പൈതൃകപ്പെരുമയുടെ പുരോയാനത്തില്‍ ഗുജറാത്ത് നല്കിയ ആത്മീയ പ്രഭവങ്ങളും പ്രത്യക്ഷങ്ങളും പ്രകീര്‍ത്തിതമാണ്. പ്രകൃതി പൂര്‍ണിമയുടെയും പ്രഭാപൂര്‍ണമായ ജീവനകൗതുകങ്ങളുടെയും ഹരിതാഭ 115-ാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രവാഹത്തിനുമുന്പെ ഉറവയായി ആ ദേശത്തിന്റെ തനതുസംസ്കാരത്തെ സേചനം ചെയ്യാന്‍ തുടങ്ങിയിരുന്നു. ജൈനമുനി ഹേമചന്ദ്രനും ശാലിഭദ്രസൂരിയും ദാര്‍ശനിക വെളിച്ചം പകരുന്ന ഗീതകങ്ങളിലൂടെയും ഭക്തിമന്ദാരം പൊഴിക്കുന്ന കാവ്യങ്ങളിലൂടെയും ഉണര്‍ത്തിയെടുത്ത സാംസ്കാരിക ദൗത്യം സമൂഹമനഃസാക്ഷിയുടെ കോളിളക്കമായി. പ്രഭാസൂരി, മാണിക്യസുന്ദര്സൂരി, കുലമുണ്ഡനഗിനി തുടങ്ങിയവരുടെ പ്രതിഭാ പ്രവര്‍ത്തനം ഇത്തരത്തിലുള്ള മുന്നേറ്റമായി അടയാളപ്പെടുത്തുന്നു.
രജപുത്ര പ്രതിഭകളും ജൈന സംന്യാസിമാരും ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരമണ്ഡലത്തില് ഒളിചിതറുന്നു. വല്ലഭാചാര്യയുടെ പുഷ്ടിമാര്ഗവും സഹജാനന്ദസ്വാമിയുടെ സ്വാമി നാരായണ പദ്ധതിയും ജനഹൃദയങ്ങളുടെ പരിവര്‍ത്തന സാമഗ്രിയായി മാറി. നൃത്തസംഗീതാദികലകളുടെ സന്തര്‍പ്പണം ഗുജറാത്തി സംസ്കാരത്തിന്റെ ഈശ്വരീയാരാധനാ രീതിയായി വളരുകയായിരുന്നു. ഭക്തിയുടെ സാന്ദ്രാനന്ദാനുഭവത്തിലേക്ക് സമൂഹം പ്രവേശിക്കാന്‍ തുടങ്ങിയ മുഹൂര്‍ത്തമായിരുന്നു അത്. ഭക്തി മന്ദാരങ്ങള്‍ ഈശ്വരീയ പ്രണയത്തിന്റെ ആനന്ദമാര്‍ഗമായി അലയടിച്ചു. ഭാഗവതം ദശമസ്കന്ധത്തിന്റെ ഭക്തിപ്രേമസുധാരസം ഋഷിപ്രതിഭകള്‍ പാടിയാടി. ഗോപികയും മുരളീധരനും നടനച്ചുവടുകളില് ജീവാത്മാവും പരമാത്മാവുമായി യമുനാ പുൡങ്ങളില് നിലാവലയുയര്ത്തി. രാമനും ശിവനും ശക്തിസ്വരൂപിണിയും ദേവതാരൂപങ്ങളില്‍ അക്ഷരകലയായി. ഈശാവാസ്യത്തിന്റെ താത്വിക പ്രമാണങ്ങള്‍ അലകളായി അന്തരീക്ഷത്തില്‍ തങ്ങിനിന്നു. ഭലനും, നരസീമേത്തയും നകറും അഖോയും പ്രേമാനന്ദയും സ്വാമിനാരായണനും ആത്മീയതയുടെ സൂര്യവെളിച്ചമായി സമൂഹത്തില്‍ നന്മമരങ്ങളായി.
പുരാണ കഥയുടെ വിശ്വദര്‍ശന ശാന്തി സമൂഹത്തില്‍ വിടര്‍ത്തിയ മഹാകവിയാണ് പ്രേമാനന്ദ. രാമായണത്തിന്റെ കാരുണ്യദര്‍ശനവും മഹാഭാരതത്തിന്റെ ധര്‍മ മീമാംസയും ഭാഗവതത്തിന്റെ ഭക്തിപ്പൊരുളും പ്രേമാനന്ദയുടെ കവികണ്ഠത്തില് സാത്വിക ജീവനലഹരിയുടെ ശംഖനാദം മുഴക്കുകയായിരുന്നു. മുന്‍ഗാമികളായ നകറും വിഷ്ണുദാസും വിശ്വനാഥ് ജനിയും രചിച്ച കാവ്യമാര്‍ഗത്തിന് പ്രേമാനന്ദ് വിസ്തൃതിയും അഗാധതയുമേകി. 1636നും 1737നുമിടയ്ക്കുള്ള ആ ജീവിതയാത്ര വിശുദ്ധിയുടെ വിമല ചരിത്രമാണ്. പിതാവായ കൃഷ്ണരാംഭട്ടില്നിന്ന് വീണുകിട്ടിയ മൂല്യസങ്കല്പ്പങ്ങള് വികസിപ്പിക്കാന്‍ ഇടയായത് ഗുരുരാംചരണിന്റെ ശിഷ്യത്വമാണ്.
പ്രകൃതിയുടെ നിത്യവൈഭവലീലകളില് ഋതുക്കളുടെ സഞ്ചാരകൗതുകമാണ് പ്രേമാനന്ദയെ സമാകര്‍ഷിച്ചത്. പുണ്യപുരാണങ്ങളുടെ മഹാവ്യാഖ്യാനത്തില് ഈശ്വരീയ പ്രകൃതിയുടെയും ഈശാവാസ്യത്തിന്റെയും ദിവ്യാനുഭൂതിയാണ് പ്രേമാനന്ദ പകര്ന്നുനല്കിയത്.
ആഖ്യാനകൃതിയായ ‘ഓഖാപാരണ്’ ചൈത്ര-വൈശാഖ മാസങ്ങളില്‍ ഇന്നും ഗുജറാത്തിന്റെ പാരായണ സംസ്കൃതിയില്‍ ഉണര്‍ന്നുയരുന്നു. ദശമസ്കന്ധം എന്ന ഉദാത്തമായ ആഖ്യാനഗ്രന്ഥം വര്‍ഷകാലത്താണ് ഗുജറാത്തിന്റെ ഭാഗവതഹൃദയം ആലപിക്കുക. ‘ടമാ മേരൂണ്’ സീമന്തമുഹൂര്ത്തത്തില് അനുഗാനം ചെയ്യാനുള്ളതാണ്. ശ്രാദ്ധവേളയില്‍ ഉരുക്കഴിക്കാനായി ഉഴിഞ്ഞുവച്ചതാണ് ‘നരസിംഹമേത്ത-ന- ബാപ്നണ് ശ്രാദ്ധ’ എന്ന വിശുദ്ധാഖ്യാനം. ‘സുദാമാചരിതം ശനിയാഴ്ചയും ഹുണ്ദ്ധി ഞായറാഴ്ചയും ഭക്തിവായനയുടെ വിഭൂതിയൊഴുക്കുന്നു. നവരാത്രിയുടെ അമൃതം പകരുന്ന അക്ഷരരാവുകളില് സംഗീതാമൃത പാരായണത്തിനായുള്ള ആഖ്യാന ഗ്രന്ഥമാണ് ‘ദേവീചരിത്.’ ഇന്നും ഗുജറാത്തി ഗൃഹങ്ങളുടെ വിശുദ്ധിലാവണ്യം ഈ പാരായണ പഥങ്ങളില്‍ സഞ്ചരിക്കുന്നു.
പ്രേമധാരയുടെ ശക്തി ധാവള്യവും ഈശ്വരീയ സങ്കല്‍പ്പത്തിന്റെ ധര്മീമാംസയുമാണ് പ്രേമാനന്ദയുടെ ആഖ്യാനഭൂമിക. പൈതൃകപ്രോക്തമായ പ്രേമഭക്തിസരണിയുടെ അനന്താനന്ദമാണ് പ്രേമാനന്ദ. ആ സൗരഭം ഇന്നും സഹൃദയ ഹൃദയത്തില്‍ സുധാരസം പൊഴിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: