തൃശൂര്‍: ജില്ലാപഞ്ചായത്തിലെ ഒന്നാമത്തെ ഡിവിഷനാണ് പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വടക്കേക്കാട്. ഡിവിഷനിലെ കാര്‍ഷിക മേഖലയെ ജില്ലാപഞ്ചായത്ത് തീര്‍ത്തും അവഗണിച്ചുവെന്ന് ബിജെപിയും എല്‍ഡിഎഫും ആരോപിക്കുന്നു. കനോലി കനാലിന്റെ നവീകരണവും വികസനവും എങ്ങുമെത്തിയില്ല. 20,000 ഏക്കറില്‍ പരന്നു കിടക്കുന്ന കുട്ടാടന്‍ പാടശേഖരത്തെ പുന്നയൂര്‍ക്കുളത്ത് ഒഴികെയുള്ള പാടശേഖരങ്ങള്‍ വര്‍ഷങ്ങളായി തരിശു കിടക്കുകയാണ്. കടലാക്രമണ ഭീഷണി നേരിടുന്ന തീരശേഖ മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് ഇതുവരെയും ശ്രമം ഉണ്ടായിട്ടില്ല. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുട്ടാടന്‍ പാടം നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമായില്ലെന്നും ജനങ്ങള്‍ പറയുന്നു. യുഡിഎഫിലെ ടി.എ ആയിഷയാണ് വടക്കേക്കാട് ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
വടക്കേക്കാട് 11 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കി നെല്‍കര്‍ഷകരെ സഹായിക്കാന്‍ ജില്ലാപഞ്ചായത്തംഗത്തിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ പുതിയ പദ്ധതിയായ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് (എസ്പിഎംആര്‍എം) എന്ന നാഷണല്‍ റര്‍ബന്‍ മിഷന് പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തില്‍ 50 കോടി രൂപ വീതമുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രാധാന്യം നല്‍കിയുള്ള പദ്ധതികളില്‍ വിരലിലെണ്ണാവുന്നവ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. കടലോരത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പാര്‍ക്കുകള്‍ കടലേറ്റത്തില്‍ തകര്‍ന്നു. ഫണ്ട് ധൂര്‍ത്തടിക്കാനും അഴിമതിക്കും വേണ്ടിയാണ് കടല്‍ത്തീരങ്ങളില്‍ പാര്‍ക്ക് നിര്‍മ്മിച്ചത്. പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പതിറ്റാണ്ടുകളായി രാമച്ച കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇപ്പോഴും അവഗണനയിലാണ്.
രാമച്ചം കൊണ്ട് നിര്‍മ്മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ജില്ലാപഞ്ചായത്തിന്റെ ഭാഗത്തു നിന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടില്ല. രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് വടക്കേക്കാട് ഡിവിഷനുകളിലുള്ളത്. ഇതിനു വേണ്ട ശാസ്ത്രീയമായ ഇടപെടലുകളുണ്ടായിട്ടില്ല. കുടിവെള്ള പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും കൃത്യമായി വിനിയോഗിക്കാതെ പാഴാക്കി കളഞ്ഞു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റര്‍ബന്‍ മിഷന് പദ്ധതിയില്‍ ഫണ്ട് ഉണ്ടെങ്കിലും ചെലവഴിച്ചില്ല. കോള്‍പ്പടവുകളിലെ സ്ഥിരം ബണ്ട് നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. സ്ഥിരം ബണ്ടിനു പകരം താത്കാലിക ബണ്ടുകള്‍ നിര്‍മ്മിച്ച് ഫണ്ട് തട്ടിയെടുത്ത് കര്‍ഷകരെ വഞ്ചിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ സന്തുലനം ഉണ്ടായിട്ടില്ല. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ അവഗണിച്ച് പക്ഷപാതപരമായാണ് ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്. ഡിവിഷനിലെ അങ്കണവാടികളില്‍ പലതും ജീര്‍ണാവസ്ഥയിലാണ്. പലയിടത്തും വാടക കെട്ടിടത്തിലാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്.
യുഡിഎഫ് അവകാശവാദം
നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതി പ്രകാരം കൃഷി വകുപ്പ് നടപ്പാക്കുന്ന കുട്ടാടന്‍ പാടം നവീകരണത്തിന് 10.94 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം 14.25 കിലോമീറ്റര്‍ നീളത്തില്‍ തോടുകളുടെ ആഴവും വീതിയും കൂട്ടി. 270 ഏക്കറില്‍ 10 അടിയോളം ഉയരത്തില്‍ വളര്‍ന്ന കിടങ്ങും പാഴ്ചെടികളും പിഴുതുമാറ്റി. അടുത്ത ഘട്ടം കൂടി കഴിയുന്നതോടെ 1000 ഏക്കര്‍ പാടശേഖരത്തില്‍ കൃഷി ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആയിഷ പറഞ്ഞു. മന്ദലാംകുന്ന് ബീച്ച് വികസനം 47 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി. സാധാരണക്കാര്‍ക്ക് ആശ്വാസമായി പുന്നയൂരില്‍ 45 ലക്ഷം രൂപ ചെലവഴിച്ച് ജനകീയ ഹോട്ടല്‍ തുറന്നു.
നായാടി കോളനിയിലെ 22 കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി നടപ്പാക്കി. കര്‍ഷകര്‍ക്കായി മോട്ടോര്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു. ഡിവിഷനിലുള്‍പ്പെട്ട വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 30 ലക്ഷം രൂപ വീതം ചലവഴിച്ചിട്ടുണ്ട്. പുന്നയൂര്‍ പഞ്ചായത്തില്‍ അഞ്ച് അങ്കണവാടികള്‍ നിര്‍മ്മിച്ചു. കൊച്ചന്നൂര്‍, കരിക്കാട് തുടങ്ങിയ വിവിധ സ്കൂളുകള്‍ നവീകരിച്ചു. ഡിവിഷനിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്കി. യുഡിഎഫ് അംഗങ്ങളുടെ ഡിവിഷനുകളിലേക്ക് ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് ഭരണസമിതി വളരെയധികം വിവേചനം കാട്ടിയിട്ടുണ്ടെന്ന്് നിലവിലെ അംഗം ടി.എ ആയിഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: