തിരവനന്തപുരം : വര്‍ഷങ്ങളായി ഒരു കാരണവുമില്ലാതെ സര്‍വീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ഉത്തരവ്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ സര്‍ക്കാരില്‍ നിന്നും പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും ആത് പാലിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 385 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 432 ജീവനക്കാരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ആവശ്യമായിട്ടും ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കൊറോണ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനങ്ങള്‍ ആവശ്യമാണ്. നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് രാവും പകലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സമയത്ത് ജീവനക്കാര്‍ അനധികൃതമായി തുടരുന്നത് അംഗീകരിച്ചു തരാന്‍ ആവില്ല. ജീവനക്കാരുടെ ഹാജരില്ലായ്മ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി കൈക്കൊള്ളുന്നതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാര്‍, 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിങ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈജീനിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌ടോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്- രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പിഎച്ച്എന്‍ ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് ഇപ്പോള്‍ പിരിച്ചുവിടാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: