ഏഴിമല: ഏഴിമല നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പയ്യന്നൂര്‍ പോലിസും ചേര്‍ന്ന് പരിശോധന നടത്തി. പയ്യന്നൂര്‍ പോലിസ് ഇന്സപെക്ടര് എം.സി. പ്രമോദിന്റെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ്, എസ്ഐ ടി.വി. ശശിധരനും സംഘവും പയ്യന്നൂര്‍ ഡോഗ് സ്ക്വാഡിലെ ഡോഗ് ഗൗരിയുടെ സഹായത്തോടെ പയ്യന്നൂര്‍ പോലിസും നാവിക അക്കാദമി കേന്ദ്രത്തില്‍ പരിശോധന നടത്തി.
അതേസമയം, പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ബോംബാക്രമണ ഭീഷണിക്കെതിരെ പോലിസ് കഴിഞ്ഞ ദിവസം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഈ മാസം 12നാണ് ഇംഗ്ലീഷിലുള്ള ഭീഷണികത്ത് ലഭിച്ചത്. ബോംബാക്രമണ ഭീഷണിയെ കേന്ദ്ര ഡിഫന്‍സ് ഇന്റലിജന്‍സ് ബ്യൂറോയാണ് നാവിക അക്കാദമി അധികൃതര്‍ക്ക് വിവരം കൈമാറിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി അയച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് അജ്ഞാത ഭീഷണിക്കെതിരെ ഐപിസി 507 പ്രകാരം കേസെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള രണ്ടു സംഘടനകളുടെ പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
രാജ്യസുരക്ഷാ സംരക്ഷണ മേഖലയായ ഏഴിമല നാവിക അക്കാദമി പ്രദേശത്തെ കടല്‍തീരത്തു കൂടി ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രി 10 ഓടെ അജ്ഞാത ഡ്രോണ്‍ പറത്തിയ സംഭവമുണ്ടായിരുന്നു. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഡ്രോണിനെ വെടിവെച്ചിടാന്‍ തയ്യാറെടുപ്പ് നടത്തിയെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമാകുകയായിരുന്നു. ഈ കേസും പയ്യന്നൂര്‍ പോലിസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ബോംബാക്രമണ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: