അവധൂത നാദാനന്ദയുടെ ‘അപരിചിതന്’ എന്ന ആത്മഭാഷണത്തെക്കുറിച്ച്
അപരിചിതമായി പ്രപഞ്ചത്തിലൊന്നും തന്നെ ഇല്ലാത്തവന്റെ, കാറ്റിനെപ്പോലെ കാലത്തോട് സംവദിക്കുന്ന ഒരുവന്റെ ആത്മസഞ്ചാരത്തിന് അപരിചിതനെന്ന് പേര്…. ജീവിതതൃഷ്ണകളില് മുഴുകി ലോകമേ ഞാനെന്ന് കരുതി കഴിയാന്‍ വിധിക്കപ്പെട്ട സാധാരണര്‍ക്ക് ‘അയാള്‍’ അപരിചിതനാണ്. അഗാധതയില്നിന്നെന്നവണ്ണം ഉതിരുന്ന ആ മൊഴികള്‍ അപരിചിതമാണ്.
എന്നാല്‍ അയാളോട് കുര്‍ണൂലില്‍ നിന്നുള്ള കുരുവി കുശലം പറയും. സിദ്ധഗഞ്ചിലെ കൂട്ടുകാരുടെ അന്വേഷണം അറിയിക്കും. മഴക്കാലത്തേക്കുള്ള അരിയും ചുമടേറ്റിപ്പോകുന്ന ചോണനുറുമ്പുകള്‍ അയാളോട് കലഹിക്കും. ജീവിത പ്രാരബ്ധത്തെക്കുറിച്ച് തര്‍ക്കിക്കും. മുറിക്ക് തൊട്ടുപിന്നിലെ ധാന്യക്കലവറയില്നിന്ന് സോയാബീനും ധാന്യങ്ങളും കഴിക്കുന്ന പശു അയാളോട് പൂര്‍വജന്മത്തിലെ ഉഞ്ഛവൃത്തിയെപ്പറ്റി, പട്ടിണിയായിപ്പോയ ജന്മത്തെപ്പറ്റി പരിതപിക്കും. നര്‍മദയിലെ സിദ്ധനായ മത്സ്യം അഹന്തയിലമര്ന്ന തന്റെ ജീവിതത്തെക്കുറിച്ച് ആകുലപ്പെടും.
അപ്പോള്‍പ്പിന്നെ ‘അയാള്‍’ ആര്‍ക്കാണ് അപരിചിതന്. കേവലരുടെ ആവലാതികള്‍ക്കപ്പുറം അവധൂതന്റെ അനുഭൂതികള്‍ നിറയുന്ന ആത്മഭാഷണത്തിന്റെ താളുകളാണ് അപരിചിതന് എന്ന ചെറുപുസ്തകം. അക്ഷരങ്ങളാണ് മുന്നില്‍ അടുക്കിയും ചിതറിയും കാണുന്നതെങ്കിലും ആത്മാവാണ് നമ്മോട് സംവദിക്കുന്നത്.
ഇതൊരു സംവാദമാണ്. ആര്‍ക്കും അവനവനോട് തന്നെ പേര്‍ത്തും പേര്‍ത്തും നടത്താവുന്ന സംവാദം. പിന്നെയും പിന്നെയും വായിക്കുമ്പോള്‍ അകത്തേക്ക് വിരല്‍ചൂണ്ടി അയാള്‍ നില്ക്കും. തന്നില്‍ മിച്ചമായി ഒന്നും സൂക്ഷിച്ചുവയ്ക്കാത്തവന്റെ മറ്റുള്ളവര്‍ക്കായുള്ള വര്‍ത്തമാനമാണ് ഈ അനുഭൂതിവിശേഷങ്ങള്‍.
ഇതില്‍ ധര്‍മ്മസംവാദമുണ്ട്, ആത്മതത്വസമീക്ഷയുണ്ട്. നിഷേധാത്മകതയെ പുല്കാന് കൊതിക്കുന്ന പുത്തന്‍നാമ്പുകള്‍ക്ക് പ്രതീകാത്മകകഥകളുടെ മുത്തശ്ശിമധുരമുണ്ട്. സങ്കല്‍പ്പലോകത്തിലൂടെയുള്ള സഞ്ചാരത്തിനിടെ സംഭവിക്കുന്ന കൗതുകകരമായി രൂപാന്തരീകരണമുണ്ട്.
അത്തരമൊരു സഞ്ചാരത്തിലാണ് ‘അയാള്‍’ കൊറോണയോട് അനിഷേധ്യമാം വണ്ണം ഇങ്ങനെ പറയുന്നത്, ”എന്തിന് നിന്നെ ഭയക്കണം? ഒരു സംന്യാസിയുടെ ജീവിതം ആരംഭിച്ച സമയം മുതല്‍ ഇത് ഒരു മൃതദേഹമാണ്., ഞാന്‍ മരിച്ചതാണ്. നടക്കുന്ന മൃതദേഹം…” ഭയമില്ലാത്ത ഭാരതീയന്റെ വാക്കുകള്‍. ആത്മീയത നിര്‍ഭയമായ മനസ്സിനെ സൃഷ്ടിക്കുമെന്ന് പാഠം.
താനുള്ളപ്പോള്‍ പിന്നെ ശൂന്യത എങ്ങനെ എന്നതാണ് നിശ്ശബ്ദതയോടുള്ള ചോദ്യം. ശൂന്യത അനുഭവിക്കുന്ന ഒരാളില്ലാതെ ശൂന്യത ഉണ്ടാകുന്നില്ല. ശൂന്യത ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും അത് അനുഭവിക്കുന്ന ഞാന്‍ അവിടെയുണ്ടായിരുന്നുവെന്നുബ്ദതയുടെ ശബ്ദം അയാളെ ഒന്നുമില്ലായ്മയില്‍ പൂര്‍ണത അനുഭവിപ്പിച്ചു……
അവധൂതനാദാനന്ദയുടെ ദര്‍ശനങ്ങളാണ് ഈ ചെറുപുസ്തകം. നവനീതിന്റെ പരിഭാഷയില്‍ പ്രദീപ് നമ്പ്യാരുടെ സംയോജനത്തില്‍ കോഴിക്കോട് ഇന്ത്യാബുക്സ് പുറത്തിറക്കിയ ഈ പുസ്തകം ആത്മാന്വേഷികള്‍ക്ക് വലിയ പാഠമാണ്. എണ്‍പത് പേജില്‍ പ്രകൃതിയോട് ചേര്‍ന്നുള്ള വിചാരമഥനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: