സിക്കുകാരുടെ പൂജനീയഗ്രന്ഥമായ ‘ഗ്രന്ഥ് സാഹിബി’ന്റെ വിശുദ്ധ പുറങ്ങളില്‍ ഗുരുനാനാക്ക് മുതല്‍ പരമ്പരയിലെ മഹാഗുരുക്കന്മാരുടെ ഉദാത്ത രചനകള്‍ സ്ഥാനം പിടിക്കുന്നു. നാംദേവ്, രയീദാസ്, കബീര്‍ തുടങ്ങിയ യോഗാത്മക കവികളുടെ സര്ഗസാക്ഷ്യങ്ങളും ഗ്രന്ഥസമ്പുടത്തെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും നാനാക്കിന്റെ പിന്‍ഗാമിയും പ്രമുഖ ശിഷ്യനുമായ ഗുരു അംഗദിന്റെ ശ്രേഷ്ഠമായ രചനകള്‍ ഏറ്റവും ശ്രദ്ധേയമാണ്. ആത്മീയ പ്രത്യയങ്ങളുടെ വിശുദ്ധിലാവണ്യവും ധര്മാനുഗാനത്തിന്റെ അഗ്നിച്ചിറകുകളുമാണ് ആ അക്ഷര ധന്യത പൂജനീയമാക്കുന്നത്.
‘വാഹീ ഗുരുസ്മരണ്‍’ മൂലമന്ത്രമായ മതാത്മക ജീവനത്തില്‍ ഗുരുസമര്‍പ്പണത്തിന്റെ ഭാരതീയ ബിംബമാണ് ഗുരു അംഗദ്. ലഹണായെന്നാണ് പൂര്‍വാശ്രമനാമം. ദയാകുമാരിയുടെയും ഫേരുവിന്റെയും പുത്രനായ ലഹണ, ശൈശവ ബാല്യങ്ങളില്‍ തന്നെ പ്രകടിപ്പിച്ച ഭക്തിചിന്ത, വിസ്മയനീയമായിരുന്നു. കൗമാരകാലത്തു തന്നെ ഖീബിയെ ധര്‍മപത്നിയായി സ്വീകരിച്ച ലഹണായ്ക്ക് ദാതു, ദാസു എന്നീ പുത്രന്മാരെ കൂടാതെ മരു എന്നൊരു പുത്രിയുമുണ്ടായിരുന്നു. മുഗളന്മാരുടെ അധിനിവേശത്തില്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് ലഹണാ കുടുംബ സമേതം അമൃത്സറിലേക്ക് പലായനമായി. ദേവീ ഉപാസനയില്‍ ബദ്ധശ്രദ്ധനായിരുന്ന ലഹണ സിക്കുമതത്തില്‍ ആകൃഷ്ടനായത് തികച്ചും യാദൃച്ഛികമായാണ്. കര്‍താര്‍പൂരില്‍ അദ്ദേഹത്തിന് ഗുരുനാനാക്കിന്റെ ദര്‍ശനം ലഭിച്ചു. ഈ സമാഗമ നിമിഷങ്ങള്‍ ലഹണായുടെ ജീവിതത്തിന് നാടകീയമായ പരിവര്‍ത്തന സന്ദേശമേകി. ലഹണായുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും സ്നേഹത്തിലും ഗുരു പ്രീതനായി ‘അംഗദ്’ എന്ന ദീക്ഷാനാമം നല്കി സ്വന്തം
പിന്‍ഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു. അംഗദിന്റെ ആസൂത്രിതമായ കര്‍മപഥത്തില്‍ സിക്കുമതം ഏറെ പ്രചാരം നേടി. ബാബറിന്റെ പുത്രന് ഹുമയൂണ്‍, ഷേര്‍ഷായുമായുള്ള യുദ്ധരംഗത്തു നിന്ന് പലായനം ചെയ്ത് ഗുരു അംഗദിനെ ശരണം പ്രാപിച്ച് അനുഗ്രഹം നേടിയ കഥയുണ്ട്.
ഗുരുനാനാക്കിന്റെ ആത്മീയ ദര്‍ശനവും ജീവിതതത്വോപദേശവുമടങ്ങിയ രചനകള്‍ സംഗ്രഹിച്ച് സമാഹാര ഗ്രന്ഥമായി പ്രചരിപ്പിച്ചത് ഗുരു അംഗദാണ്. അംഗദിന്റെയും ദര്‍ശന ശ്രേണിയുടെ അനാവരണം ‘ഗ്രന്ഥ് സാഹിബ്’ നിര്‍വഹിക്കുന്നു. 1589 ല്‍ ഗുരു അംഗദ് ആവിഷ്ക്കരിച്ച ഗുരുമുഖി ലിപിയാണ് ഗ്രന്ഥം അനുധാവനം ചെയ്യുന്നത്. ശിഷ്യന് അമര്ദാസിനെയാണ് പിന്‍ഗാമിയായി അംഗദ് സ്വീകരിച്ചത്. ജന്മവര്‍ഷത്തെക്കുറിച്ച് പക്ഷാന്തരമുണ്ടെങ്കിലും 1609 ലാണ് ഗുരുസമാധിയെന്ന് അംഗീകരിക്കപ്പെടുന്നു.
ഭാരതീയ ധര്‍മത്തിന്റെ വിശ്വവിശാലമായ ദര്‍ശനവും ഗുരുസമര്പ്പണവുമാണ് അന്തര്‍ധാരയായി സിക്കു പരമ്പര സ്വീകരിക്കുന്നത്. അവരുടെ ആത്മദര്ശനത്തിലെ വൈവിധ്യം കാലാന്തരത്തില്‍ ഏകീഭവിക്കുന്നതായാണ് ചരിത്രം. അംഗദിന്റെ അക്ഷര ധര്‍മരസം കാലത്തിന്റെ ഗുരുമുഖമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: