കോന്നി: ആനകഥകളിലെ പ്രധാന നായകന്മാരിൽ ഒരാളായിരുന്ന മണിയൻ ആന വിടവാങ്ങി. കാണാൻ അഴകും ലക്ഷണമൊത്ത തലയെടുപ്പുമുള്ള മണിയൻ ആനപ്രേമികൾക്ക് പ്രിയങ്കരനായിരുന്നു. കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന കോന്നി ആനത്താവളത്തിലെ കോന്നി മണിയൻ എന്ന താപ്പാനയാണ് നാളുകളായുള്ള ദുരിത ജീവിതത്തിനൊടുവിൽ വിടവാങ്ങിയത്.
പെൻഷൻ പറ്റിയ താപ്പാനയാണ് മണിയൻ. ഇന്ന് കേരളത്തിലെ ഒട്ടനവധി കൊമ്പൻമാരെയും പിടിയാനകളെയും ആനത്താവളത്തിൽ എത്തിച്ചത് മണിയനായിരുന്നു. 1964 ഏപ്രിൽ പതിമൂന്നിനാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്. അന്ന് ഇരുപത് വയസുണ്ടായിരുന്നു. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാന പരിശീലനം പൂർത്തിയാക്കി. കൂപ്പിലെ പണികൾക്കും മറ്റുമായി 1976 ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി. പെൻഷൻ പറ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു.
രണ്ട് വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ കാട്ടാന ഇറങ്ങിയപ്പോൾ അവരെ തുരുത്തി ഓടിക്കാൻ മണിയനെയും സോമനെയും ആണ് കൊണ്ടുപോയത്. ഇപ്പോൾ മണിയന് എഴുപ്പത്തിയാറ് വയസ് പ്രായം ഉണ്ടാകുമെന്ന് വനപാലകർ പറയുന്നു. ഒരു കാലത്ത് ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികളുടെ മനം കവർന്ന തലയെടുപ്പുള്ള കൊമ്പനാണ് ഓർമ്മയായത്. നീളമുള്ള കൊമ്പായിരുന്നു പ്രത്യേകത. വളർച്ച കൂടിയ കൊമ്പ് തീറ്റയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വനം വകുപ്പ് മുറിച്ചു മാറ്റിയിരുന്നു.
കഴിഞ്ഞ ഇരുപതോളം ദിവസങ്ങളായി ഏരണ്ടകെട്ടിനെ തുടർന്ന് ആഹാരം കഴിക്കാതെയും മരുന്നുകളോട് പ്രതികരിക്കാനാവാതെയും അവശനിലയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 വരെയും പാപ്പാൻമാരുടെ പരിചരണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ പാപ്പാൻ എത്തിയപ്പോളാണ് ആന ചരിഞ്ഞ വിവരം അറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആചാരപ്രകാരം നിലവിളക്ക് കൊളുത്തിവച്ച് ആനയെ പട്ട് പുതപ്പിച്ച് കർമ്മങ്ങൾ ചെയ്തു. പിന്നീട് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: