കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കൊല്ലുക എന്ന് പറയാറുണ്ടല്ലോ. അങ്ങിനെ പെരുമാറുന്നവരുടെ സംഖ്യ ഒട്ടും കുറവല്ല കേരളത്തില്‍. സ്വന്തം കള്ളത്തരങ്ങളും പോക്കണക്കേടുകളും ആവര്‍ത്തിക്കുന്നതില്‍ ഒരു ഉളുപ്പും പ്രകടിപ്പിക്കാത്തവരുടെ എണ്ണവും കുറവല്ല. സ്പ്രിംഗ്ലര്‍ ഇടപാട് വിവാദമായപ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല. മുന്നണി അറിഞ്ഞില്ല എന്നായിരുന്നു സിപിഐ നിലപാട്. അത് പരിഭവമായി ഉയര്‍ന്നപ്പോള്‍ സിപിഐയുമായി ചര്‍ച്ച ചെയ്തത് മുഖ്യമന്ത്രിയല്ല. മുന്നണി കണ്‍വീനറുമല്ല. മുഖ്യമന്ത്രിയുടെ പ്രതിപുരുഷന്‍ എന്നറിയപ്പെട്ടിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറുമായിരുന്നല്ലോ സ്പ്രിംഗ്ലളിന്റെ എല്ലാ ഇടപാടുകളും നടത്തിയത്. അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് ശിവശങ്കര്‍ പറയുമ്പോള്‍ ഭരണം നയിക്കുന്നതും നടത്തുന്നതും വെറും പാവകളെന്ന് വ്യക്തമാക്കുകയായിരുന്നു. അതിനാലാകാം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശിവശങ്കര്‍, എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തിയത്. ഇത് കീഴ്‌വഴക്കമില്ലാത്ത നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചതാണ്. അപ്പം തിന്നാല്‍ പോരെ കുഴിയെണ്ണണോ? എന്ന നിലപാട് ഇടത് മുന്നണിക്കും.
സ്പ്രിംഗ്ലര്‍ അടഞ്ഞ അധ്യായം അതിനുശേഷമാണല്ലോ സ്വപ്‌ന സുരേഷും സ്വപ്‌നയുടെ സ്വന്തം മന്ത്രിയും വിവാദമായി വളര്‍ന്നത്. യുഎഇയുടെ നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ മറ്റെല്ലാം പിറകിലായി. സ്വര്‍ണം ഈന്തപ്പഴത്തിനകത്ത് ഒളിച്ചുകടത്തി. ഖുറാനെന്ന പേരിലും വന്നു എന്നൊക്കെ വളര്‍ന്ന് വിവാദം എവിടെ പിടിച്ചുകെട്ടുമെന്ന ചിന്ത സജീവമായി നിലനില്‍ക്കുകയാണ്. ഖുറാന്‍ വഴിയില്‍ സ്വര്‍ണമോ ? അതുണ്ടാവില്ല. അങ്ങിനെ ഉണ്ടായിട്ടില്ല. ബിജെപി മുസ്ലിം വിരോധം പ്രകടിപ്പിക്കുന്നു. ഖുറാനെ അവഹേളിക്കുന്നു എന്നെല്ലാം പറഞ്ഞ സിപിഎം ഒടുവിലുയര്‍ത്തിയ ആക്ഷേപം അറബ് രാജ്യത്തെ അവഹേളിക്കാനും മുസ്ലിം രാജ്യങ്ങള്‍ക്ക് മാനക്കേടുണ്ടാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ്. യുഡിഎഫ് അതിന് കൂട്ടുനില്‍ക്കുന്നു എന്നൊക്കെയാണ്. അതേ നാക്കുകൊണ്ടുതന്നെ യുഎഇ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നും ചോദിക്കുന്നു. വിഷയം മാറ്റി മറിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നോക്കുമ്പോഴാണ് തട്ടിക്കൂട്ടിയ അഭിമുഖങ്ങളുടെ പരമ്പര സൃഷ്ടിക്കാന്‍ ജലീല്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തന്റെ ചാനലില്‍ തുടക്കമിട്ട അഭിമുഖം കൊള്ളാലോ എന്ന ചിന്തയാണ് മറ്റ് ചാനല്‍ സഖാക്കള്‍ ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍, ന്യൂസ് 18, 24 ടിവി, പിന്നെ മാതൃഭൂമിയും മനോരമയുമെല്ലാം ജലീല്‍ ആഘോഷമാക്കി. ആവേശം കയറിയ ജലീലാകട്ടെ കുളിപ്പിച്ച് കുളിപ്പിച്ച് എന്നപോലെയായി. ഏറെപ്പറയുമ്പോള്‍ സത്യത്തിന്റെ അംശം തേട്ടിത്തേട്ടി വരാതിരിക്കില്ല. അങ്ങനെയാണ് ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന് പറഞ്ഞുവച്ചത്.
ഖുറാന്‍ കടത്തിയത് താനല്ലെന്ന് ഇപ്പോള്‍ പറയുന്ന ജലീല്‍ നേരത്തെ പറഞ്ഞൊരു കാര്യമുണ്ട്, എന്നെ വേട്ടയാടുന്നത് വിശുദ്ധ മതഗ്രന്ഥം കടത്തിയതുകൊണ്ടാണ്. അതിന് നരേന്ദ്രമോദി ആയിരംവട്ടം തൂക്കിലേറ്റിയാലും എതിര്‍ക്കില്ല എന്നായിരുന്നു. ഒരാളെ ആയിരംവട്ടം തൂക്കിലേറ്റൂ എന്ന് വട്ടുള്ളവര്‍ക്കേ പറയാന്‍ കഴിയൂ. നരേന്ദ്രമോദിയുടെ പണി തൂക്കിലേറ്റലുമല്ല, ചാനലുകളില്‍നിന്നും ചാനലുകളിലേക്ക് ദൃഷ്ടിപതിപ്പിച്ച് സംസാരിക്കുന്ന ജലീലിനോട്, താങ്കള്‍ വഖഫിന്റെ വണ്ടിയിലല്ലല്ലോ, സര്‍ക്കാര്‍ വണ്ടിയിലല്ലേ ഖുറാന്‍ കൊണ്ടുപോയതെന്ന് ചോദിച്ചപ്പോള്‍ ജലീലിന്റെ ഉള്ളിലെ സിമി പുറത്തുചാടി. മുഖ്യമന്ത്രിയായിരിക്കെ, കെ. കരുണാകരന്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകാറില്ലേ, അത് സര്‍ക്കാര്‍ വണ്ടിയിലായിരുന്നില്ലേ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്.
ജലീല്‍ വാചാലമാകുമ്പോള്‍ തിരുവനന്തപുരത്ത് എന്‍ഐഎ തിരക്കിലായിരുന്നു. ഖുറാന്‍ ഒളിച്ചുകടത്തിയ സര്‍ക്കാര്‍ വണ്ടി പരിശോധിച്ച് ഡ്രൈവറെ ചോദ്യംചെയ്തു. അറബിനാടുകളിലെ അത്തറുകളൊഴുക്കിയാലും പാപക്കറയും ദുര്‍ഗന്ധവും മാറ്റാന്‍ ജലീലിന് കഴിയില്ലെന്നാണ് അനുദിനം തെളിയുന്നത്.
താനൊരുതെറ്റും ചെയ്തിട്ടില്ല. സത്യം ജയിക്കും താന്‍ ജയിക്കുമെന്നൊക്കെ ആവര്‍ത്തിക്കുകയാണ് ജലീല്‍. റിപ്പര്‍ ചന്ദ്രന്മാരും ഇങ്ങനെയൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞുപറഞ്ഞ് സിപിഎമ്മിനെ വെട്ടിലാക്കുകയാണ് ജലീല്‍. പാര്‍ട്ടി പറഞ്ഞാല്‍ രാജിവയ്‌ക്കാമെന്നാണ് ഒടുവിലത്തെ വാഗ്ദാനം. നേരത്തെ പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജി എന്നൊരു ഉറപ്പ് നല്‍കി. ഇനി സിപിഎം പറയണം. സിപിഎമ്മിനുവേണ്ടിയാണ് മന്ത്രിയായത്. സിപിഎമ്മിനുവേണ്ടിയാണ് ഖുറാന്‍ കടത്തിയത്! സ്വപ്‌നയെ സഹായിച്ചെങ്കില്‍ അതും പാര്‍ട്ടിക്കുവേണ്ടി എന്ന ന്യായമല്ലെ ഇതൊക്കെ എന്ന സംശയമാണ് ഉയരുന്നത്. ഏതായാലും സിപിഎം ചാരിയത് ചന്ദനമല്ല, ചാണകമാണെന്നാണ് തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: