തിരുവനന്തപുരത്ത് തപസ്യയുടെ ആരംഭകാലം മുതലുള്ള സാരഥികളില്‍ ഒരാളാണ് കഴിഞ്ഞദിവസം തികച്ചും അപ്രതീക്ഷിതമായി വിടപറഞ്ഞ ടി പദ്നാഭന് നായര്‍. കേരള സര്‍ക്കാറില്‍ ഫിനാന്‍സ് വകുപ്പില്‍നിന്ന് അഡീഷണല്‍ സെക്രട്ടറി ആയി അദ്ദേഹം വിരമിച്ചിട്ട് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ ഒരു ഘട്ടത്തിലും അദ്ദേഹം തപസ്യ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നിട്ടില്ല. തലമുറകള്‍ മാറുന്നതനുസരിച്ച് മാറിമാറിവന്ന സഹപ്രവര്‍ത്തകരുമായി സഹകരിച്ചും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയും അദ്ദേഹം അന്ത്യനിമിഷംവരെ ഉത്സാഹം കൈവിടാതെ പ്രവര്‍ത്തിച്ച് മാതൃക സൃഷ്ടിച്ചു. പത്മനാഭന് നായര്‍ എഴുത്തുകാരനോ പ്രഭാഷകനോ ആയിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഉടനീളം, ആശ്ചര്യകരമായ നിര്‍മമത്വം പുലര്‍ത്തിയ സംഘാടകനായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും നിരുപാധികം, വിശ്വാസപൂര്‍വ്വം ആശ്രയിക്കാവുന്ന ജ്യേഷ്ഠ കാര്യകര്‍ത്താവ്; ജ്യേഷ്ഠ സഹോദരന്. തപസ്യ സംസ്ഥാന സമിതി അംഗം, സംസ്ഥാന കാര്യദര്‍ശി, ഉപാധ്യക്ഷന്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ശാന്തമായ ഒരു പുഴ കണക്കേ അദ്ദേഹം എന്നും തപസ്യയോടൊപ്പം സഞ്ചരിച്ചു. താന്‍ നിര്‍വഹിച്ച കര്‍ത്തവ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒരു അവകാശവാദവും ഇല്ല. തന്റെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ ഒട്ടും പരിശ്രമിച്ചതുമില്ല. വളരെ സ്നേഹസമ്പന്നനായിരുന്നു. അദ്ദേഹം ആരെയെങ്കിലും വിമര്‍ശിച്ചു കേട്ടിട്ടില്ല, ക്ഷോഭിച്ച് കണ്ടിട്ടുമില്ല.
1987-88 കാലം മുതല്‍ പദ്നാഭേട്ടനെ എനിക്ക് അറിയാം. അക്കാലത്ത് സെക്രട്ടറിയേറ്റില്‍ നിന്നുള്ള ധാരാളം ഉദ്യോഗസ്ഥന്മാര് തപസ്യ കാര്യകര്‍ത്താക്കളായിട്ട് ഉണ്ടായിരുന്നു. പി കെ രഘുവര്‍മ്മ, ടി പദ്മനാഭന് നായര്‍, ശ്രീകുമാര്‍, എന്‍ മോഹന്‍കുമാര്‍, വിജയകുമാര്‍ എന്നിങ്ങനെ നിരവധി പേര്. അതുകൂടാതെ കെ പി പ്രേമചന്ദ്രന്, ബാഹുലേയന്, കെ പി മണിലാല്‍, ഡോ. പി ബാലചന്ദ്രന്, പി ബാലകൃഷ്ണന്, ആര്‍ട്ടിസ്റ്റ് നീലകണ്ഠന്,കെ കൃഷ്ണപിള്ള തുടങ്ങി അനുഭവസമ്പന്നരായ നിരവധി കാര്യകര്‍ത്താക്കള്‍ വേറെയുമുണ്ടായിരുന്നു. അചിരേണ കവി പി നാരായണക്കുറുപ്പും, പ്രൊഫസ്സര്‍ സി. ജി. രാജഗോപാലുമൊക്കെ മണിലാല്‍ ജിയുടെ സമ്പര്‍ക്കം വഴി തപസ്യയുടെ നേതൃനിരയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. തപസ്യ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ വേദി പ്രധാനമായും ട്രിവാന്‍ഡ്രം ഹോട്ടലായിരുന്നു. സംഘടനാ യാത്രയുടെ ഭാഗമായി കോഴിക്കോട്ടുനിന്ന് ഞാന്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വേളകളില്‍ പ്രധാന പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടക്കാറുണ്ട്. ചിലപ്പോള്‍ അവരൊക്കെ പ്രവര്‍ത്തിയെടുക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തും. അങ്ങനെ പദ്നാഭന് നായരെയും അറിയാം. എന്നാല്‍ പദ്നാഭേട്ടന്റെ യഥാര്‍ത്ഥ വ്യക്തിത്വം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് 1995 ലാണ്. ആ വര്‍ഷമാണ് തപസ്യയുടെ പതിനെട്ടാം വാര്‍ഷികോത്സവം തിരുവനന്തപുരത്ത് നടന്നത്. എല്ലാ നിലയ്ക്കും നല്ല പ്രഭാവം ചെലുത്തിയ പരിപാടിയായിരുന്നു അത്. നാലു സായാഹ്നങ്ങളിലായി നടന്ന സാംസ്കാരിക സദസ്സുകള്‍, സാംസ്കാരിക പ്രദര്‍ശനം, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ ആദ്യന്തം പങ്കെടുക്കുന്ന രണ്ടുദിവസത്തെ പ്രധാന സമ്മേളനം. ഇവയെല്ലാം ഉള്‍പ്പെട്ട ആ വാര്‍ഷികം ജനുവരി 3 മുതല്‍ 8 വരെ പാഞ്ചജന്യംഹാളിലാണ് നടന്നത്. മഹാകവി അക്കിത്തം, കാവാലം, പി പരമേശ്വരന്, പ്രൊഫസര്‍ ഗുപ്തന് നായര്‍, ഡോ. അയ്യപ്പപണിക്കര്‍, ഭരത് ഗോപി,ഡോ. കെ എം ജോര്‍ജ് സുഗതകുമാരി, വി എം കൊറാത്ത്, എം എ കൃഷ്ണന്, പി നാരായണക്കുറുപ്പ്, സി ജി രാജഗോപാല്‍, ഡോ. ഘനശ്യാമപ്രസാദ് റാവു, കഥാകൃത്തുക്കളായ എന്‍ മോഹനന്, എസ് വി വേണുഗോപന്‍ നായര്‍, ജി എന്‍ പണിക്കര്‍, ഇ വാസു, എം രാജീവ് കുമാര്‍, നാടക പ്രവര്‍ത്തകനായ രഘൂത്തമന്, നാടന്‍ കലാപണ്ഡിതന്‍ ജി ഭാര്ഗവന് പിള്ള, അന്നത്തെ ചീഫ് സെക്രട്ടറി ആര് രാമചന്ദ്രന് നായര്‍, സാംസ്കാരിക വകുപ്പ് കമ്മീഷണര്‍ ഡി ബാബുപോള്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍ ടി ബാലകൃഷ്ണന്, ഡോ. ആര് വി ജി മേനോന്, കെ പി ശശിധരന്, ടി ആര് സോമശേഖരന്‍, പ്രശസ്ത കലാകാരന്മാരായ കെവി ഹരിദാസ്, കാട്ടൂര്‍ നാരായണ പിള്ള, പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന വിവിധ സദസ്സുകള്‍. പ്രൊഫ. പി സി ദേവസ്യ (സംസ്കൃതം), കൊച്ചുകുട്ടന് ചാക്യാര്‍ (കൂത്ത്, കൂടിയാട്ടം), മടവൂര്‍ വാസുദേവന്‍ നായര്‍ (കഥകളി), പ്രൊഫ. സി എല്‍ പൊറിഞ്ചുക്കുട്ടി (ചിത്രകല), തലയില്‍ കേശവന്നായര് (വില്‍പ്പാട്ട്) എന്നീ ഗുരുശ്രേഷ്ഠരെ ഉപഹാരം നല്കി ആദരിച്ചു. സോപാനത്തിന്റെ തെയ്യത്തെയ്യം എന്ന നാടകം, കലാമണ്ഡലം ഉഷാറാണിയും സംഘവും അവതരിപ്പിച്ച വന്ദേമാതര ഗാനത്തിന്റെ നൃത്താവിഷ്ക്കാരം. സ്വാഭാവികമായി നല്ല സാമ്പത്തിക ചെലവുവരുന്ന പരിപാടികള്‍. വാര്‍ഷികോത്സവ നടത്തിപ്പിന്റെ പ്രധാന ചുമതലക്കാരന് കെ പി മണിലാലായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം എംഡി ഭരത് ഭൂഷണ് സ്വാഗതസംഘം ചെയര്മാന് എന്ന നിലയില്‍ കാര്യമായ സഹായം നല്കി. എങ്കിലും സാമ്പത്തിക കാര്യം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ മണിലാല്ജിയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത് ടി പദ്മനാഭന് നായര്‍ ആയിരുന്നു. അദ്ദേഹം ഒപ്പം നിന്ന് സഹായിച്ചു. ആ സമയത്ത് അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്കും അവസരം കിട്ടി. അപ്പോഴാണ് പദ്മനാഭന് നായരുടെ ഉള്‍ക്കരുത്തും മനശ്ശുദ്ധിയും വെളിപ്പെട്ടത്. അദ്ദേഹത്തെക്കുറിച്ചുള്ള അന്നത്തെ ആ വിശ്വാസം വര്‍ദ്ധിക്കുകയല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ മഹത്വത്തിന്റെ അടയാളം.
2011 ല്‍ ഞാന്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തനത്തിന് എത്തിയശേഷം നടന്ന ഒരു സംഭവം. കോഴിക്കോട് നിശ്ചയിച്ചിരുന്ന തപസ്യ വാര്‍ഷികസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിശ്ചയിച്ചിരുന്ന പല പ്രമുഖര്‍ക്കും ആ പ്രത്യേക തീയതി അസൗകര്യമാണെന്ന് അറിയിച്ചു. അതിന്റെ വെളിച്ചത്തില്‍ കോഴിക്കോട്ടുനിന്ന് അനൂപ് കുന്നത്ത് ഫോണ്‍ ചെയ്തു. ‘ഉദ്ഘാടന ചടങ്ങിലേക്ക് ആരെയെങ്കിലും ലഭിക്കണം.’ സാംസ്കാരിക വകുപ്പ് മന്ത്രിയെ ലഭിക്കുമോ എന്നറിയാന്‍ ബന്ധപ്പെട്ടത് പത്മനാഭേട്ടനെയായിരുന്നു. സംസ്കൃതിഭവനിലെത്തി കോഴിക്കോട്ടുനിന്ന് അയച്ചുകിട്ടിയ ലഘുലേഖയുടെ ഒന്നുരണ്ടു കോപ്പികളുമായി അദ്ദേഹം പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു, ആരെങ്കിലും കൂടെ വേണ്ടേ?. ‘ഏയ് ആരും വേണ്ട’. അദ്ദേഹം പുറത്തേക്കു പോയി.
‘മന്ത്രി കോഴിക്കോട് പരിപാടിക്ക് വരാന്‍ സമ്മതിച്ചു’ വെന്ന പത്മനാഭേട്ടന്റെ ഫോണ്‍കോളാണ് കുറച്ച് കഴിഞ്ഞ് ലഭിച്ചത്. എനിക്ക് അതിശയമാണ് തോന്നിയത്. സമ്മേളനത്തില്‍ ഞാനും പോയിരുന്നു. അനൂപ് സച്ചിദാനന്ദാദികളും മറ്റു തപസ്യ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നു. അതാണ് പദ്മനാഭേട്ടന്!. അദ്ദേഹം ഇങ്ങനെ നിരവധി കാര്യങ്ങള്‍ തപസ്യക്കുവേണ്ടി നിശ്ശബ്ദമായി നിര്‍വഹിച്ചു. പരസ്പരം സംസാരിക്കുമ്പോള്‍ മറ്റുള്ളവരെ അദ്ദേഹം താങ്കള്‍ എന്നാണ് അഭിസംബോധന ചെയ്യുക. ആദ്യം അത് എനിക്ക് കൗതുകമായി തോന്നി. പിന്നീട് അത് അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റത്തിന്റെ ഒരു സൂചനയായി ഞാന്‍ തിരിച്ചറിഞ്ഞു. അശേഷം അഹങ്കാരമോ അവകാശവാദങ്ങളോ കൂടാതെയുള്ള സമര്‍പ്പണഭാവം. എല്ലാം ഇപ്പോള്‍ ഓര്‍മ്മ മാത്രമായി. ആ പുണ്യാത്മാവിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുടെയും പുത്രന്മാരുടെയും മറ്റ് ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: