ആലപ്പുഴ: മത, സാമുദായിക ശക്തികള്‍ക്ക് അടിപ്പെട്ടതോടെ സിപിഎമ്മും, ഇടതുമുന്നണിയും നേരിടുന്നത് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വന്‍തോതിലുള്ള വിമതശല്യം. പാര്‍ട്ടിയില്‍ നിന്നുള്ളവരെ മാറ്റിനിര്‍ത്തി ജാതി-മത സമുദായിക സമവാക്യങ്ങള്‍ നോക്കി തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെന്നും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാര്ത്ഥികളാക്കിയെന്നുമാണ് പരാതികളിലേറെയും.
മുന്‍കാലങ്ങളില്‍ യുഡിഎഫിനാണ് കുടുതല്‍ വിമത ശല്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആലപ്പുഴയടക്കമുള്ള ജില്ലകളില്‍ യുഡിഎഫിന് സമാനമായ വിമത ഭീഷണിയാണ് സിപിഎം നേരിടുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ചിത്രം വ്യക്തമാകും. നേതാക്കള്‍ക്ക് താത്പര്യമുള്ള അവരുടെ വിശ്വസ്തര്‍ക്ക് മാത്രം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സീറ്റ് തരപ്പെടുത്തി നല്‍കിയെന്നും പല സ്ഥലങ്ങളില്‍ നിന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
മുന്‍പ് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്കാന് പ്രവര്‍ത്തകര്‍ ധൈര്യം കാണിക്കില്ലായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഒതുങ്ങും. ഒറ്റപ്പെട്ടയിടങ്ങളില്‍ മേല്‍ഘടകങ്ങളില്‍ നിന്നുള്ള നേതാക്കളെ കൂടി പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാറാണ് പതിവ്. ഇക്കുറി പാര്‍ട്ടിഫോറങ്ങളില്‍ നിന്ന് നിര്‍ദേശിക്കപ്പെട്ടവരെ വെട്ടിനിരത്തി മത-സാമുദായിക പരിഗണനയില്‍ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പ്രവണത കൂടുതലായിരുന്നു. ഇതാണ് സജീവ പ്രവര്‍ത്തകരും, പ്രാദേശിക നേതാക്കളും കൂടുതലായി വിമതരായെത്താന് കാരണമായത്.
മുന്‍കാലങ്ങളില്‍ വി.എസ്-പിണറായി പക്ഷ പോരും വിഭാഗീയതയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും, പ്രചാരണപ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയെ സാരമായി ബാധിച്ചിരുന്നത്.
വി.എസ് പക്ഷം നാമാവശേഷമായെങ്കിലും ഔദ്യോഗിക പക്ഷത്ത് പ്രാദേശിക അടിസ്ഥാനത്തില്‍ രൂക്ഷമായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. ആലപ്പുഴ ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പൂര്‍ണ ചുമതല കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം.വി. ഗോവിന്ദനും, തോമസ് ഐസക്കിനുമായിരുന്നു.
എങ്കിലും ജില്ലയിലെ പാര്‍ട്ടിയില്‍ മേല്‍ക്കൈയുള്ള ജി. സുധാകരന്റെ നിലപാടാണ് പലപ്പോഴും അന്തിമവാക്ക്. വിമതരെക്കൊണ്ട് ഇന്ന് പത്രിക പിന്‍വലിപ്പിക്കുകയോ തയാറായില്ലെങ്കില്‍ ഭീഷണിപ്പെടുത്തി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് നേതൃത്വം താഴെത്തട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: