ജഗന്നാഥപുരിയിലെ സാഗരതീരത്ത് ഉയര്‍ന്നുയര്‍ന്ന് നില്ക്കുന്ന ഒരു മഹാസമാധി മണ്ഡപമുണ്ട്. തീര്‍ഥാടകര്‍ പുഷ്പഹാരവും കൂപ്പുകൈകളുമായി അത് വലം വയ്ക്കുകയാണ്. നാമ സങ്കീര്‍ത്തന പ്രസ്ഥാനത്തിന്റെ നായകന് മഹാഗുരു ചൈതന്യപ്രഭുവിന്റെ പോലും സ്നേഹാദരങ്ങള്‍ക്ക് പാത്രമായ യതിവര്യന് ഹരിദാസ് തകുറായുടേതാണ് ആ സ്മൃതി കുടീരം.
ബംഗാളിലെ സത്കിരാ ജില്ലയില്‍ ബൂറോണ് ഗ്രാമത്തിലാണ് ഹരിദാസ് തകുറാ ജന്മമെടുക്കുന്നത്. (ഇന്നീ പ്രദേശം ബംഗ്ലാദേശ് അധീനതയിലാണ്) .ശ്രീ ചൈതന്യയുടെ ഭക്തി മന്ത്രാക്ഷരങ്ങള്‍ ഭാരതത്തിന്റെ ധര്മചക്രവാളത്തെ ധന്യധന്യമാക്കിയിരുന്ന വിശുദ്ധകാലം. ജന്മം ഇസ്ലാം സമുദായത്തിലായിരുന്നെങ്കിലും ശൈശവ ബാല്യങ്ങളില്‍ തന്നെ ഹരിഭക്തിയുടെ മാധുര്യത്തില്‍ മുഴുകാനായിരുന്നു ഹരിദാസ് തകുറായുടെ നിമിത്തവും നിയോഗവും. വൈഷ്ണവ ചിന്തകളും ജീവതി ശൈലിയുമായി മുന്നേറിയ ഹരിദാസ് പിന്നീട് എത്തിച്ചേര്‍ന്നത് പാവന ഗംഗയുടെ ഓരം ചാരിയുള്ള ശക്തിപൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ്. അവിടെ ഫുലിയ ദേശത്തില്‍ ആത്മീയ കര്മസേവനങ്ങളുമായി കഴിയുന്ന മഹാഗുരു അദൈ്വതാചാര്യയെ പ്രണമിച്ച് ദീക്ഷസ്വീരിക്കുകയായിരുന്നു അദ്ദേഹം. ഹരിഭജനകളും നാമകീര്‍ത്തനങ്ങളും ആലപിച്ച് ഗ്രാമീണരില്‍ വിശ്വാസ സങ്കല്‍പ്പങ്ങളും ധര്മപാതകളും ഉണര്‍ത്തിയെടുക്കാന്‍ ഗുരുവോടൊത്ത് യത്നിക്കുകയായിരുന്നു ഹരിദാസ്. ആ നാമസങ്കീര്‍ത്തനങ്ങളുടെ മാറ്റൊലി ക്രമേണ അതിരുകളില്ലാതെ ഒഴുകിപ്പരന്നു. ജനങ്ങളുടെ കണ്ണിലും കാതിലും ആ സംന്യാസി നന്മയുടെ ബിംബമായി ഉദിച്ചുനിന്നു. ബ്രാഹ്മണരില്‍ ഒരു വിഭാഗം തകുറാ, സംഗീതാത്മകമായി ശബ്ദഗാംഭീര്യത്തില് നാമഗീതം ആലപിക്കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നു.’ അല്ലയോ ധന്യാത്മാക്കളേ, ഭഗവാന്റെ നാമം ഉച്ചരിക്കുന്നയാള്‍ക്ക് പുണ്യം കിട്ടും. മറ്റുള്ളവര്‍ കൂടി അത് കേള്‍ക്കാനാകുംവിധം ഉറക്കെച്ചൊല്ലിയാല്‍ നൂറ് പുണ്യം ലഭിക്കുമെന്ന് വ്യാസമതമുണ്ട്. ‘എന്ന ഹരിദാസ് തകുറായുടെ ന്യായവിചിന്തനത്തിനു മുന്നില്‍ വിമര്‍ശകര്‍ പിന്തിരിയുകയായിരുന്നു.
ഹരിദാസിന്റെ ധര്മവിശ്വാസത്തെയും വിഷ്ണുഭക്തിയെയും ദേശത്തെ സുല്‍ത്താന്‍ ചോദ്യം ചെയ്ത കഥയുണ്ട്. തകുറായുടെ യുക്തിഭദ്രമായ മറുപടിയില്‍ സുല്‍ത്താന്റെ ഉള്ളം തെളിഞ്ഞു. തല്‍പ്പര കക്ഷികള്‍ വിധിച്ച ശിക്ഷയെ അദ്ദേഹം അതിജീവിച്ച കഥ ഐതിഹ്യ പെരുമയില്‍ പ്രസിദ്ധമാണ്. ഹരിദാസിന്റെ ഭക്തിവിശുദ്ധിയും ധര്മധീരതയും ഭാവാത്മകമായി രേഖപ്പെടുത്തുകയാണ് ഇത്തരം പഴങ്കഥകള്‍.
ചൈതന്യ മഹാപ്രഭുവുമൊത്തുള്ള സഹവാസവും നിര്‍മല പ്രണയഭക്തിയും ഹരിദാസിന്റെ സ്വത്വബോധത്തെ പൂര്‍ണതയുടെ പൂര്ണിമയിലേക്ക് നയിച്ചു. വൃന്ദാവനത്തില്‍ നിന്ന് മഹായോഗികളായ സനാതന ഗോസ്വാമിയും രൂപ് ഗോസ്വാമിയും സന്ദര്‍ശനാര്‍ഥം ഹരിദാസിന്റെ പര്‍ണകുടീരത്തില്‍ പതിവായെത്തിയിരുന്നു.
സമ്പുഷ്ടമായ ആ ധര്മജീവനം ഐതിഹാസികമായിരുന്നു. ചൈതന്യമഹാപ്രഭുവിന്റെ കണ്മുന്നിലാണ് ഹരിദാസ് തകുറാ വിഷ്ണുപദം പ്രാപിക്കുന്നത്. ‘ഹരിദാസ്ജിയുമായുള്ള നമ്മുടെ സമ്പര്‍ക്കം ഭഗവാന് കൃഷ്ണന്റെ മഹാകൃപയുടെ ഫലമാണ്. ഭീഷ്മരെപ്പോലെ സ്വച്ഛന്ദമൃത്യുവാണ് ഹരിദാസ്ജിയുടേതും.’ സംസ്കാരാനന്തരം മഹാപ്രഭു അനുയായികളോടോതി. അപൂവമായ ആ ജന്മസുകൃതം ഭാരതീയ ധര്മവിദ്യാപൈതൃകത്തിന്റെ മഹിതമാര്‍ഗം അടയാളപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: