല്‍ കൊലപാതകത്തിനു രാഷ്ട്രീയകാരണങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു ഈസ്റ്റ് കല്ലട പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: