കട്ടപ്പന: ഉപ്പുതറ കണ്ണംപടിയില്‍ വനവാസിയുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹവുമായി വന്ന വാഹനം കിഴുകാനം ചെക്ക്പോസ്റ്റില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ താല്കാലിക വാച്ചറെ വനം വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
വാക്കത്തി ഭാഗത്ത് താമസിക്കുന്ന ഈറ്റക്കല്‍ ബിജു ഇരവി(46) യുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച കണ്ണംപടി കുടിലമറ്റം ശശിയെയാണ് വനം വകുപ്പ് പുറത്താക്കിയത്.
കൂലിപ്പണിക്കാരനായ ബിജു ചൊവ്വാഴ്ച്ച രാവിലെ വളകോട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു. ജോലി സ്ഥലത്ത് വെച്ച് രാവിലെ 9 മണിയോടെ ബിജുവിന് നെഞ്ചിന് വേദന അനുഭവപ്പെട്ടു. ഉപ്പുതറ സിഎച്ച്സിയില് എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 12 മണിയോടെ ബിജു മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊറോണ ടെസ്റ്റ് പൂര്‍ത്തിയാക്കി രാത്രി ഏഴ് മണിയോടെ കിഴുകാനം ചെക്ക് പോസ്റ്റില്‍ മൃതദേഹവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ വാച്ചര്‍ ഇവരെ തടയുകയായിരുന്നു.
മൃതദേഹമാണെന്ന് പറഞ്ഞിട്ടും മദ്യലഹരിയിലായ വാച്ചര്‍ കടത്തിവിട്ടില്ല. ഡിഎഫ്ഒയെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയതിന് ശേഷമാണ് മൃതദേഹം ചെക്ക്പോസ്റ്റ് കടത്തിവിട്ടത്. ശക്തമായ മഴയത്ത് മുക്കാല്‍ മണിക്കൂറോളം മൃതദേഹവുമായി ബന്ധുക്കള്‍ വഴിയില്‍ കിടക്കേണ്ട ഗതികേട് വന്നു. മരിച്ച ബിജു താമസിക്കുന്ന വാക്കത്തി ഭാഗത്തേക്കുള്ള വഴി ഏറെ ദുര്‍ഘടം പിടിച്ചതാണ്. രാത്രി സമയത്ത് മൃതദേഹം തടഞ്ഞ പ്രവര്‍ത്തിയില്‍ ഊരുമൂപ്പന്മാര് പ്രതിഷേധിച്ചു.
വളരെ വൈകി രാത്രിയിലാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. വനവാസി സമൂഹത്തോട് തന്നെയുള്ള ഒരു വെല്ലുവിളിയാണിതെന്ന് പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: