ജോസ് കെ. മാണിയും പാര്‍ട്ടിയും ഇടത് മുന്നണിയിലേക്കെന്ന് തീര്‍ച്ചയായി. എംപി സ്ഥാനം രാജിനല്‍കി വേണോ അതല്ല, എംപിയായിത്തന്നെ ഇടതുസഭാപ്രവേശം നടക്കുമോ എന്നേ അറിയാനുള്ളു. യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു എന്ന് കരുതി ജോസ്‌മോന്‍ തെരുവിലാകില്ലെന്ന ഉറപ്പ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിന് ശേഷം പറഞ്ഞത് രണ്ട് ദിവസം മുന്‍പാണ്. അതിനുമുന്‍പ് തന്നെ ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് നല്ല ശക്തിയുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. പക്ഷെ സിപിഐക്ക് അതത്ര പിടിച്ചില്ല.
കടലിന്റെ ഭാഗമായി നില്‍ക്കുന്ന വെള്ളത്തിനേ തിരയുണ്ടാകൂ. ആ വെള്ളം ബക്കറ്റിലെത്തിയാല്‍ അതിന് തിരകാണില്ലെന്ന് സിപിഎം നിലപാടിനെ വിമര്‍ശിച്ച് സിപിഐ പ്രതികരിച്ചിരുന്നു. പുതിയ നീക്കത്തെക്കുറിച്ച് സിപിഐ മിണ്ടിയിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കുംവേണം അധികാരം എന്ന മട്ടിലായി സിപിഐ. കാനം രാജേന്ദ്രന്റെ അണ്ണാക്കില്‍ സിപിഎം ഏത്തപ്പഴം തിരുകി എന്ന് പറഞ്ഞാല്‍ മതിയല്ലൊ.
അവസാന നിമിഷംവരെയും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടായിരുന്നു. ‘അവന്‍വരും വരാതിരിക്കില്ലെന്ന്.’ പക്ഷെ മുന്നണിയുടെ ഭാഗമായി ജോസ്‌മോന്‍ ഉണ്ടാകുമെന്ന എല്ലാ പ്രതീക്ഷയും അറ്റു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടപെടാന്‍ പികെ കുഞ്ഞാലിക്കുട്ടിയെ ഒരുക്കിനിര്‍ത്തിയതാണ്. പക്ഷെ ഇടംകാലുകൊണ്ട് കുട്ടിയെ ജോസ് തട്ടിയിട്ടു എന്നുവേണം അനുമാനിക്കാന്‍.
ജോസ് കെ. മാണി വിഭാഗത്തെ ഒഴിവാക്കിയാണ് പി.ജെ. ജോസഫിന് കുട്ടനാട് സീറ്റ് അനുവദിച്ച് നല്‍കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചത്.
ചവറയില്‍ മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ സ്ഥാനാര്‍ത്ഥിയാകും. കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നല്‍കാനും മുന്നണിയോഗത്തില്‍ ധാരണയായി. കുട്ടനാട്ടില്‍ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി.
രണ്ട് മണ്ഡലങ്ങളിലും അനുകൂലമായ രാഷ്‌ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളതെന്ന് യുഡിഎഫ് വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചത്രെ.
ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയതോടെയാണ് കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ പിജെ ജോസഫിന് മുന്നില്‍ കടമ്പകള്‍ ഇല്ലാതായത്. ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്ന് കണ്‍വീനര്‍ അടക്കമുള്ളവര്‍ മുന്നണിയോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും പിജെ ജോസഫിനെ പിണക്കാതെ ഒപ്പം നിര്‍ത്താമെന്ന പൊതുധാരണയ്‌ക്കായിരുന്നു മുന്‍തൂക്കം. ചവറയിലാകട്ടെ ഷിബു ബേബിജോണിന് അപ്പുറമൊരു സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടക്കം മുതല്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കി, യുഡിഎഫുമായി അകന്നു നില്‍ക്കുന്ന ജോസ് കെ.മാണിയെ യോഗത്തിലേക്കുവിളിച്ചില്ല. യുഡിഎഫ് നല്‍കിയ രാജ്യസഭാ എംപിസ്ഥാനം ജോസ്.കെ.മാണി രാജിവയ്‌ക്കണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും യുഡിഎഫ് യോഗത്തിലേക്കു വിളിക്കേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. ഇനി ജോസ് വിഭാഗവുമായി ചര്‍ച്ചയില്ല. അവര്‍ക്കു ചര്‍ച്ചയ്‌ക്ക് താല്‍പര്യമുണ്ടെങ്കില്‍ നോക്കാമെന്നും ചെന്നിത്തല പറഞ്ഞു.
ജോസ് വിഭാഗത്തെ യുഡിഎഫിന്റെ അവിഭാജ്യ ഘടകമായാണ് കരുതിയിരുന്നതെന്നു ചെന്നിത്തല പറഞ്ഞു. അവരുടെ പാര്‍ട്ടിയിലെ ഭിന്നതയ്‌ക്കിടയില്‍ ഒന്നിച്ചു കൊണ്ടുപോകാനാണ് യുഡിഎഫ് ശ്രമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനായി മാറികൊടുക്കണമെന്ന ധാരണ ജോസ് വിഭാഗം പാലിച്ചില്ല. എന്നിട്ടും തിരക്കിട്ട് തീരുമാനമെടുക്കാതെ രണ്ടുകൂട്ടരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ 4 മാസത്തോളം യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്തു. എന്നാല്‍, മുന്നണിയെ മാനിക്കാത്ത തീരുമാനങ്ങള്‍ ജോസ് വിഭാഗം എടുത്തു.
നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങാതെ വന്നതോടെയാണ് മുന്നണിയോഗത്തില്‍നിന്ന് മാറ്റിയത്. യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുക്കുകയാണെന്നു പ്രഖ്യാപിച്ചപ്പോഴും അച്ചടക്ക നടപടിയെടുക്കാതെ തിരികെയെത്തിക്കാന്‍ ചര്‍ച്ച തുടങ്ങി. എന്നാല്‍, യുഡിഎഫിനെ വഞ്ചിക്കുന്ന നിലപാടുമായി അവര്‍ മുന്നോട്ടുപോയി എന്നാണ് വിലയിരുത്തല്‍. യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയെ എങ്ങനെ മുന്നണിയില്‍ നിലനിര്‍ത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ജോസ് വിഭാഗത്തിനാണ്. കെ.എം.മാണി ഉണ്ടായിരുന്നെങ്കില്‍ ഇത്തരം അപക്വമായ നിലപാട് എടുക്കുമായിരുന്നില്ലെന്നും ചെന്നിത്തല പറയുന്നു.
കെഎം മാണിയെ ഇടതുമുന്നണിയിലെത്തിക്കാന്‍ സിപിഎം നന്നായി പരിശ്രമിച്ചതാണ്. പക്ഷെ മാണി കെണിയില്‍ വീണില്ല. പകരം ഇതാ മകന്‍ ജോസ് ഏതാണ്ട് ഉറപ്പിച്ചു. ചന്തുമേനോന്റെ കഥപോലെ ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതുകൊണ്ട് സിപിഎം തൃപ്തിപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: