ന്യൂദല്‍ഹി : ലഡാക്കിലെ പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്തത മുതലെടുക്കാനുള്ള ശ്രമമാണ് ചൈനയുടേതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിയന്ത്രണ രേഖയ്ക്ക് അടുത്തായി സേനാ വിന്യാസം തുടരുകയാണ്. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ ഇപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിഷയം ഇപ്പോഴും സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. നിരന്തരം ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തി സംബന്ധിച്ച കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖ എന്നതില്‍ ലഡാക്കിലെ പല പ്രദേശങ്ങളിലും ഉള്ള അവ്യക്തത മുതലെടുക്കാനാണ് ചൈന കാലങ്ങളായി ശ്രമിക്കുന്നതെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
രണ്ട് രാജ്യങ്ങളും പരസ്പരം അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ വളരെ ക്ഷമയോടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. എന്നാല്‍ ഇതിനിടെ ഇന്ത്യ പരമ്പരാഗതമായി കാക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മാറില്ല. അവിടേയ്ക്ക് നിലയുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളാണ് തുടര്‍ച്ചയായി ഇന്ത്യന്‍ സേന തടഞ്ഞത്. ചൈനീസ് പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കുന്നുണ്ട്.
പാങ്ങോങ്, ഗോഗ്ര മേഖലകളില്‍ ചൈന വന്‍ സേന വിന്യാസം തുടരുകയാണ്. എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്കി. എന്തും നേരിടാന്‍ ഇന്ത്യ തയ്യാറാണ്. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തെ ആരും സംശയിക്കേണ്ടെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു. ‘
അതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള ഒരു ധാരണയും ഇന്ത്യ തെറ്റിച്ചിട്ടില്ല. എന്നാല്‍ 2003 മുതല്‍ ചൈന ഒരു തരത്തിലുള്ള അന്താരാഷ്ട്ര കരാറുകളും പാലിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രസംഗത്തിനിടെ ഗല്‍വാന്‍ താഴ്വരയിലെ ജൂണ്‍ 15ന്റെ സംഘര്‍ഷത്തില്‍ വീരബലിദാനികളായ സൈനികരേയും പ്രതിരോധ മന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: