കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന പേരില്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനമേഖലയില്‍ സാമ്പത്തികം കണ്ടെത്തി വിതരണം ചെയ്യുന്നതിനായി 1999 ല്‍ കേരള നിയമസഭയാണ് ഈ നിയമം പാസ്സാക്കിയത്. നിയമസഭാരേഖകള്‍ പ്രകാരം 2000 ത്തിലെ നാലാം നമ്പര്‍ നിയമം എന്നാണ് അറിയപ്പെടുന്നത്. നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിയായും ചെയര്‍മാനായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡി. അരവിന്ദാക്ഷനുമായി ജന്മഭൂമി പ്രതിനിധി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.
- കിഫ്ബി നിയമവും അതിന്മേല് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും വിശദീകരിക്കാമോ ?
2016 ആഗസ്റ്റില്‍ കിഫ്ബി നിയമത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഫണ്ട് കണ്ടെത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ അവ്യക്തത മുതലെടുത്ത് ധനമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെയും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അനുമതിയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് കണ്ടെത്താമെന്ന് കിഫ്ബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലെ ഈ അവ്യക്തതയാണ് ഇപ്പോള്‍ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നത്.
കിഫ്ബി കമ്പനിനിയമപ്രകാരം രൂപീകരിച്ച കോര്‍പ്പറേറ്റ് സ്ഥാപനമല്ല. 1956 ലെ കമ്പനിനിയമപ്രകാരം സംസ്ഥാന നിയമസഭയ്ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ യാതൊരു അധികാരവുമില്ല. സംസ്ഥാനനിയമപ്രകാരം ഖാദിബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്, ഹൗസിംഗ് ബോര്‍ഡ്, കിന്‍ഫ്ര തുടങ്ങിയ സംസ്ഥാനസ്ഥാപനങ്ങള്‍ക്കുള്ള അധികാരം മാത്രമേ കിഫ്ബിക്കും ഉള്ളൂ. മേല്‍പ്പറഞ്ഞ സംസ്ഥാന ബോര്‍ഡുകള്‍ക്കൊന്നും കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി ഇല്ലാതെ വിദേശഫണ്ട് സ്വീകരിക്കാനും പാടില്ല. ഈ നിയമമാണ് ലൈഫ് മിഷനിലും ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവിലെ സ്വര്‍ണ കടത്തിലും ഒക്കെ ലംഘിക്കപ്പെട്ടതും.
- സംസ്ഥാനസര്‍ക്കാരും സി ആന്റ് എജിയുമായി കൊമ്പുകോര്‍ക്കുന്നത് എന്തിന് ?
വിദേശത്തുള്ള ഏജന്‍സികളെ കൊണ്ടാണ് ടെന്‍ഡറില്ലാതെ കിഫ്ബിക്ക് ബിബി എന്ന നിയമവിരുദ്ധ രാജ്യാന്തര റേറ്റിംഗ് സംസ്ഥാനസര്‍ക്കാര്‍ കരസ്ഥമാക്കിയത്. ഈ തെറ്റായ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയെ ലിസ്റ്റ് ചെയ്തു. തുടര്‍ന്ന് കാനഡയിലെ വിവാദകമ്പനിയായ ലാവ്ലിനുമായി ബന്ധമുള്ള മറ്റൊരു കമ്പനി കിഫ്ബിയുടെ ബോണ്ട് വാങ്ങി 2,175 കോടിരൂപ കടം നല്കി. ഇതിന് കേരളസര്‍ക്കാരിന്റെ ഉപാധികളില്ലാത്ത ഗ്യാരന്റി ഉണ്ടെന്നും കിഫ്ബിയുടെ വെബ്സൈറ്റില്‍ പറയുന്നു. ഇന്നും ഇത് ഈ വെബ്സൈറ്റില്‍ നിന്ന് മാറ്റിയിട്ടില്ല. ഇതനുസരിച്ച് ഈ പണം തിരിച്ചടയ്ക്കാന്‍ കേരള സര്‍ക്കാരിന് പൂര്‍ണബാധ്യത ഉണ്ടെന്ന സി ആന്റ് എജിയുടെ കണ്ടെത്തല്‍ നൂറുശതമാനം ശരിയാണ്.
ഈ സ്ഥാപനത്തെ സര്‍ക്കാര്‍ ഏജന്‍സിയായും സംരംഭമായും പ്രത്യേകം രൂപീകരിക്കപ്പെട്ട സംവിധാനമായും പരാമര്‍ശിക്കുന്ന വെബ്സൈറ്റില്‍ ഒരിടത്തും കിഫ്ബി കമ്പനിയാണെന്ന് പറയുന്നില്ല. അതിനാല്‍ ഇത് കോര്‍പ്പറേറ്റ് ആണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തികച്ചും തെറ്റാണ്. ദുരുപദിഷ്ടവും നിയമലംഘനവും കമ്പനി നിയമത്തിന് എതിരുമാണ്. സെബിക്കും കിഫ്ബിയുടെ മുകളില്‍ യാതൊരു നിയന്ത്രണവുമില്ല. തന്റെ വാദം സാധൂകരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് സെബിയുടെ പേരുപയോഗിച്ചത് കടുത്ത നിയമലംഘനമാണ്. 1992 ലെ സെബി നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മാത്രമേ ഇടപെടാന്‍ സെബിക്ക് അധികാരമുള്ളൂ.
- ബിബി റേറ്റിംഗിലും വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യപ്പെട്ടതും നിയമവിരുദ്ധമായാണോ ?
തീര്‍ച്ചയായും. രാജ്യാന്തര തലത്തില്‍ നിയമോപദേശം നല്കിയ ഡിഎല്‍എ പൈപ്പറും ഇന്ത്യയില്‍ നിയമോപദേശം നല്കിയ സിറില്‍, അമര്‍ചന്ദ്, മംഗള്‍ദാസ് എന്നിവരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നവരാണ്. ബിബി റേറ്റിംഗ് ലഭിക്കുന്നതിനും നിയമോപദേശത്തിനും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് 42 കോടിരൂപ ചെലവഴിച്ചതായി കാണുന്നു. ഇത്തരത്തില്‍ പൊതുപണം ദുരുപയോഗം ചെയ്യന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സുപ്രീംകോടതി-ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം നടന്നാല്‍ ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവരും.
ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. ഇതില്‍ 30,000 കോടി എടുത്ത കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്നു. ബാക്കി 1,20,000 കോടിയുടെ ഒരു ശതമാനം അതായത് 1,200 കോടി മാത്രമാണ് കിഫ്ബി വഴി ഒരുവര്‍ഷം ചെലവഴിച്ചത്. അങ്ങനെ നാലരവര്‍ഷം കൊണ്ട് 5,400 കോടി മാത്രമാണ് കേരളത്തില്‍ ചെലവഴിച്ചത്. 60,000 കോടിയുടെ പദ്ധതി അംഗീകരിച്ചു, 30,000 കോടിയുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചു എന്നൊക്കെ വീരവാദം മുഴക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
കിഫ്ബിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സി ആന്റ് എജിയും ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്നത് വസ്തുതകളാണ്. അത് ഒരുതരത്തിലും കേരള വികസനത്തെ ബാധിക്കുന്നതല്ലെന്ന് മേല്‍പ്പറഞ്ഞ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏഴുശതമാനം പലിശനിരക്കില്‍ പണം വായ്പയായി ലഭിക്കുമെന്നിരിക്കെ 9.77 ശതമാനത്തിന് കടം വാങ്ങിയത് ഗുരുതരമായ തെറ്റും രാജ്യതാത്പര്യങ്ങള്‍ക്ക് എതിരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: