ഇടുക്കി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അധിക മഴ ലഭിച്ചതോടെ ഇക്കാര്യത്തില്‍ ഹാട്രിക്ക് നേടിയിരിക്കുകയാണ് കാലവര്‍ഷം എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍.
ഈ വര്‍ഷം 204.92 സെ.മീ. മഴ പ്രതീക്ഷിച്ചപ്പോള്‍ ലഭിച്ചത് 227.9 സെ.മീ. മഴയാണ്. അതായത് 9 ശതമാനം കൂടുതല്‍. 2019ല്‍ 230.98 സെ.മീ മഴയും (12.72% കൂടുതല്‍) 2018ല്‍ 251.73 സെ.മീ മഴയും (23.34% കൂടുതല്‍) ലഭിച്ചു. 2017ല്‍ 8.93 ശതമാനവും 2016ല്‍ 33.7 ശതമാനവും മഴക്കുറവാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ കാലത്ത് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മഴ ലഭിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ്.
തുടക്കത്തില്‍ മടിച്ചു നിന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ പാതി പിന്നിട്ടതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശക്തമായത്. എന്നാല്‍ 2018-ല്‍ ആദ്യം മുതല്‍ തന്നെ ശക്തമായ മഴ ലഭിക്കുകയും ജൂലൈ അവസാനത്തോടെ വലിയ ജലസംഭരണികളടക്കം നിറയുകയും ചെയ്തിരുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്. രാജ്യത്ത് ലഭിക്കുന്ന മഴയുടെ 75% ലഭിക്കുന്നത് ഈ നാലു മാസങ്ങളിലാണ്. ഏറ്റവും ആദ്യം കാലവര്‍ഷം എത്തുകയും ഏറ്റവും അവസാനം പിന്‍വാങ്ങുകയും ചെയ്യുന്നത് കേരളത്തിലാണെന്നതാണ് പ്രത്യേകത. നിലവില്‍ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ കഴിഞ്ഞ 28ന് ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും മാറുക ഈ പതിനഞ്ചോടെയാകും. പിന്നാലെ തന്നെ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴയും എത്തും.
മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചു
33 ശതമാനം വീതം അധിക മഴ രേഖപ്പെടുത്തിയ കോഴിക്കോടും തിരുവനന്തപുരവുമാണ് ഈ വര്‍ഷം മഴയുടെ കാര്യത്തില്‍ മുന്നിലുള്ള ജില്ലകള്‍. ഇതിനൊപ്പം തന്നെ മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചു. മഴ ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടാണ്, 18%. കണ്ണൂര്‍ -28, കോട്ടയം-24, കാസര്‍ഗോഡ്-21, പത്തനംതിട്ട-13, എറണാകുളം, പാലക്കാട് 11, ആലപ്പുഴ- 8, കൊല്ലം-6 ശതമാനവും വീതം മവ കൂടിയപ്പോള്‍ തൃശൂര്‍ 12, ഇടുക്കി-6, മലപ്പുറം- 1 ശതമാനവും വീതം മഴ കുറഞ്ഞു.
ഒരോ ജില്ലയ്ക്കും ഒരോ തരത്തിലാണ് മഴയുടെ ശരാശരി അളവ് കണക്കാക്കുന്നത്. കാസര്‍ഗോഡ് ഏറ്റവും അധികം മഴ(കാലവര്‍ഷത്തില്‍ 298 സെ.മീ.) ലഭിക്കുമ്പോള്‍ മധ്യകേരളത്തില്‍ ഇതിന് 50-110 സെ.മീ. വരെ വ്യത്യാസം വരും. തിരുവനന്തപുരം ജില്ലകളിലെത്തുമ്പോള്‍ ഇത് മൂന്നിലൊന്നിലും താഴെയായി (86സെമീ വരെ) ചുരുങ്ങും. ഒരു വര്‍ഷം സംസ്ഥാനത്താകെ ലഭിക്കേണ്ടത് ശരാശരി 314.41 സെ.മീ. മഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: