മ്യൂണിക്ക്: സീസണ് പുതിയതാണെങ്കിലും കഥ പഴയതു തന്നെ. പോയ സീസണില്‍ വിജയങ്ങള്‍ കൊയ്ത് ബുന്ദസ്ലിഗ കിരീടം ചൂടിയ ബയേണ്‍ മ്യൂണിക്കിന് പുതിയ സീസണില്‍ അത്യുജ്ജ്വല തുടക്കം. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് കൂടിയായ ബയേണ്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഷാല്‍ക്കെയെ ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.
സെര്‍ജ് ഗ്നാബ്രിയുടെ ഹാട്രിക്കാണ് ബയേണിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഗ്നാബ്രിയാണ് സ്കോറിങ് തുടങ്ങിയത്. നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പിന്നീട് 47, 59 മിനിറ്റുകളിലും സ്കോര്‍ ചെയ്ത് ഹാട്രിക്ക് തികച്ചു.
ഗൊരേട്സ്ക, ലെവന്‍ഡോസ്കി, മുള്ളര്‍, ലിറോയ് സെയ്ന്, മുസൈല എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. അരങ്ങേറ്റക്കാരനും 17 വയസുകാരനുമായ മുസൈല ബുന്ദസ് ലിഗയില്‍ ബയേണിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 81-ാം മിനിറ്റിലാണ് മുസൈല ഗോള്‍ നേടിയത്.
കഴിഞ്ഞ മാസം നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് സ്പാനിഷ് ടീമായ ബാഴ്സലോണയെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ പാരീസ് സെന്റ് ജര്മന്സിനെയും കീഴടക്കി ബയേണ്‍ ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: