ജ്ഞാന ബോധിയാണ് അക്കിത്തം കവിത. ധര്‍മ്മവെളിച്ചത്തിന്റെ ലാവണ്യ സങ്കീര്‍ത്തനം മുഴക്കി നിസ്സംഗതയുടെ ജ്ഞാനപീഠമേറുകയാണ് ആ കാവ്യകല. മനുഷ്യ നിര്‍മ്മിതമായ കേവല പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് തുടങ്ങി അതീതങ്ങളുടെ മഹാപ്രത്യക്ഷത്തിലേക്കാണ് അക്കിത്തം വളരുന്നത്. പൈതൃകജ്ഞാന ധാരകളും ദാര്‍ശനിക സാഹിത്യമാനങ്ങളും തേടുന്ന ഭാരതീയ കാവ്യപാരമ്പര്യം യോഗാത്മക വിദ്യയായാണ് പ്രവഹിക്കുക. ഈ കാവ്യസരണിയുടെ ദീപശിഖയായി മഹാകവി കാലത്തിന്റെ ഇരുട്ടിലൂടെ സഞ്ചരിക്കുന്നു.
അക്കിത്തത്തിന്റെ ലാവണ്യ സംസ്കൃതി ജ്ഞാനദീപ്തമായ ലാവണ്യ ദൃഷ്ടിയുടെ അദൈ്വതലയനമാണ്. ധര്‍മ്മം, സത്യം, നന്മ, സ്നേഹം, ആദര്‍ശം എന്നീ മൂല്യപ്രമാണങ്ങളിലൂടെയാണ് കവി ലാവണ്യപുന:സൃഷ്ടി നേടുന്നത്. പൂര്‍ണ്ണതയും പുതിയതും നേടിയെടുക്കാനാണ് ആ ലാവണ്യാനുഭൂതിയുടെ സഞ്ചാരം
”അടയുമെന്‍ കണ്ണിലെ ദീപത്തിന്നാഭോഗത്താല്‍
പ്പിടയും ചുണ്ടില്‍ പക്ഷേ വറ്റിയില്ലല്ലോ ഗാനം”
എന്നാലപിക്കുന്ന ഗാനത്തിലും ഭൂമി, ശില്പി, തുളസി, തുഞ്ചന്റെ ലഹരി, എന്നീ ഗീതകങ്ങളിലും, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലും ‘ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിലും’ വരെ ചരാചര പ്രേമ സുധാരസമായി ലാവണ്യ ദര്‍ശനപ്പൊരുള്‍ വിരിയുന്നു. പരമമായ അനുഭൂതി രസവൈഭവമാണ് ലാവണ്യാനുഭവമെന്ന് കവി കരുതുന്നു. വൈരൂപ്യവും സൗന്ദര്യവും ഏകമെന്ന യോഗദര്‍ശനമാണ് ആത്മനിഷ്ഠമായി കവി ഉയര്‍ത്തുന്നത്. കേവല ലാവണ്യ അതീതലാവണ്യപൂരമായി ആ ലാവണ്യ ദര്‍ശനം നിറങ്ങളും നിറവുകളുമാകുന്നു. ഓണപ്പൂവിനെ നോക്കി പാടുന്നത് കേള്‍ക്കുക
‘ഉലകിലെ മധുരാനന്ദം മുഴുവനു-
മൂറിയിരുപ്പുണ്ടതിനുള്ളില്‍
നിത്യനിരാമയ ലാവണ്യോജ്ജ്വല
സത്യമിരിപ്പുണ്ടതിനുള്ളില്‍’
അന്തര്‍ജ്ഞാനത്തിലൂടെയാവാഹിച്ച് സൂക്ഷ്മാവബോധത്തില്‍ ലാവണ്യപ്പൊരുളിനെ സംസ്ഥാപനം ചെയ്യുകയാണ് അക്കിത്തം. ആസ്തികവിദ്യയുടെ അനുഭവലയമാണ് ആ ലാവണ്യമേഖല. അരവിന്ദന്റെയും ഇടശ്ശേരിയുടെയും ലാവണ്യ സിദ്ധാന്തത്തിന്റെ ആംശികഘടകം സ്വാധീനമായുണ്ടെങ്കിലും സത്യചൈതന്യമാണ് സൗന്ദര്യമെന്ന ഭാരതീയ ദര്‍ശന ദീപ്തിയിലാണ് അക്കിത്തത്തിന്റെ അക്ഷരസാക്ഷ്യം. ഋഗ്വേദത്തിലെ വിരാട് പുരുഷ സങ്കല്‍പ്പമാണ് സത്യധര്‍മ്മങ്ങളെ സൗന്ദര്യത്തില്‍ സാക്ഷാത്കരിക്കാന്‍ പ്രേരണയായതെന്ന് കവി വെളിപ്പെടുത്തുന്നു. ‘കല്ലെറിയാതിരിക്കുവിന്‍ വൈരൂപ്യത്തെ കഴുകുവിന്‍ കണ്ണുനീരാല്‍’ എന്ന് വാര്ദ്ധ്യചര്ച്ച യെന്ന ഗീതകം ചൊല്ലുന്നു. പൂര്‍ണ്ണതാ ബോധമാണ് ലാവണ്യ ദര്‍ശനത്തിന്റെ സമഗ്രസത്തയായി കവി ഗണിക്കുക. അകക്കാമ്പിന്റെ ആന്തരസത്തയുടെ അസ്തിത്വപ്രമാണം തന്നെ ലാവണ്യ ബോധം. ഒരു ചുംബനത്തിന്റെ ഓര്‍മ്മ, പരമദു:ഖം, കോലാടുകള്‍, നിത്യവിഷ്യം, വാടാത്തതാമരയും കെടാത്ത സൂര്യനും,സഹ്യനില്‍ ഒരു രാത്രി, അച്ഛന് കൃതജ്ഞത പറയുന്നു എന്നീ രചനകള്‍ ഉള്ത്തിളങ്ങുന്ന ലാവണ്യ ബോധവും ലാവണ്യാദര്ശവും കാഴ്ചവെയ്ക്കുന്നു. പ്രകൃതിയുടെ വാഴ്ത്തുസ്തുതിയല്ല, പ്രകൃതി സ്രഷ്ടാവിന്റെ വിസ്മയാനുഭൂതിപകരുന്ന കരങ്ങള്‍ അക്കിത്തം ഹൃദയത്തില്‍ ചേര്‍ത്തതിന്റെ ഫലമാണിത്.
വേദാന്ത വൈജയന്തിയാണ് അക്കിത്തം കവിത. അഗ്നിയും നിലാവും ഏകരസവിഭൂതിയായി ആ കാവ്യാകാശം നിറയുന്നു. പ്രപഞ്ചാത്മാവിന്റെ വിശ്വവശ്യമായ ബോധനിലാവിലാണ് കവി ഹൃദയം. അതീതങ്ങളുടെ ആത്മവൈഖരിയായി കാവ്യകല രൂപപ്പെടാന്‍ ഈ ലാവണ്യഘടകങ്ങളാണ് നിര്‍ണ്ണായകമായത്.
ജീവനേതിഹാസത്തിന്റെ സാധാരണമേഖലയെ പൂര്‍ണ്ണമായും അക്കിത്ത ദര്‍ശനം അടയാളപ്പെടുത്തുന്നു. കര്‍ഷകനും, തൊഴിലാളിയും, അടിയാളവര്ഗ്ഗവും ചേര്‍ന്ന് സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവുമാണ് അക്കിത്തം കവിത. കാരുണ്യത്തിന്റെ കണ്ണീരിലാണ് അതിന്റെ വേരോട്ടം. മനുഷ്യന് തന്നെ ദര്‍ശനമായി മാറുന്ന ആ സര്‍ഗ്ഗലോകം ഉണര്‍ത്തുന്ന ആശയഘടകങ്ങള്‍ സമൂഹ്യപരിഷ്കരണ സംരംഭത്തിന്റെ നന്മയും ഊര്‍ജ്ജവും ഉള്‍ക്കൊണ്ടാണ് വളര്‍ന്നത്.
വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം എന്ന വരി മന്ത്രസമാനമായ സത്യദര്‍ശനമായി. ഏറെക്കാലം ഇരുട്ടില്‍ കഴിഞ്ഞ് പിന്നീട് വെളിച്ചം നേടിയ ഋഗ്വേദത്തിലെ ദീര്‍ഘതമസ്സ് എന്നു ഋഷി ഓതിയത്. ‘ഏകം സദ് വിപ്രാ ബഹുദാവദന്തി’ എന്ന ദര്‍ശന വെളിച്ചമാണ് അക്കിത്തം കവിതയും ഉപാസിക്കുക ഈ ഏകസത്യത്തിന്റെ മഹാപ്രകാശത്തെയാണ്.
ഫ്യൂഡലിസ്റ്റ് ആശയ സാമഗ്രികളെയും ചൂഷണ സംവിധാനക്രമങ്ങളോടും കൊളോണിയല്‍ വാഴ്ചയിലെ അധര്മ്മശീലങ്ങളോടും പൊരുതാന്‍ അക്കിത്തത്തിന്റെ കാവ്യകല ഊര്‍ജ്ജ സ്രോതസ്സായിനിന്നിട്ടുണ്ട്. മനുഷ്യവിമോചനം, വിശപ്പ്, വിപ്ലവം എന്നിവയെ ധര്‍മ്മപരിസരങ്ങളില്‍ വിചിന്തനം ചെയ്യുകയാണ് കവിയുടെ സാമൂഹ്യാവബോധത്തിന്റെ നൈതികത. പൊന്നാനിക്കളരി വിഭാവനം ചെയ്ത മനുഷ്യനും കവിതയും സംസ്കൃതിയും എത്തിപ്പിടിക്കാനുള്ള ആശയ ബോധവും കാവ്യമാര്‍ഗ്ഗത്തില്‍ ഗുരുവായ ഇടശ്ശേരി ഗോവിന്ദന് നായരും സര്ഗ്ഗസരണിയും കവിത്വസ്വത്വനിര്മ്മിതിയുടെ പ്രമേയമായിഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ധര്‍മ്മസൂര്യന്‍ എന്നീ കാവ്യങ്ങള്‍ ധര്‍മ്മത്തിന്റെ സങ്കല്പശക്തിയെ അപഗ്രഥിക്കാനുള്ള ശ്രമമാണ്.
മനുഷ്യനെ അറിയാനും ആരായാനും കണ്ടെത്താനുമുള്ള വിചാരശീലത്തില്‍ നിന്നാണ് കവിതയുടെ പ്രമേയവും ഇതിവൃത്തവും രൂപപ്പെടുന്നത്. പ്രതിപാദ്യത്തിന്റെ സമഗ്രഭാവ പ്രകടനത്തിന് സമര്‍ത്ഥമായ വൃത്തഭേദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കവിത നൈസര്‍ഗ്ഗികതയുടെ മണ്ണും മനസ്സുമായി മാറും.
അന്തര്‍ജ്ഞാനമാണ് കവിത്വത്തിന്റെ വരദാനമെന്ന് ശ്രീ അരവിന്ദന് പറയുന്നു. ധര്‍മ്മസ്വരൂപത്തിന്റെ ജ്ഞാനസരണി വാഗ്ദിന്ങ്ങളിലൂടെയാണ് അനാവൃതമാകുക. ആശയങ്ങള്‍, ആദര്‍ശങ്ങള്‍ സന്ദേശങ്ങള്‍, മൂല്യസങ്കല്പ്പങ്ങള്, പൈതൃകധര്മ്മപ്പൊരുളുകള്, തരളിതസ്പന്ദനങ്ങള്, തരളവൈകാരിക സ്വപ്നങ്ങള്‍, ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍, ധര്‍മ്മ രേണുക്കള്‍, കണ്ണീരാറുകള്, വിശപ്പിന്റെ വേദാന്തങ്ങള്‍- അക്കിത്തത്തിന്റെ കാവ്യരസകാമനകള് സഞ്ചാരസമാധിയിലാണ്.
”സമാനമാകട്ടെ മനുഷ്യമന്ത്രം
സമാനമാകട്ടെ മനുഷ്യതന്ത്രം
സമാനമാകട്ടെ മനുഷ്യയന്ത്രം
സമാനമൊന്നേ പരമസ്വതന്ത്രം”
ഋഗ്വേദവെളിച്ചം കൊള്ളുന്നതും ഈ മഹാമന്ത്രമാണ് എന്നും അക്കിത്തം ഉരുവിടുന്നത് ഏറെക്കാലം ഗ്രഹണം മറച്ച ധര്‍മ്മസൂര്യന്‍ ജ്ഞാനപീഠത്തില്‍ ആരൂഢനായിരിക്കുന്നു. മൗനജപം നേടുന്ന നാരായണ മന്ത്രത്തില്‍ അക്കിത്തം സ്വയം നിസ്വനാകുന്നു. നിത്യവിസ്മയമായി അക്കിത്തം സൂക്ഷ്മകാലത്തില്‍ വളര്‍ന്നു കൊണ്ടേയിരിക്കുന്നു
”എനിക്കസാധ്യമിസ്സുഖം വിവരിക്കാന്‍
കുനിക്കുന്നേന്‍ മൗലി, അടയ്ക്കുന്നേന്‍ കണ്കള്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: