ദേലംപാടി: ആരോഗ്യമേഖലയില്‍ പിന്നോക്കം നില്ക്കുന്ന വനപ്രദേശങ്ങള്‍ കൂടുതലുള്ള വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്താണ് ദേലംപാടി. ഇവിടെ 45 ശതമാനം വനപ്രദേശമാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം അതിര്‍ത്തി പ്രദേശങ്ങളും കര്‍ണ്ണാടക അതിര്‍ത്തിയുമായി തൊട്ടുരുമ്മി നില്ക്കുന്ന പഞ്ചായത്താണിത്. കാറഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളാണ് ദേലംപാടിയുടെ മറ്റ് അതിര്‍ത്തികള്‍.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗശല്യം അതിരൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് കൂടിയാണിത്. സോളാര്‍വേലി സംരക്ഷിക്കുന്നതിനോ കിടങ്ങ് നിര്‍മിക്കുന്നതിനോ സാധിച്ചില്ല. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഭൂരിഭാഗം കൃഷിയിടങ്ങളിലും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ ജനങ്ങളുടെ കഷ്ടപ്പാടിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പഞ്ചായത്ത് ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അഡൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരെ നിയമിക്കാനായില്ല. കിടത്തിച്ചികിത്സാ സൗകര്യങ്ങളേര്പ്പെടുത്തുമെന്ന വാഗ്ദാനം അധികൃതര്‍ മറന്നു.
മലയോര ഹൈവേയില്‍ പാണ്ടിമുതല് പള്ളഞ്ചിവരെയുള്ള നാല് കിലോമീറ്റര്‍ വനപാത നിര്‍മാണം തടസ്സപ്പെട്ടു. റോഡിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിന് ജനപ്രതിനിധികള്‍ ഗുരുതരമായ കൃത്യവിലോപം കാണിക്കുകയാണ്. ഈ റോഡിലൂടെ കാല്‍നടപോലും അസാധ്യമായി. തൊഴിലുറപ്പ് പദ്ധതി ശാസ്ത്രീയമായി നടപ്പക്കാതെ സ്ഥാപിത താത്പര്യക്കാരുടെ കൈയി ല്‍പ്പെട്ട് കെടുകാര്യസ്ഥതയുടെ പദ്ധതിയായി മാറിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ആസൂത്രണമില്ലായ്മ കൊണ്ട് കോടിക്കണക്കിന് രൂപ പാഴായി. തൊഴിലുറപ്പ് പദ്ധതി ഏറ്റവും കുറവ് മാത്രം നടപ്പാക്കിയ പഞ്ചായത്താണ്. പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടു. ജലനിധി പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. വികസന പദ്ധതികള്‍ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാത്രമൊതുങ്ങുകയും എല്ലാ മേഖലയിലും മുരടിപ്പ് അനുഭവപ്പെടുകയുമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്തിലെ 60 ശതമാനത്തോളം ജനവിഭാഗങ്ങളും കുടിയേറ്റക്കാരാണ്. മലയാളം, മറാഠി, തുളു, കന്നഡ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഭൂരിഭാഗവും. ബിജെപിക്ക് മൂന്ന്, സിപിഎം എട്ട്, കോണ്‍ഗ്രസ് നാല്, മുസ്ലിംലീഗ് ഒന്ന് എന്നിങ്ങനെയാണ് ഇവിടത്തെ കക്ഷിനില. സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാത്രം വികസനം കേന്ദ്രീകരിച്ച ഇടതുപക്ഷത്തിനെതിരെയുള്ള കനത്ത വിധിയെഴുത്താകും ദേലംപാടിയിലെന്ന് ബിജെപി പഞ്ചായത്തംഗം ടി.നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: