പൗരാണിക സംസ്കൃതിയുടെ അനശ്വര സാഫല്യം നേടിയ തെലുങ്കുദേശം കലാസാഹിത്യ സംഗീതത്തിന്റെ മേനി കൊയ്ത വിളനിലമായിരുന്നു. കലാകാരന്മാരും വിശുദ്ധരായ ആത്മീയാന്വേഷികളും ആ നാടിന്റെ ഹൃദ്സ്പന്ദനമായി മാറി. നവോത്ഥാന വീഥിയില്‍ സാന്ദ്രമായ ഭാഗവത ഭക്തിയുടെ ഹരിചന്ദനഗന്ധമാണ് അവിടെ മഹാപ്രതിഭയായ ബോപദേവ വിടര്‍ത്തിയത്.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആകാശങ്ങളില്‍ കൃഷ്ണവര്‍ണം പകര്‍ന്ന ബോപദേവ വിദര്‍ഭയിലെ വരദാ നദീതീരത്തുള്ള വേദപുരം ഗ്രാമത്തിലാണ് ജനിക്കുന്നത്. കവികളും കലാകാരന്മാരും പണ്ഡിതന്മാരും ആ ‘ബ്രാഹ്മണഗ്രാമ’ത്തെ വിശ്രുതിയിലെത്തിച്ചു. വൈഷ്ണവ വിഭൂതിയുടെ സങ്കല്പനങ്ങളും സന്ദേശവുമാണ് ബോപദേവയുടെ സ്വത്വത്തെ ശതഗുണീഭവിപ്പിച്ചത്. ഭക്തിയുടെ ബാഹ്യപ്രകടനമല്ല, ആന്തരികസത്തയില്‍ ഭക്തി ലഹരിയെ വിലയിപ്പിക്കുന്ന വിമലകര്മശ്രേണിയാണ് ഈ ഗുരുകവിയെ വ്യത്യസ്തനാക്കുന്നത്. 1210 മുതല്‍ 1247 വരെ നാടുഭരിച്ച സിംഘണ്ണയുടെ സുവര്‍ണകാലത്താണ് ബോപദേവയുടെ സാഹിത്യസംസ്ക്കാര യത്നങ്ങള്‍ വസന്തഭംഗി ചൂടുന്നത്. സിംഘണ്ണയുടെ പിന്‍ഗാമികളായി വന്ന ഭരണാധിപന്മാരും ബോപദേവയുടെ സത്കര്മങ്ങളെ വാനോളം വാഴ്ത്തിയവരാണ്.
ഭാഗവതത്തിന്റെ തത്വപ്രവേശികയുടെ ദര്ശനമാനഗീതങ്ങളാണ് ഗുരുകവിയുടെ ‘ഹരിലീല’യും ‘മുക്തഫലവും’. ഭാവതലത്തില്‍ ഭാഗവതത്തിന്റെ കാവ്യാത്മകമായ വ്യാഖ്യാന മരന്ദമാണ് ഈ കൃഷ്ണഗാഥകള്‍. രാമരാജ രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് കൃഷ്ണഭക്തിയുടെ ഈ മന്ദാരമണിമാലകള് ലോകത്തിനു മുമ്പില്‍ ഋഷികവി അവതരിപ്പിക്കുന്നത്. ഭക്തകവിയായ പുഷ്പദത്തന്റെ പ്രശസ്തമായ ‘ശിവമഹിമാസ്തവം’ ബോപദേവയുടെ വ്യാഖ്യാനത്തിന്റെ ഭസ്മലേപമണിയുകയായിരുന്നു. ശൈവ വൈഷ്ണവ സങ്കല്പത്തിന്റെ സാന്ദ്രാനന്ദാവബോധമായിരുന്നു ബോപദേവയുടെ ആത്മീയോര്‍ജം. ഹരിഹരനാഥനെന്ന ശിവവിഷ്ണുസംയുക്തരൂപകം സമകാലീനരായ മഹാകവികളുടെ ഭക്തിസമന്വയ സങ്കല്പങ്ങള്ക്ക് പുതുമാനങ്ങള്‍ നല്കി. ‘ഹരിഹരനാഥ പദ്ധതി’ യാവിഷ്ക്കരിച്ച തിക്കന്നയുടെ ദര്‍ശനം ഇതില്‍ പ്രമുഖമാണ്. ഛന്ദശാസ്ത്രം വ്യാകരണം, ഭാഷാശാസ്ത്രം തുടങ്ങിയ ഭാഷാസാഹിത്യ വിഷയങ്ങളില്‍ അതുല്യമായ അവഗാഹം നേടിയ ബോപദേവയുടെ കാവ്യസങ്കല്പങ്ങളും പ്രതീകാത്മകവും ബിംബാത്മകവുമായ പ്രയോഗവിശേഷങ്ങളും തെലുങ്ക് ഭാഷയ്ക്കും ഭക്തിസാഹിത്യത്തിനും പുതുവെളിച്ചം പകരുകയായിരുന്നു.
‘ഏകം സദ് വിപ്രാബഹുധാ വദന്തി’ സിദ്ധാന്തത്തിലേക്കാണ് മഹാഗുരു ജനഹൃദയങ്ങളെ സജ്ജമാക്കിയത്. ഭാഗവതം പ്രാണവായുവും കൃഷ്ണഭക്തി പ്രാണനുമായിരുന്ന ഈ ഋഷിപ്രതിഭ ഇന്നും മൂല്യസംസ്കൃതിയുടെ നീലനിലാവലയായി പ്രശോഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: