തൃശൂര്‍: പതിറ്റാണ്ടുകളായി വികസനം വഴിമാറി നടക്കുന്ന എളവള്ളി ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ് ബിജെപി. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയതോടെ ബിജെപി ഏറെ ആത്മവിശ്വാസത്തിലാണ്.
ഉപതെരഞ്ഞെടുപ്പിലൂടെയാണ് പഞ്ചായത്തില്‍ ബിജെപിക്ക് നിലവിലെ ഭരണ സമിതിയില്‍ പ്രതിനിധിയുണ്ടായത്. 5ാം വാര്‍ഡ് പരയ്ക്കാടിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരം നടന്നുവെങ്കിലും ബിജെപിയിലെ ലയേഷ് പരയ്ക്കാട് വിജയിച്ച് ഭരണ സമിതിയില്‍ അംഗമായി. ഇതിനു പുറമേ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആറ് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 1ാം വാര്‍ഡ് ചിറ്റാട്ടുകര, 4ാം വാര്‍ഡ് കടവല്ലൂര്‍, 7ാം വാര്‍ഡ് വാക, 10ാം വാര്‍ഡ് പണ്ടാരക്കാട്, 12ാം വാര്‍ഡ് കാട്ടേരി, 13ാം വാര്‍ഡ് പൂവത്തൂര്‍ എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ബിജെപി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഈസാഹചര്യത്തില്‍ ഇപ്രാവശ്യം 10 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
13 സീറ്റുകളോടെ നിലവില്‍ എല്‍ഡിഎഫാണ് എളവള്ളിയില്‍ ഭരണം. യുഡിഎഫിന് 2 സീറ്റുകളുണ്ട്. വികസനമെത്തി നോക്കാത്ത നിരവധി മേഖലകള്‍ പഞ്ചായത്തിലുണ്ടെന്നും ഭരണനിര്‍വ്വഹണത്തില്‍ എല്‍ഡിഎഫ് കടുത്ത സ്വജനപക്ഷപാതം കാണിച്ചതായും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷവും പഞ്ചായത്തില്‍ വികസന മുരടിപ്പായിരുന്നു. സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് കോടിക്കണക്കിന് രൂപ മുടക്കി എളവള്ളി മമ്മായിയില്‍ തുടക്കമിട്ട വ്യവസായ എസ്റ്റേറ്റ് ഇതുവരെയും പൂര്‍ത്തീകരിക്കാനായിട്ടില്ല. പദ്ധതി പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്.
എളവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമല്ലാത്തതിനാല്‍ പരിസരവാസികള്‍ ദുരിതമനുഭവിക്കുന്നു. ആവശ്യമായ മെഷീനുകള്‍ ശ്മശാനത്തില്‍ സ്ഥാപിച്ചിട്ടില്ല. മൃതദേഹ സംസ്കരണം ശാസ്ത്രീയമായിട്ടല്ല ഇവിടെയിപ്പോള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയില്‍ ആവശ്യത്തിന് ബസ് റൂട്ടുകളില്ലാത്തതിനാല്‍ യാത്രാ ക്ലേശം രൂക്ഷമാണ്. ഗതാഗതസൗകര്യം കുറവായതിനാല്‍ വലിയ പൈസ കൊടുത്ത് സ്വകാര്യ വാഹനങ്ങളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ജലനിധി പദ്ധതിയില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടി. പ്രവര്‍ത്തനത്തിലെ അശാസ്ത്രീയത കാരണം പൈപ്പ് വെള്ളത്തില്‍ ഉപ്പ് വെള്ളം കയറി പദ്ധതി ഉപയോഗശൂന്യമായി. രൂക്ഷമായ കുടിവെള്ളക്ഷാമം പഞ്ചായത്തിലൂണ്ട്.
പഞ്ചായത്തിലെ 80 ശതമാനം പേരും കര്‍ഷകരാണ്. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് വില കിട്ടുന്ന വാണിജ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടില്ല. രാത്രിയില്‍ വന്യമൃഗാക്രമണമുണ്ടാകുന്നതിനാല് വിവിധ കൃഷികള്‍ നശിക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന മുള്ളന്‍ പന്നി, കാട്ടുപന്നി എന്നിവയില്‍ നിന്ന് സംരക്ഷണം നേടാനുള്ള പദ്ധതികളൊന്നും തന്നെ ഭരണ സമിതി നടപ്പാക്കിയില്ല. തോടുകള്‍ കൃത്യമായി പുനര്‍നിര്‍മ്മാണം നടത്താത്തതിനാല്‍ പഞ്ചായത്തില്‍ വെള്ളക്കെട്ടാണ്. തോടുകളും കാനകളും ശുചീകരിക്കാത്തതിനാല്‍ മഴക്കാലത്ത് പ്രളയമുണ്ടായി വീടുകളില്‍ വെള്ളം കയറും. എളവള്ളിയില്‍ തുടങ്ങിയ പട്ടികജാതി ക്ഷേമനിധി ഓഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളെല്ലാം ജീര്‍ണാവസ്ഥയിലാണ്. പഞ്ചായത്തില്‍ ആകെയുള്ള ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയില്ല. രാത്രിയില്‍ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പാക്കിയിട്ടില്ല. പ്രകൃതിക്ക് ദോഷകരമായി അനധികൃതമായി കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാന്‍ മണ്ണു മാഫിയക്ക് എല്‍ഡിഎഫ് ഭരണ സമിതി കൂട്ടു നിന്നു. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപണി നടത്താതെ ഇപ്പോഴും ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ എല്‍ഡിഎഫ് ഭരണ സമിതി അവഗണിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചില്ല. സ്ഥലവും വീടുമില്ലാത്ത നിരവധി പേര് ഇപ്പോഴും പഞ്ചായത്തിലുണ്ട്. ചിറ്റാട്ടുകര അടിസ്ഥാനമാക്കി പഞ്ചായത്തില്‍ പൊതു മാര്‍ക്കറ്റെന്ന പ്രഖ്യാപനം വാഗ്ദാനം മാത്രമായി. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് നടപ്പിലാക്കിയിട്ടില്ല. ബിജെപി ഭരണത്തിലെത്തിയാല്‍ സമസ്ത മേഖലയിലും വികസനത്തിന്റെ ‘വെള്ളിവെളിച്ച’മെത്തിച്ച് എളവള്ളിയെ ജില്ലയിലെ മികച്ച പഞ്ചായത്താക്കുമെന്ന് നേതാക്കള്‍ പറയുന്നു. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം നടപ്പാക്കും. യുവജനങ്ങള്‍ക്ക് കളിക്കാനും കായിക താരങ്ങള്‍ക്ക് പരിശീലനത്തിനുമായി ഗ്രൗണ്ട് സ്ഥാപിക്കും. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. കൃഷി-ആരോഗ്യം-വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ മേഖലകളിലും വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: