ദുബായ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഐപിഎല്‍ പതിമൂന്നാം സീസണിലെ എമര്മിങ് പ്ലെയര്‍ പുരസ്കാരം സ്വന്തമാക്കി.
ഐപിഎല്ലില്‍ ഈ സീസണില്‍ അരങ്ങറിയ ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.15 ഇന്നിങ്സുകളില്‍ അഞ്ചു അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സ് നേടി. അരങ്ങേറ്റത്തില്‍ തന്നെ നാനൂറ് റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി.
രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം. 14 മത്സരങ്ങളില്‍ ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ നേടി. 175 ഡോട്ട് ബോളുകളാണ് എറിഞ്ഞത്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരത്തിനുള്ള ഓറഞ്ച് ക്യാപ്പ് കിങ്സ് ഇലവന് പഞ്ചാബിന്റെ നായകന് കെ.എല്‍. രാഹുലിന്റെ ശിരസിലേറി. പതിനാല് ഇന്നിങ്സുകളില്‍ 670 റണ്‍സ് അടിച്ചെടുത്തു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും കുറിച്ചു. പുറത്തകാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 55.83 ആണ് ശരാശരി.
ദല്‍ഹിയുടെ ശിഖര്‍ ധവാനാണ് രണ്ടാം സ്ഥാനം. പതിനേഴ് ഇന്നിങ്സില്‍ 618 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (548), ശ്രേയസ് അയ്യര്‍ (519), ഇഷാന് കിഷന് (516) എന്നിവര്‍ യഥാക്രമം മൂന്ന് , നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ദല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ സ്വന്തമാക്കി. പതിനേഴ് മത്സരങ്ങളില്‍ 30 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജസ്പ്രീത് ബുംറ( 27 വിക്കറ്റ്), ട്രെന്‍ഡ് ബോള്‍ട്ട് (25), ആന്റിച്ച് നോര്‍ട്ജെ (22), യുസ്വേന്ദ്ര ചഹല്‍ (21) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ചതാരം മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന് കിഷനാണ്. മുപ്പത് സിക്സറുകള്‍. രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണാണ് (26 സിക്സറുകള്‍) രണ്ടാം സ്ഥാനം.
പവര്‍ പ്ലെയര്‍ ഓഫ് ദ സീസണായി മുംബൈ ഇന്ത്യന്‍സിന്റെ ട്രെന്‍ഡ് ബോള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. പവര്‍പ്ലേ ഓവറുകളില്‍ മാത്രം ബോള്‍ട്ട് 16 വിക്കറ്റുകള്‍ വീഴ്ത്തി.
സൂപ്പര്‍ സ്ട്രൈക്കര്‍ ഓഫ് ദ സീസണായി മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. 191.42 ആണ് സ്ട്രൈക്ക് റേറ്റ്. ഫെയര്‍ പ്ലേ പുരസ്കാരം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: