കേരളത്തില്‍ ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് പിണറായി വിജയന്‍ സര്‍ക്കാരിന് വന്നുപെട്ടത്. ബഹുവിധ ഏജന്‍സികളെയും മാധ്യമങ്ങളെയും സ്വാധീനിച്ച് ഇതാ വരുന്നു തുടര്‍ഭരണം എന്ന പെരുമ്പറയടിച്ചിട്ട് ആറുമാസമേ ആയുള്ളൂ. അതിനിടയിലാണ് യുഎഇ കോണ്‍സിലേറ്റ് വഴിയെത്തിയ സ്വര്‍ണം ഇടിത്തീയായത്. ഇത് തന്ത്രപരമായ കള്ളക്കടത്താണെന്ന് വ്യക്തമായതോടെ തുടര്‍ന്ന് അന്വേഷണം ചെന്നെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. സ്വര്‍ണക്കടത്തിനൊപ്പം വന്ന ഖുറാന്‍ ബണ്ടിലുകളും വിനയായി. ഖുറാനെന്ന പേരിലെത്തിയ ബണ്ടിലുകളില്‍ കുറേ എണ്ണത്തില്‍ സ്വര്‍ണമാണെന്ന സംശയവും ബലപ്പെട്ടു.
ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ കള്ളക്കളിയും കൂടിയായപ്പോള്‍ സംഗതി ബഹുജോര്‍. ജലീലിനെ മൂന്നുതവണ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. രണ്ടുതവണ കൊച്ചിയില്‍ ഏജന്‍സിക്ക് മുന്നിലെത്തി തലയില്‍ മുണ്ടിട്ട്. മൂന്നാമത്തെ തവണ ഔദ്യോഗികവാഹനത്തിലും. ഒളിച്ചോടിയത് വഴിയില്‍ തടയപ്പെടാതിരിക്കാനെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണം.
ആദ്യം സ്വകാര്യ വാഹനത്തില്‍ പോയത് രഹസ്യമായി അറിയിച്ചതുമൂലമാണെന്ന് മന്ത്രിയുടെ ന്യായീകരണം. മൂന്നാമത് കസ്റ്റംസ് പരസ്യമായി ആവശ്യപ്പെട്ടതിനാല്‍ പരസ്യമായി പോയെന്നും നിലപാട്. അതുകഴിഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഉന്നതമായ വങ്കത്തം വ്യക്തമാക്കുന്നത്. ”ആയിരം ഏജന്‍സികള്‍ പതിനായിരം വര്‍ഷം തപസ്സിരുന്നാലും എനിക്കെതിരെ ഒരു തെളിവും കിട്ടില്ല. കുരുക്കുമുറുക്കാന്‍ നോക്കുന്നവരാണ് കുരുങ്ങുക” എന്ന ഭീഷണിയും. ലോകത്തൊരിടത്തും ആയിരം ഏജന്‍സികളില്ല. പതിനായിരം വര്‍ഷം തപസ്സുമില്ല. കഷ്ടകാലത്ത് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെയിതാ ജലീലിന്റെ തിസീസ് തട്ടിക്കൂട്ടിയതും ആശയങ്ങള്‍ പകര്‍ത്തിയെഴുതിയതുമെന്ന പരാതി വന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വിസിയോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.
മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാലയില്‍ നിന്ന് 2006ല്‍ ജലീല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഇതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ.എം.കെ രാമചന്ദ്രന്‍ നായര്‍ ഇടപെട്ടാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതിയാണ് ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയത്. പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രബന്ധത്തിന്റെ പകര്‍പ്പ് എടുത്തായിരുന്നു പരിശോധന.
പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണെന്ന് പരാതിയില്‍ പറയുന്നു. പുതുതായി ഒരു ഗവേഷണ പഠനവും നടത്തിയിട്ടില്ല. പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികള്‍ കുത്തിനിറച്ചിട്ടുണ്ട്. ഗവേഷകന്‍ സ്വന്തമായി എന്താണ് സമര്‍ത്ഥിക്കുന്നതെന്ന് വ്യക്തമല്ല. തീസീസില്‍ സ്വന്തം സംഭാവനകളോ ഇല്ല. ഗവേഷണഫലം സാധൂകരിക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തവയാണ്. ഇവയ്‌ക്ക് വേണ്ട സൂചികകള്‍ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികള്‍ വളച്ചൊടിച്ചു.
ജലീല്‍ സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യ അധ്യായത്തിലും അവസാന അധ്യായത്തിലുമുള്ള അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും നിറഞ്ഞിരിക്കുന്നു. വാചകങ്ങള്‍ക്ക് നേരായ ഘടനയില്ല. പ്രയോഗങ്ങളും ശൈലികളും കേട്ടുകേള്‍വിയില്ലാത്തതും അബദ്ധങ്ങളുമാണ്. മൂലഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ക്ക് പകരം പലതവണ പകര്‍പ്പിന് വിധേയമാക്കിയതോടെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണെന്നും പരാതിയിലുണ്ട്. ഡോ.ബി.ഇക്ബാല്‍ വൈസ്ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് ജലീല്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഗവേഷണം തുടരാത്തതുകൊണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അനധികൃത അസിസ്റ്റന്റ് നിയമന കേസില്‍ പ്രതിയായ ഡോ. രാമചന്ദ്രന്‍ നായര്‍ വി.സിയായ ഉടനെ റദ്ദാക്കിയ രജിസ്ട്രേഷന്‍ വീണ്ടും അനുവദിച്ചതും സിണ്ടിക്കേറ്റ് നിലവിലില്ലാതിരുന്നപ്പോള്‍ മൂല്യനിര്‍ണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്നും പരാതിയിലുണ്ട്. ഈ കാലയളവില്‍ തന്നെയാണ് അസിസ്റ്റന്റ് നിയമനത്തിലെ തിരിമറിയും പുറത്തുവന്നത്.
തിസീസിനെ ന്യായീകരിക്കാന്‍ ജലീല്‍ വര്‍ഗീയ അജണ്ടയും പുറത്തെടുത്തിരിക്കുന്നു. മാപ്പിള ലഹളയേയും അതിന് നേതൃത്വം നല്‍കിയവരേയും ന്യായീകരിക്കാനുള്ള ശ്രമം ഏതായാലും സിപിഎമ്മിന് കണ്ടില്ലെന്ന് നടിക്കാനേ സാധിക്കൂ. ജലീലിനെ പോലെ തന്നെ കുരുക്കില്‍ പെട്ടിരിക്കുകയാണല്ലോ സര്‍ക്കാര്‍ മൊത്തമായും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടയില്‍ പ്രോട്ടോകോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്തെ ഫയലുകള്‍ കത്തിച്ചത് സര്‍ക്കാരിനെ തിരിഞ്ഞുകുത്തുകയാണ്. ഫയല്‍ കത്തിച്ചതാണെന്ന് വാര്‍ത്ത് നല്‍കിയവര്‍ക്കും പ്രതികരിച്ചവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പ്രസ്താവിച്ചിരുന്നു. ഇപ്പോള്‍ ഫോറന്‍സിക് അന്തിമ റിപ്പോര്‍ട്ടിലും കത്തിച്ചതാണെന്ന നിഗമനം നല്‍കി കഴിഞ്ഞു. എന്നാല്‍ പോലീസ് അനിയന്ത്രിതമായി ഫാന്‍ കറങ്ങിയതാണ് തീപിടുത്തതിന് കാരണമെന്ന കള്ളക്കഥ തുടരുകയാണ്. അത് ഇനി എവിടെ? എങ്ങനെ അവസാനിക്കുമെന്നാണ് കാണാനിരിക്കുന്നത്.
ലീഗ് എംഎല്‍എ കമറുദ്ദീനെതിരെ പരാതി ലഭിച്ചിട്ട് മാസങ്ങളായി. ഇപ്പോഴാണ് അറസ്റ്റ് നടന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുടെ പേരില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ നടപടിയും വന്നില്ല. കെ.എം.ഷാജി എംഎല്‍എയുടെ വരവില്‍ കവിഞ്ഞ സ്വത്തിനെക്കുറിച്ചും ഇതുവരെ കണ്ണടയ്‌ക്കുകയായിരുന്നു. ലീഗിനെ വിരട്ടി വരുതിയിലാക്കാനുള്ള ശ്രമം ആറുമാസം കൂടി തുടര്‍ന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: