മുണ്ടക്കയം: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം ആഘോഷത്തിന്റെ പേരില്‍ എസ്എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തി. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞും എഴുതി നല്‍കിയും തടിയൂരി സിപിഎം ലോക്കല്‍ സെക്രട്ടറി. പെരുവന്താനം ലോക്കല്‍ സെക്രട്ടറിയാണ് എസ്എന്‍ഡിപി 561ാം ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്.
എസ്എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെതിരെ എസ്എന്‍ഡിപി നേതാക്കള്‍ തന്നെ രംഗത്തുവന്നതോടെയാണ് സിപിഎം പ്രതിരോധത്തിലായത്. തുടര്‍ന്ന് സിപിഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയും പരസ്യമായി മാപ്പ് പറയാമെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നാല്‍, മാപ്പ് ഏഴുതി നല്‍കണമെന്ന് എസ്എന്‍ഡിപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ. ബിജു മാപ്പ് എഴുതി നല്കി. തുടര്‍ന്ന് എസ്എന്‍ഡിപി ഓഫീസിലെത്തി പരസ്യ ക്ഷമാപണം നടത്തി. എസ്എന്‍ഡിപി യൂണിയന് കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഡിജെഎസും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: