കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം തുറന്നിട്ട തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ആനച്ചന്തം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്. കല്ലുകള്‍ വാരി പരസ്പരം എറിഞ്ഞും തലകുലുക്കി തുള്ളിച്ചാടിയും നടക്കുന്ന കുട്ടിയാനകളുടെ കുറുമ്പു കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ ആന പുനരധിവാസ കേന്ദ്രം ഉണര്‍ന്നു. 78 വയസ്സുള്ള സോമനും ഇളമുറക്കാരി ഒരു വയസ്സുള്ള ശ്രീക്കുട്ടിയും ഉള്‍പ്പെടെ 15 ആനകളാണ് കാപ്പുകാട് കേന്ദ്രത്തില്‍ ഉള്ളത്.
ശ്രീക്കുട്ടിക്ക് കൂട്ടായി നാലര വയസ്സുള്ള പൂര്‍ണയും മൂന്നര വയസ്സുള്ള മനുവും മൂന്നു വയസ്സുകാരി മായയും രണ്ടര വയസ്സുള്ള കുട്ടി കൊമ്പന് മനുവും ഉള്‍പ്പെടെ കുട്ടിയാനകള്‍ വേറെയുമുണ്ട്. രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണ് പ്രവേശനം. തിങ്കളാഴ്ച അവധിയാണ്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഫീസ്. രാവിലെ 9 ന് റിസര്‍വോയറിലെ കുളി കഴിഞ്ഞ് 10 മണിയോടെ ആഹാരത്തിനായി ആനകള്‍ അണിനിരക്കും. അതോടെ കാഴ്ചയുടെ പൂരമൊരുങ്ങും.
പതിനൊന്നോടെ വലിയ ആനകളെ കൊട്ടിലില്‍ കൊണ്ടുപോകും. കുട്ടിയാനകളെ റേഞ്ച് ഓഫീസ് പരിസരത്തെ ഗ്രൗണ്ടില്‍ നേരില്‍ കാണാം. വൈകിട്ട് കുളി കഴിഞ്ഞ് ആഹാരത്തിനായി വീണ്ടും വരും. അവസാന സഞ്ചാരി പോകുംവരെ അവര്‍ക്ക് മുന്നില്‍ കൊമ്പു കുലുക്കി, തുമ്പിക്കൈ നീട്ടി നില്ക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആന പരേഡുണ്ട്. സോമന് മുതല്‍ ശ്രീക്കുട്ടിവരെ പരേഡില്‍ പങ്കെടുക്കും. തുമ്പിക്കൈ കൊണ്ട് വാലില്‍ പിടിച്ച് നിരനിരയായി നടന്നു നീങ്ങുന്ന ആന പരേഡ് കാണികള്‍ക്ക് കൗതുകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: