കല്‍പ്പറ്റ: കോഴിക്കോട് ഊട്ടി ദേശീയ പാതയുടെ ഭാഗമായ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം ഇഴയുന്നതായി പരാതി. താഴ്ന്ന സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിര്‍മിച്ചും ആധുനിക രീതിയില്‍ റോഡ് നവീകരിക്കാന്‍ 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഏകദേശം ഒരു വര്‍ഷത്തോളമായി റോഡ് പണിയുടെ പ്രവര്‍ത്തി ആരംഭിച്ചിട്ട്. എന്നാല്‍ ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതിനാല്‍ പ്രവര്‍ത്തി മെല്ലെയാണ് നീങ്ങുന്നതെന്ന് ആരോപണമുണ്ട്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മഴക്കാലത്ത് റോഡ് ചെളിക്കുളമായി ഗതാഗതം ദുഷ്ക്കരമായിരുന്നു. മഴ മാറി വേനലായതോടെ രൂക്ഷമായ പൊടി ശല്യമാണ് അനുഭവപ്പെടുന്നത്. വാഹന യാത്രക്കാരും വഴിയോരങ്ങളിലെ കുടുംബങ്ങളും പൊടി ശല്യം മൂലം വലയുകയാണ്. വഴിയോര കുടുംബങ്ങളുടെ അടുക്കളയില്‍ വരെ പൊടി നിറയുകയാണ്. പലര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
റോഡ് പ്രവര്‍ത്തി വൈകുന്നതിന് അനുസരിച്ച് ആളുകളുടെ ദുരിതവും വര്‍ധിക്കുകയാണ്. പ്രവര്‍ത്തി ആരംഭിച്ചിട്ട് ഒരു വര്‍ഷമായിട്ടും തീരെ വേഗതയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ഇതിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കൂടാതെ അന്യജില്ലകളില്‍ നിന്നുള്ള ടിപ്പര്‍ ലോറികളും ചീറിപ്പായുന്നു. തന്മൂലം രാപകലെന്യേ പൊടിശല്യം അനുഭവപ്പെടുന്നു. തമിഴ്നാട് ഈറോഡിലുള്ള ഒരു കമ്പനിയാണ് റോഡ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ നിര്‍മാണ പ്രവര്‍ത്തി സബ് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്.
ചുണ്ടേല്‍ റിപ്പണ്‍ റോഡില്‍ മേപ്പാടി പോലീസ് സ്റ്റേഷന് സമീപം രണ്ട് കിലോമീറ്ററോളം ദൂരം റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്നതിനുള്ള മറ്റൊരു പ്രവര്‍ത്തി പിഡബ്ല്യൂഡി റോഡ്സ് വിഭാഗം കരാര്‍ നല്‍കിയിട്ടുണ്ട്. അതിനിടെ റോഡ് പൊളിച്ച ഭാഗങ്ങളില്‍ മെറ്റലും പാറപ്പൊടിയും അടങ്ങിയ മിശ്രിതം അടുത്തയാഴ്ചയോടെ നിക്ഷേപിച്ചു തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: